Connect with us

Gulf

രാജ്യത്ത് അര്‍ബുദ രോഗികള്‍ 25 ശതമാനം വര്‍ധിച്ചു

Published

|

Last Updated

മസ്‌കത്ത്: രാജ്യത്ത് അര്‍ബുദ രോഗികള്‍ 25 ശതമാനം വര്‍ധിച്ചതായി ആരോഗ്യ മന്ത്രാലയം റിപ്പോര്‍ട്ട്. 201ല്‍ റജിസ്റ്റര്‍ ചെയ്ത രോഗികളുടെ കണക്ക് അനുസരിച്ചാണ് വര്‍ധന. കഴിഞ്ഞ ദിവസം പുറത്ത് വിട്ട നാഷനല്‍ ഓണ്‍കോളജി സെന്ററിന്റെയും ആരോഗ്യ മ്രന്താലയത്തിന്റെയും സംയുക്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2011ല്‍ രാജ്യത്ത് റജിസ്റ്റര്‍ ചെയ്ത അര്‍ബുദ രോഗികള്‍ 1,289 ആണ്. ഇതില്‍ 1,187 പേര്‍ സ്വദേശികളാണ്. 102 പേര്‍ വിദേശികളുമാണ്.
വര്‍ഷം കഴിയും തോറും അര്‍ബുദ രോഗികള്‍ വര്‍ധിക്കുന്നതായി കണ്ടെത്തിയിട്ടുണ്ടെന്ന് നാഷനല്‍ ഓങ്കോളജി സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. സാഹിദ് മന്ദരി പറഞ്ഞു. അര്‍ബുദത്തെ കുറിച്ച് പഠനങ്ങള്‍ നടക്കുമ്പോഴും രോഗികളുടെ എണ്ണം കുറക്കാന്‍ സാധിക്കുന്നില്ല. 1999ലാണ് രാജ്യത്തെ അര്‍ബുദ രോഗികളെ കുറിച്ച് പഠനം ആരംഭിച്ചത്. വിവിധ രോഗികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചു. അര്‍ബുദത്തിന് പ്രായവുമായി ബന്ധമുണ്ടെന്നും സാഹിദ് മന്ദരി പറഞ്ഞു. ആരോഗ്യ മേഖലയില്‍ വളര്‍ച്ചയുണ്ടാകുന്നുണ്ട്. രാജ്യത്തെ ജനങ്ങളുടെ ആയുസ് 70ല്‍ കൂടുതലാണ്. എന്നാല്‍ ഇതോടൊപ്പം അര്‍ബുദ രോഗികളും വര്‍ധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. റജിസ്റ്റര്‍ ചെയ്ത 1,187 രോഗികളില്‍ 594 പേരും(50.1 ശതമാനം) പുരുഷന്‍മാരാണ്. 593 (49.9 ശതമാനം) പേര്‍ സ്ത്രീകളുമാണ്. 87 കുട്ടികളിലാണ് അര്‍ബുദം കണ്ടെത്തിയത്. ഇവരില്‍ കൂടുതല്‍ പേരും 14 വയസ്സില്‍ താഴെയുള്ളവരാണ്. സ്തനാര്‍ബുദം, കോശങ്ങളില്‍ പിടിപെടുന്ന അര്‍ബുദം, രക്താര്‍ബുദം, മലാശയ അര്‍ബുദം, തൈറോയ്ഡ് അര്‍ബുദം തുടങ്ങിയവയാണ് കൂടുതല്‍. വയറ്റിലാണ് പുരുഷന്‍മാര്‍ക്ക് കൂടുതലായും അര്‍ബുദം ബാധിക്കുന്നത്. സ്തനാര്‍ബുദം, രക്താര്‍ബുദം, മലാശയ അര്‍ബുദം തുടങ്ങിയവയാണ് സ്ത്രീകളില്‍ കൂടുതലായും കണ്ടു വരുന്നത്. ദോഫാര്‍ ഗവര്‍ണറേറ്റിലാണ് കൂടുതല്‍ അര്‍ബുദ രോഗികള്‍ റജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് മസ്‌കത്ത്, മുസന്ദം, സൗത്ത് ബാതിന, സൗത്ത് ശര്‍ഖിയ, ദാഖിലിയ, അല്‍ വുസ്ത, നോര്‍ത്ത് ശര്‍ഖിയ എന്നീ ഗവര്‍ണറേറ്റുകളിലാണ് കൂടുതല്‍ രോഗികള്‍.
ഒമാന്‍ കാന്‍സര്‍ അസോസിയേഷന്റെ കീഴില്‍ ബോധവത്കരണങ്ങളും പ്രതിരോധ നടപടികളും വ്യാപകമായി നടപ്പിലാക്കി വരുന്നുണ്ട്. 50 ശതമാനം രോഗികള്‍ക്ക് മാത്രമാണ് ശരിയായ ചികിത്സ രാജ്യത്ത് ലഭ്യമാകുന്നുള്ളൂവെന്ന് സാഹിദ് മന്ദരി പറഞ്ഞു. ജീവിത രീതികളും സാഹചര്യങ്ങളും അര്‍ബുദ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ആല്‍കഹോള്‍, പുകയില ഉപയോഗം അര്‍ബുദത്തിന് കാരണമാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

---- facebook comment plugin here -----

Latest