Connect with us

Kozhikode

കേര കര്‍ഷകര്‍ വനം വകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി

Published

|

Last Updated

താമരശ്ശേരി: കാട്ടുകുരങ്ങന്‍മാരുടെ അക്രമത്തില്‍ നിന്ന് മോചനമാവശ്യപ്പെട്ട് നാട്ടുകാര്‍ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. കട്ടിപ്പാറ പഞ്ചായത്തിലെ നാളികേര കര്‍ഷകരാണ് മൂന്ന് വര്‍ഷമായി തുടരുന്ന വാനര ശല്യത്തിന് അറുതി വേണമെന്നാവശ്യപ്പെട്ട് വനം വകുപ്പ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയത്. കട്ടിപ്പാറ പഞ്ചായത്തിലെ കല്ലുള്ളതോട്, ചെമ്പുംകര, ചീടിക്കുഴി പ്രദേശങ്ങളിലാണ് വാനരന്‍മാര്‍ കൂട്ടത്തോടെയെത്തി കൃഷി നശിപ്പിക്കുന്നത്.
വാനരപ്പട നശിപ്പിച്ച ഇളനീരിന്റെയും കരിക്കിന്റെയും അവശിഷ്ടങ്ങളുമായി താമരശ്ശേരി മിനിസിവില്‍ സ്റ്റേഷന്‍ പരിസരത്തു നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ ഡെപ്യൂട്ടി ഫോറസ്റ്റ് റെയിഞ്ച് ഓഫീസര്‍ക്ക് നിവേതനം നല്‍കി. വാനര ശല്യം നേരിടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കുമെന്നും കൂടുകള്‍ സ്ഥാപിച്ച് കുരങ്ങന്‍മാരെ പിടികൂടുമെന്നും അധികൃതര്‍ ഉറപ്പു നല്‍കി.
താമരശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ അരവിന്ദന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് താര അബ്ദുര്‍റഹ്മാന്‍ ഹാജി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ഷാഹിം ഹാജി, ഷൈജ ഉണ്ണി, അഡ്വ. ബിജു കണ്ണന്തറ, വിവിധ സംഘടനാ പ്രതിനിധികളായ കെ ആര്‍ രാജന്‍, ബാബു കുരുശിങ്കല്‍, നിധീഷ് കല്ലുള്ളതോട്, സലീം പുല്ലടി പ്രസംഗിച്ചു.

Latest