Connect with us

Malappuram

കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് അകന്നു: ലീഗ്‌

Published

|

Last Updated

മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളെ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ രണ്ടാഴ്ചക്കകം പ്രഖ്യാപിക്കും. ഞായറാഴ്ച മലപ്പുറത്ത് ചേര്‍ന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി യോഗത്തിലാണ് തീരുമാനം. മലപ്പുറം മണ്ഡലത്തില്‍ ഇ അഹമ്മദിനെ മത്സരിപ്പിക്കേണ്ടതില്ലെന്ന് അഭിപ്രായമുയര്‍ന്നെങ്കിലും സീനിയര്‍ നേതാവെന്ന നിലയില്‍ ഒരു അവസരം കൂടി നല്‍കാമെന്ന പൊതു നിലാപാടിലെത്തുകയായിരുന്നു.

പ്രായാധിക്യം കാരണം സ്വന്തം മണ്ഡലത്തില്‍ അദ്ദേഹത്തിന് എത്താനാകുന്നില്ലെന്നും എം പി ഫണ്ട് ചെലവഴിക്കുന്നില്ലെന്നുമാണ് അഹമ്മദിനെതിരെയുള്ള പരാതികള്‍. സംസ്ഥാന സര്‍ക്കാറിന്റെ ഭരണനേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടി വോട്ടു ചോദിക്കാനാണ് തീരുമാനം. പാചകവാതക വര്‍ധനകൊണ്ട് പൊറുതി മുട്ടുകയാണ് ജനം. വിലക്കയറ്റവും പിടിച്ചു നിര്‍ത്താനായില്ല. യു പി എ സര്‍ക്കാര്‍ സാധാരണക്കാരില്‍ നിന്ന് അകന്നുപോയി എന്ന വികാരം മുസ്‌ലിം ലീഗിനുമുണ്ട്. പ്രാദേശിക വികാരവും ഇതാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ മേന്മകള്‍ പറഞ്ഞ് വോട്ട് ചോദിക്കുന്നതില്‍ അര്‍ഥവുമില്ല. അതിനാല്‍ സംസ്ഥാനത്തെ യു ഡി എഫ് സര്‍ക്കാറിന്റെ മേന്‍മകള്‍ മാത്രം ഉയര്‍ത്തിക്കാട്ടി വോട്ട് ചോദിച്ചാല്‍ മതിയെന്നാണ് ലീഗ് തീരുമാനം. ലീഗ് മത്സരിക്കുന്ന രണ്ട് മണ്ഡല പരിധിയിലെയും ഭൂരിപക്ഷം എം എല്‍ എമാരും ലീഗുകാരാണ്. ഈ മണ്ഡലങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരമാവധി വികസന പദ്ധതികള്‍ എത്തിക്കുന്നുണ്ടെന്നാണ് പര്‍ട്ടിയുടെ വിലയിരുത്തല്‍. ലോക്‌സഭാ തിരഞ്ഞെടുപ്പിനൊരുങ്ങുന്നതിന്റെ ഭാഗമായി മുഴുവന്‍ ജില്ലകളിലും വാഹനപ്രചാരണ ജാഥകള്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ക്ക് യോഗം രൂപം നല്‍കി.
പോഷക സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി അടുത്തമാസം രണ്ടിന് കോഴിക്കോട് മുസ്‌ലിം ലീഗിന്റെ മുഴുവന്‍ പോഷക സംഘടനകളുടെയും പ്രത്യേക കണ്‍വെന്‍ഷന്‍ നടത്തും. ദലിത് ലീഗിന്റെ പ്രവര്‍ത്തനം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനായി അടുത്ത മാസം അവസാനത്തില്‍ ദളിത് ലീഗ് സമ്പൂര്‍ണ കണ്‍വെന്‍ഷനും നടത്തും. തിരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗ് മത്സരിക്കുന്ന മണ്ഡലങ്ങളും സ്ഥാനാര്‍ഥികളെയും സംബന്ധിച്ച ആവശ്യമായ തീരുമാനമെടുക്കാന്‍ സംസ്ഥാന പ്രസിഡന്റ്‌സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളെ യോഗം ചുമതലപ്പെടുത്തി. നിയമസഭാ മണ്ഡല തലങ്ങളിലും സമാന രീതിയില്‍ കണ്‍വെന്‍ഷനുകള്‍ ചേരും. പഞ്ചായത്ത്, ബൂത്ത്തലങ്ങളിലും എത്രയും വേഗം തിരഞ്ഞെടുപ്പ് കമ്മിറ്റികള്‍ രൂപവത്കരിക്കാനും യോഗം തീരുമാനിച്ചു.
യു ഡി ഫിന് അനുകൂലമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. മുന്നണിയിലെ പ്രശ്‌നങ്ങള്‍ ഏറെക്കുറെ ഇപ്പോള്‍തന്നെ പരിഹരിച്ചിട്ടുണ്ട്. ഈ മാസം 30 ന് ചേരുന്ന യോഗത്തോടു കൂടി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളിലേക്ക് യു ഡി എഫ് ഔദ്യോഗികമായി തന്നെ പ്രവേശിക്കും. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മുന്നണിയോഗത്തില്‍ ചര്‍ച്ച ചെയ്യുമെന്നും നേതാക്കള്‍ പറഞ്ഞു.
പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ആനുകാലിക രാഷ്ട്രീയ വിഷയങ്ങള്‍ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി വിശദീകരിച്ചു. ദേശീയ സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീര്‍ എം പി ചര്‍ച്ചകള്‍ക്ക് മറുപടി നല്‍കി.

Latest