Connect with us

Kozhikode

പള്‍സ് പോളിയോ: ജില്ലയില്‍ 2269 ബൂത്തുകള്‍

Published

|

Last Updated

കോഴിക്കോട്: ജില്ലയിലെ പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടി നാളെയും അടുത്ത മാസം 23 നുമായി നടക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. പി കെ മോഹനന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. അഞ്ച് വയസ്സിന് താഴെയുള്ള 2,51,316 കുട്ടികള്‍ക്കാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്. പ്രത്യേകം സജ്ജീകരിക്കുന്ന 2269 പള്‍സ് പോളിയോ ബൂത്തുകളിലൂടെയാണ് പോളിയോ നല്‍കുന്നത്. ഇതിനായി 56 ട്രാന്‍സിറ്റ് പോയിന്റുകളും മൂന്ന് മേള ബസാറുകളും 103 മൊബൈല്‍ ടീമുകളും സജ്ജീകരിച്ചിട്ടുണ്ട്. 5050 വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകര്‍, അങ്കണ്‍വാടി പ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍, സന്നദ്ധസംഘടനാ പ്രവര്‍ത്തകര്‍ എന്നിവരെയാണ് വളണ്ടിയര്‍മാരായി നിശ്ചയിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. 362 സൂപ്പര്‍വൈസര്‍മാരെ പഞ്ചായത്ത് തലത്തില്‍ ഇതിനായി നിയോഗിച്ചിട്ടുണ്ട്. കൂടാതെ പരിപാടി അവലോകനം ചെയ്യുന്നതിനായി രണ്ട് സംസ്ഥാനതല നിരീക്ഷകരെയും ജില്ലയിലേക്ക് നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍- സ്വകാര്യ ആശുപത്രികള്‍, ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണ്‍വാടികള്‍, ബസ്സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, പ്രത്യേകം സജ്ജമാക്കിയ ബൂത്തുകള്‍ തുടങ്ങിയവയിലൂടെയാണ് പോളിയോ തുള്ളിമരുന്ന് നല്‍കുന്നത്.
പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം രാമനാട്ടുകര ബസ്സ് സ്റ്റാന്‍ഡില്‍ എം കെ രാഘവന്‍ എം പി നിര്‍വഹിക്കും. ബേപ്പൂര്‍ നിയോജക മണ്ഡലം എം എല്‍ എ എളമരം കരീം അധ്യക്ഷനും സിനിമാ താരം സനുഷ മുഖ്യാതിഥിയുമായിരിക്കും. റോട്ടറി പ്രസ്ഥാനമാണ് ഇത്തവണയും മുഴുവന്‍ മരുന്നുകളും സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ആര്‍ സി എച്ച് ഓഫീസര്‍ ആശാദേവി, റോട്ടറി പ്രതിനിധി സി എം അബൂബക്കര്‍, ഡെപ്യൂട്ടി ഡി എം ഒ. കെ ഇബ്‌റാഹിം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

Latest