Connect with us

Eranakulam

എല്‍ എന്‍ ജി വിതരണം നിലച്ചത് പെട്രോനെറ്റിന് തിരിച്ചടിയാകുന്നു

Published

|

Last Updated

കൊച്ചി: പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ് പുതുവൈപ്പിലെ എല്‍ എന്‍ ജി ടെര്‍മിനല്‍ രാഷ്ട്രത്തിന് സമര്‍പ്പിച്ചതിന് പിന്നാലെ കൊച്ചിയിലെ എല്‍ എന്‍ ജി വിതരണം പ്രതിസന്ധിയിലായത് പെട്രോനെറ്റിന് കനത്ത തിരിച്ചടിയാകുന്നു. എല്‍ എന്‍ ജി വാങ്ങുന്നത് എഫ് എ സി ടി നിര്‍ത്തിയതോടെ ഭീമമായ പ്രവര്‍ത്തന ചെലവ് താങ്ങാന്‍ കഴിയാതെ എല്‍ എന്‍ ജി ടെര്‍മിനലിന്റെ പ്രവര്‍ത്തനവും അവതാളത്തിലേക്ക് നീങ്ങുകയാണ്.
4,500 കോടി ചെലവില്‍ നിര്‍മിച്ച പെട്രോനെറ്റ് എല്‍ എന്‍ ജി ടെര്‍മിനല്‍ പൊതു മേഖലയില്‍ അടുത്ത കാലത്ത് കേരളത്തില്‍ വന്ന ഏറ്റവും വലിയ നിക്ഷേപ പദ്ധതിയാണ്. മംഗലാപുരം വരെയുള്ള പൈപ്പ് ലൈന്‍ സ്ഥാപിക്കല്‍ അനിശ്ചിതത്വത്തിലായ സാഹചര്യത്തില്‍ ടെര്‍മിനലിന്റെ ശേഷിയുടെ അഞ്ച് ശതമാനം മാത്രമാണ് ഇപ്പോള്‍ വിനിയോഗിക്കുന്നത്. ടെര്‍മിനലിന്റെ ഭീമമായ പ്രവര്‍ത്തന ചെലവിന് ആനുപാതികമായ വരുമാനം കൊച്ചിയിലെ ഏതാനും കമ്പനികള്‍ക്ക് എല്‍ എന്‍ ജി നല്‍കുന്നതിലൂടെ പെട്രോനെറ്റിന് ലഭിക്കുന്നില്ല. ഇതിനിടയിലാണ് മുഖ്യ ഉപഭോക്താവായ ഫാക്ട് എല്‍ എന്‍ ജി വാങ്ങുന്നത് നിര്‍ത്തിയിരിക്കുന്നത്. നിലവില്‍ പെട്രോനെറ്റ് വാങ്ങുന്ന എല്‍ എന്‍ ജിയുടെ പകുതിയും ഉപയോഗിച്ചിരുന്നത് ഫാക്ടാണ്. ഫാക്ട് എല്‍ എന്‍ ജി വാങ്ങാതായതോടെ പുതുവൈപ്പ് ടെര്‍മിനലിന്റെ ശേഷിയുടെ രണ്ടര ശതമാനം മാത്രമാണ് ഇനി ഉപയോഗിക്കാന്‍ കഴിയുക.
എല്‍ എന്‍ ജിയുടെ വിലയില്‍ അടിക്കടിയുണ്ടാകുന്ന വര്‍ധനയാണ് ഫാക്ട് പോലുള്ള സ്ഥാപനങ്ങളെ എല്‍ എന്‍ ജി ഉപഭോഗത്തില്‍ നിന്ന് പിന്തിരിപ്പിക്കുന്നത്. 19.5 ഡോളറായിരുന്നു ഒരു എം എം ബി ടി യുവിന് (1 മില്യണ്‍ മെട്രിക് ബ്രിട്ടീഷ് യൂനിറ്റ്) ഫാക്ട് നല്‍കിയിരുന്നത്. രണ്ടാമത്തെ കപ്പലെത്തിയപ്പോള്‍ വില 21.5 ഡോളറായി. മൂന്നാമത്തെ കപ്പലെത്തുമ്പോള്‍ 24.5 ഡോളര്‍ നല്‍കണമെന്ന് അറിയിച്ചതോടെയാണ് ഫാക്ട് എല്‍ എന്‍ ജി ഉപയോഗിക്കുന്നത് നിര്‍ത്തുകയും അമോണിയ ഉത്പാദനം നിര്‍ത്തിവെക്കുകയും ചെയ്തത്.
ദീര്‍ഘകാല കരാറിന്റെ അടിസ്ഥാനത്തില്‍ എല്‍ എന്‍ ജി ഫുള്‍ കാര്‍ഗോ ആയി വാങ്ങാന്‍ കഴിയാത്തതാണ് വിലയിലെ വലിയ അന്തരത്തിന് കാരണമാകുന്നത്. ഖത്തര്‍ കമ്പനിയുമായി പെട്രോനെറ്റിന് ദീര്‍ഘകാല കരാറുണ്ടെങ്കിലും കൊച്ചിയില്‍ ഉപഭോഗം വളരെ കുറവായതിനാല്‍ താത്കാലികാടിസ്ഥാനത്തില്‍ പാര്‍ട്ട് കാര്‍ഗോയാണ് വാങ്ങുന്നത്. ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകണമെങ്കില്‍ കൊച്ചിയിലെയും പരിസരത്തെയും എല്‍ എന്‍ ജി ഉപയോഗം വര്‍ധിക്കുകയും ദീര്‍ഘകാല കരാറുണ്ടാക്കാന്‍ ഫാക്ട് പോലുള്ള കമ്പനികള്‍ തയ്യാറാകുകയും ചെയ്യേണ്ടതുണ്ടെന്നാണ് പെട്രോനെറ്റ് വൃത്തങ്ങള്‍ പറയുന്നത്. മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് എല്‍ എന്‍ ജിക്ക് വില കുറവായിരുന്നിട്ടും എല്‍ എന്‍ ജിയിലേക്ക് മാറാന്‍ സര്‍ക്കാര്‍ മേഖലയിലും സ്വകാര്യമേഖലയിലുമുള്ള സ്ഥാപനങ്ങള്‍ ഇപ്പോഴും മടിച്ചു നില്‍ക്കുകയാണ്. ഈ സ്ഥിതി മാറാന്‍ സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ ഉണ്ടാകേണ്ടതുണ്ട്.
ഫാക്്ട പ്രവര്‍ത്തനം നിര്‍ത്തിവെക്കേണ്ടിവന്ന വിഷയത്തില്‍ തങ്ങളുടെ ഭാഗത്ത് നിന്ന് തെറ്റായ ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് പെട്രോനെറ്റ് ഔദ്യോഗിക വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഫാക്ടിന് പെട്രോനെറ്റ് നേരിട്ടല്ല എല്‍ എന്‍ ജി നല്‍കുന്നത്. ബി പി സി എല്ലും ഗെയിലും ഐ ഒ സിയും പോലുള്ള എണ്ണ കമ്പനികളില്‍ നിന്നാണ് ഫാക്ട് എല്‍ എന്‍ ജി വാങ്ങുന്നത്. പെട്രോനെറ്റ് എല്‍ എന്‍ ജി അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ നിന്ന് വാങ്ങി കൊച്ചിയിലെത്തിച്ച് സംഭരണികളില്‍ റീ ഗാസിഫൈ ചെയ്ത് എണ്ണ കമ്പനികള്‍ക്ക് വില്‍ക്കുകയാണ് ചെയ്യുന്നത്. അന്താരാഷ്ട്ര മാര്‍ക്കറ്റിലെ വിലയില്‍ വാങ്ങുന്ന എല്‍ എന്‍ ജിയുടെ വിലയില്‍ ഒരു വര്‍ധനയും വരുത്താതെയാണ് പെട്രോനെറ്റ് എണ്ണ കമ്പനികള്‍ക്ക് നല്‍കുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.
14 യു എസ് ഡോളര്‍ നിരക്കിലാണ് ആദ്യത്തെ കാര്‍ഗോ വാങ്ങിയതെങ്കില്‍ രണ്ടാമത്തെ കാര്‍ഗോ വാങ്ങിയത് 15.75 ഡോളറിനാണ്. ഇതാണ് വിലയില്‍ അന്തരമുണ്ടാകാന്‍ കാരണം. എന്നാല്‍ ആദ്യം നല്‍കിയ നിരക്കില്‍ പോലും എല്‍ എന്‍ ജി തുടര്‍ന്ന് വാങ്ങാന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു ഫാക്ട്. പറഞ്ഞ സമയത്ത് എല്‍ എന്‍ ജിയുടെ വില നല്‍കാന്‍ ഫാക്ടിന് കഴിഞ്ഞില്ല. എന്നിട്ടും ഫാക്ടിന് എല്‍ എന്‍ ജി നല്‍കുന്നത് നിര്‍ത്താന്‍ എണ്ണ കമ്പനികള്‍ ഒരുങ്ങിയില്ലെന്നും സാങ്കേതിക കാരണങ്ങളാല്‍ ഫാക്ട് പ്ലാന്റിന്റെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ മാത്രമാണ് അവര്‍ക്ക് എല്‍ എന്‍ ജി നല്‍കുന്നത് നിര്‍ത്തിയതെന്നും പെട്രോനെറ്റ് പറയുന്നു.
എല്‍ എന്‍ ജിയുടെ വില അന്താരാഷ്ട്ര വിപണിയില്‍ വ്യതിചലിച്ചുകൊണ്ടിരിക്കുമെന്നും ദീര്‍ഘകാല കരാര്‍ ഉണ്ടാക്കിയാല്‍ മാത്രമാണ് മെച്ചപ്പെട്ട നിരക്കില്‍ എല്‍ എന്‍ ജി വിതരണം ചെയ്യാന്‍ കഴിയുകയെന്നും എണ്ണ കമ്പനികള്‍ വഴി പെട്രോനെറ്റ് ഫാക്ടിനെ അറിയിച്ചെങ്കിലും അതിന് പ്രതികരണം ഉണ്ടായില്ല. നാഫ്തയേക്കാള്‍ എല്‍ എന്‍ ജിക്ക് വില കുറവാണെങ്കിലും ഫാക്ടിന് നാഫ്ത സബ്‌സിഡി നിരക്കില്‍ ലഭിച്ചുകൊണ്ടിരുന്നതിനാല്‍ എല്‍ എന്‍ ജി ലാഭകരമല്ലാത്ത സ്ഥിതിയാണ്.
എന്നാല്‍ കൊച്ചിന്‍ റിഫൈനറി പോലുള്ള ഉപഭോക്താക്കള്‍ക്ക് എല്‍ എന്‍ ജിയുടെ വില വര്‍ധിച്ചത് പ്രശ്‌നമാകുന്നില്ല. ഫാക്ട് എല്‍ എന്‍ ജി ഉപയോഗം നിര്‍ത്തിയെങ്കിലും മറ്റ് കമ്പനികള്‍ക്ക് എല്‍ എന്‍ ജി തുടര്‍ന്നും തടസ്സം കൂടാതെ നല്‍കുമെന്ന് പെട്രോനെറ്റ് വൃത്തങ്ങള്‍ വ്യക്തമാക്കി.

 

---- facebook comment plugin here -----

Latest