Connect with us

Kozhikode

വിമാന സര്‍വീസ് മുന്നറിയിപ്പില്ലാതെ നിര്‍ത്തി; യാത്രക്കാര്‍ വലഞ്ഞു

Published

|

Last Updated

കോഴിക്കോട്: കരിപ്പൂരില്‍ നിന്ന് റാസല്‍ഖൈമയിലേക്കുള്ള റാക്ക് എയര്‍വേയ്‌സ് വിമാനം മുന്നറിയിപ്പില്ലാതെ സര്‍വീസ് നിര്‍ത്തലാക്കിയത് ഉംറ തീര്‍ഥാടകരടക്കമുള്ള യാത്രക്കാരെ വലച്ചു. ഡിസംബര്‍ അവസാന വാരം ഉംറക്ക് പോയ 500ലധികം പേരാണ് തിരിച്ചുവരാനാകാതെ കുടുങ്ങിയത്.
റാക്ക് എയര്‍വേയ്‌സിന് ഇന്ത്യയില്‍ നിന്നുള്ള ഏക സര്‍വീസായിരുന്നു കരിപ്പൂരില്‍ നിന്നുള്ളത്. ഉംറക്കുള്ളവരെ കോഴിക്കോട് നിന്ന് റാസല്‍ഖൈമയിലെത്തിച്ച ശേഷം ഇവിടെ നിന്ന് മറ്റൊരു വിമാനത്തില്‍ ജിദ്ദയില്‍ എത്തിക്കുകയായിരുന്നു ഇവര്‍ ചെയ്തത്. വരും മാസങ്ങളില്‍ റാക്ക് എയര്‍വേയ്‌സില്‍ ഉംറ ബുക്ക് ചെയ്ത 10,000ത്തോളം യാത്രക്കാരും അവധിക്ക് നാട്ടിലെത്തി തിരച്ചുപോകാനുള്ള യാത്രക്കാരും സര്‍വീസ് നിര്‍ത്തിയതോടെ വെട്ടിലായിരിക്കുകയാണ്.
ജനുവരി, ഫെബ്രുവരി മാസത്തിലെ മടക്കയാത്രക്കാരില്‍ നിന്ന് വിമാന കമ്പനി പണം വാങ്ങി ടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതിനുവേണ്ട ബദല്‍ സംവിധാനം നടപ്പാക്കാതെയാണ് പെട്ടെന്ന് സര്‍വീസ് നിര്‍ത്തിയത്. ഇതോടെ ടിക്കറ്റ് ബുക്ക് ചെയ്തവരുടെ മടക്കയാത്രകളെല്ലാം അനിശ്ചിതത്വത്തിലായി. വ്യോമയാന മന്ത്രിയെ ബന്ധപ്പെട്ടപ്പോള്‍ സര്‍വീസ് നിര്‍ത്തിയതിനെക്കുറിച്ച് വിവരം കിട്ടിയിട്ടില്ലെന്നാണ് പറഞ്ഞത്. അയാട്ട മലബാര്‍ മേഖലാ കമ്മിറ്റി ഇതു സംബന്ധിച്ച് കേന്ദ്ര മന്ത്രിമാര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. ഇവര്‍ ഇടപെട്ടാല്‍ മാത്രമേ ഉംറക്ക് പോയി കുടുങ്ങിയിരിക്കുന്ന തീര്‍ഥാടകര്‍ക്ക് തിരിച്ചുവരാനാകുകയുള്ളൂവെന്ന് എയര്‍ ട്രാവല്‍ എന്റര്‍പ്രൈസസ് ഇന്ത്യ ജനറല്‍ മാനേജര്‍ മുബഷീര്‍ പറഞ്ഞു.
രണ്ട് മാസങ്ങള്‍ക്ക് മുമ്പേ സര്‍വീസ് നിര്‍ത്തുമെന്ന വിവരം ലഭിച്ചിട്ടും അധികൃതര്‍ ടിക്കറ്റുകള്‍ നല്‍കുകയായിരുന്നു. സാധാരണയായി വിമാന സര്‍വീസുകള്‍ നിര്‍ത്തുകയാണെങ്കില്‍ ഒരു മാസം മുമ്പ് നോട്ടീസെങ്കിലും നല്‍കുമായിരുന്നു. എന്നാല്‍ ഒരു അറിയിപ്പും നല്‍കാതെയാണ് സര്‍വീസ് നിര്‍ത്തിയത്. റാസല്‍ഖൈമയിലേ റാക്ക് എയര്‍വേയ്‌സിന്റെ ഓഫീസുകളും പൂട്ടി. സാമ്പത്തിക പ്രതിസന്ധിമൂലമാണ് റാക്ക് എയര്‍വേയ്‌സ് കമ്പനി സര്‍വീസ് നിര്‍ത്തിവെച്ചത്.
മുന്‍കൂട്ടി ബുക്ക് ചെയ്തവരില്‍ നിന്ന് വാങ്ങിയ പണം ഇവര്‍ തിരിച്ചു നല്‍കിയിട്ടില്ല. ടിക്കറ്റിനുള്ള 30,000 അടക്കം 59,000 രൂപ വരെയാണ് ഒരാള്‍ക്ക് ചെലവ്.

 

---- facebook comment plugin here -----

Latest