Connect with us

Articles

നയതന്ത്ര ഉദ്യോഗസ്ഥയോട് ഇങ്ങനെയെങ്കില്‍...

Published

|

Last Updated

ഇന്ത്യയുടെ അമേരിക്കന്‍ വിധേയത്വത്തിന്റെ ക്രൂരമായ ഇരയാണ് ദേവയാനി ഖോബ്രഗഡെ. ഒരിന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയോട് ഇത്രയും അപമാനകരവും ക്രൂരവുമായ നിലപാട് സ്വീകരിക്കാന്‍ അമേരിക്ക ധൈര്യം കാണിച്ചത് എത്രയോ വര്‍ഷങ്ങളായി ഇന്ത്യ തുടരുന്ന വിധേയത്വ നിലപാട് മൂലമാണ്. ന്യൂയോര്‍ക്കിലെ വൈസ് കോണ്‍സുല്‍ ജനറലായ ദേവയാനിക്ക് നേരെയുണ്ടായ അപമാനവും പ്രോട്ടോകോള്‍ ലംഘിച്ചുള്ള പരിശോധനയും ഇന്ത്യക്കാര്‍ക്ക് നെരെ കാണിക്കുന്ന അമേരിക്കന്‍ ധാര്‍ഷ്ട്യത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ്. മുന്‍ രാഷ്ട്രപതി എ പി ജെ അബ്ദുല്‍ കലാം, മുന്‍ പ്രതിരോധമന്ത്രി ജോര്‍ജ് ഫെര്‍ണാണ്ടസ് തുടങ്ങിയവരെല്ലാം ഇങ്ങനെ അപമാനിക്കപ്പെട്ടിട്ടുണ്ട്. രാജ്യത്തിന്റെ ഉയര്‍ന്ന പൗരന്മാര്‍ തന്നെ അമേരിക്കയുടെ സുരക്ഷാ പരിശോധനയുടെ പേരില്‍ അപമാനിക്കപ്പെടുമ്പോള്‍ ഇന്ത്യ നിര്‍നിമേഷമായി നോക്കിനില്‍ക്കുകയായിരുന്നല്ലോ.
ഇത്രയും അപമാനകരമായ ഒരവസ്ഥാവിശേഷത്തിലേക്ക് രാജ്യത്തെ കൊണ്ടെത്തിച്ചത് അമേരിക്കയുടെ ഭീകരതാവിരുദ്ധ യുദ്ധത്തിന്റെ ജൂനിയര്‍ പങ്കാളിയായതുള്‍പ്പെടെയുള്ള ഇന്ത്യയുടെ നീക്കങ്ങളാണ്. കുറ്റാന്വേഷണത്തിന്റെയും സുരക്ഷാ ഭദ്രതയുടെയും പേരില്‍ തങ്ങളുടെ രാജ്യത്ത് എന്തും ചെയ്യാന്‍ അധികാരമുണ്ടെന്ന ഹുങ്കാണ് അമേരിക്കയെ നയിക്കുന്നത്. ആഗോളതലത്തില്‍ അമേരിക്ക കാണിക്കുന്ന, അന്താരാഷ്ട്ര നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും വിരുദ്ധമായ ഇടപെടലുകളോട് പ്രതികരിക്കാന്‍ ഇന്ത്യ മടിച്ചുനില്‍ക്കുകയാണ് കഴിഞ്ഞ കാലങ്ങളില്‍ ചെയ്തത്. നയതന്ത്ര രംഗത്ത് രാജ്യങ്ങള്‍ തമ്മില്‍ അനുഷ്ഠിക്കേണ്ട കീഴ്‌വഴക്കങ്ങളും പെരുമാറ്റ രീതികളും ഒരിക്കലും അമേരിക്ക പാലിക്കാറില്ല. ഇറാഖിലും അഫ്ഗാനിസ്ഥാനിലും നടത്തിയ കടന്നുകയറ്റങ്ങളും ലിബിയക്ക് നേരെ നടന്ന ആക്രമണവും ഇപ്പോള്‍ സിറിയയെ അസ്ഥിരീകരിക്കാന്‍ നടക്കുന്ന അട്ടിമറി ശ്രമങ്ങളും തുടങ്ങി നിരവധി സംഭവങ്ങളില്‍ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുകയുണ്ടായില്ല.
അമേരിക്കയുടെ വന്‍ശക്തി മനോഭാവത്തോട് ധീരമായ നിലപാട് സ്വീകരിച്ച നെഹ്‌റുവിന്റെ ചേരിചേരാ നയം റാവുവിന്റെ കാലം മുതല്‍ ഇന്ത്യ ഉപേക്ഷിക്കുകയായിരുന്നു. ഇന്ത്യയുടെ ഈ വിധേയത്വ മനോഭാവമാണ് ഒരു നയതന്ത്ര ഉദ്യോഗസ്ഥയോട് ഹീനമായി പെരുമാറാന്‍ അമേരിക്കക്ക് ധൈര്യം കിട്ടിയത്. എന്താണ് ദേവയാനി ഖോബ്രഗഡെ ചെയ്ത കുറ്റം? കുട്ടികളെ നോക്കാന്‍ കൊണ്ടുവന്ന ആയയോട് വിസാ വ്യവസ്ഥയനുസരിച്ച് പെരുമാറിയില്ല. ഇങ്ങനെയൊരു കുറ്റത്തിനാണ് നയതന്ത്ര പരിരക്ഷ അര്‍ഹിക്കുന്ന അവരെ പൊതുസ്ഥലത്ത് വെച്ച് അറസ്റ്റ് ചെയ്യുന്നത്. കൈയാമം വെച്ച് ജയിലിലേക്ക് കൊണ്ടുപോകുകയും വിവസ്ത്രയാക്കി പരിശോധനകള്‍ക്ക് വിധേയയാക്കുകയും ചെയ്തത്.
ദേവയാനി സംഭവം അമേരിക്കന്‍ മാര്‍ഷല്‍ സര്‍വീസിലും എഫ് ബി ഐ അടക്കമുള്ള കുറ്റാന്വേഷണ ഏജന്‍സികളിലും നിലനില്‍ക്കുന്ന കടുത്ത മനുഷ്യാവകാശ ലംഘനങ്ങളെ കൂടിയാണ് പുറത്തുകൊണ്ടുവന്നിരിക്കുന്നത്. മയക്കുമരുന്ന് കേസില്‍ പെട്ടവരെയും ലൈംഗിക തൊഴിലാളികളെയും താമസിപ്പിക്കുന്ന ജയിലിലാണ് അവരെ തള്ളിയത്. അമേരിക്കന്‍ ജയിലറകള്‍ മനുഷ്യാവകാശലംഘനങ്ങളുടെ നരകഭൂമിയാണ്. ആംനസ്റ്റി ഇന്റര്‍നാഷനലും ഹ്യൂമന്‍ റൈറ്റ്‌വാച്ചും ഇത് സംബന്ധമായ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുകൊണ്ടുവന്നിട്ടുള്ളതാണ്. കറുത്ത വംശജര്‍, സ്ത്രീകള്‍ പോലും തടവറകളില്‍ മനുഷ്യത്വരഹിതമായ നടപടികള്‍ക്ക് വിധേയരാകുന്നു. ഗര്‍ഭിണികളെപ്പോലും ചങ്ങലക്കിട്ടാണ് അമേരിക്കന്‍ ജയിലുകളില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
നയതന്ത്ര പരിരക്ഷക്ക് അര്‍ഹതയുള്ള ദേവയാനി പോലും അമേരിക്കന്‍ കുറ്റാന്വേഷണ ഏജന്‍സികളില്‍ നിന്നു നേരിട്ട പീഡനങ്ങള്‍ ഇങ്ങനെയാണെങ്കില്‍ സാധാരണ തടവുകാരുടെ അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. നയതന്ത്ര ബന്ധങ്ങള്‍ സംബന്ധിച്ച വിയന്ന ഉടമ്പടിയില്‍ പറഞ്ഞിരിക്കുന്ന പരിരക്ഷക്ക് ദേവയാനി അര്‍ഹയല്ലെന്നാണല്ലോ അമേരിക്കന്‍ അധികൃതര്‍ വാദിച്ചത്. ഔദ്യോഗിക നടപടി നിര്‍വഹിക്കുന്ന വീഴ്ചയുടെ പേരിലല്ല അവര്‍ അറസ്റ്റ് ചെയ്യപ്പെട്ടതെന്നാണ് യു എസ് നിലപാട്. വീട്ടുവേലക്കാരിയായ സംഗീത റിച്ചാര്‍ഡ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണല്ലോ അവര്‍ അറസ്റ്റിലായത്. വിസയില്‍ കൃത്രിമം കാട്ടി എന്നതാണ് പോലീസ് ചാര്‍ജ് ചെയ്ത കുറ്റം. പ്രവര്‍ത്തിക്കുന്ന രാജ്യത്തെ നിയമങ്ങള്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ പാലിക്കാന്‍ ബാധ്യസ്ഥരാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ, ദേവയാനിയുടെ കാര്യത്തില്‍ അറസ്റ്റും കുറ്റം ചുമത്തലും ആസൂത്രിതമായി നടന്ന ഒരു ഗൂഢാലോചനയുടെ ഭാഗമാണെന്ന സംശയം ഉയര്‍ന്നുവന്നിട്ടുണ്ട്.
ലോക പോലീസ് ചമയുന്ന അമേരിക്കയോടും അവരുടെ ധിക്കാരപരമായ നടപടികളോടും ഇന്ത്യ ഒരിക്കലും പ്രതികരിക്കാറില്ല. ഈയൊരു വിധേയത്വ സമീപനം തന്നെയാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥയോട് പ്രാകൃതമായി പെരുമാറാന്‍ അവര്‍ക്ക് പ്രേരണ നല്‍കിയതും. സ്‌നോഡന് അഭയം നല്‍കിയതുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇന്ത്യ ലജ്ജാകരമായ രീതിയില്‍ അമേരിക്കയെ ന്യായീകരിക്കുകയായിരുന്നു. അമേരിക്കന്‍ വിധേയത്വം മൂലം സല്‍മാന്‍ ഖുര്‍ഷിദ് “രാജ്യദ്രോഹി” എന്നുവരെ സ്‌നോഡനെ അധിക്ഷേപിച്ചു. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യ രാജ്യങ്ങള്‍ പോലും സ്‌നോഡന്‍ പ്രശ്‌നത്തില്‍ അമേരിക്കയോട് കയര്‍ത്തിട്ടുണ്ട്. ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ചലാ മെര്‍ക്കറിന്റെ ആശയവിനിമയം അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സികള്‍ ചോര്‍ത്തിയ വിവരം പുറത്തുവന്നപ്പോള്‍ അവര്‍ ശക്തമായി പ്രതികരിച്ചു. അമേരിക്കയുടെ അഹന്തയേയും ധിക്കാരത്തെയും ചോദ്യം ചെയ്തു. ഇന്ത്യയുടെ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ ഒന്നു പ്രതിഷേധം അറിയിക്കാന്‍ പോലും യു പി എ സര്‍ക്കാര്‍ തയ്യാറായില്ല.
ദേശീയ സുരക്ഷാ ഏജന്‍സി നടത്തിയ വിവരചോരണത്തെ റഷ്യയും ലാറ്റിനമേരിക്കന്‍ രാജ്യങ്ങളും അതിശക്തമായി ചോദ്യം ചെയ്തപ്പോള്‍ ഇന്ത്യ മൗനം കൊണ്ട് അമേരിക്കന്‍ ചാരവൃത്തിക്ക് കൂട്ടുനില്‍ക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ അമേരിക്കയുടെ നിരന്തരമായ നിരീക്ഷണത്തിലാണെന്ന് വ്യക്തമായിക്കഴിഞ്ഞ ശേഷമാണ് ഈ മൗനമെന്ന് ഓര്‍ക്കണം. ഇവരെത്രമാത്രം അമേരിക്കന്‍ പക്ഷപാതികളായ രാജ്യദ്രോഹികളാണെന്നാണ് ഇതെല്ലാം അനാവരണം ചെയ്യുന്നത്.
ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ രാഷ്ട്രപതി അപമാനിക്കപ്പെട്ടിട്ടു പോലും നാം ശക്തമായി പ്രതികരിച്ചില്ല. ഈ സംഭവത്തിന് മുമ്പ് 2009ല്‍ ന്യൂഡല്‍ഹി വിമാനത്താവളത്തില്‍ അമേരിക്കന്‍ വിമാനക്കമ്പനിക്കാര്‍ എ പി ജെ അബ്ദുല്‍ കലാമിനെ ദേഹപരിശോധന നടത്തിയിരുന്നു. ഇന്ത്യയുടെ മുന്‍ യു എന്‍ പ്രതിനിധി ഹര്‍ദീവ് പുരിയെ 2010ല്‍ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. യു എസിലെ ഇന്ത്യന്‍ സ്ഥാനപതി മീരാ ശങ്കറെ 2011ല്‍ വിമാനത്താവളത്തില്‍ ദേഹപരിശോധനക്ക് വിധേയമാക്കി. ഫെര്‍ണാണ്ടസിന്റെ വസ്ത്രമുരിഞ്ഞാണ് അവര്‍ വിമാനത്താവളത്തില്‍ പരിശോധിച്ചത്. 2010ല്‍ വ്യോമയാന മന്ത്രിയായിരുന്ന പ്രഫുല്‍ പട്ടേലിനും ഷിക്കാഗോവിലെ വിമാനത്താവളത്തില്‍ ചോദ്യം ചെയ്യലിനെ നേരിടേണ്ടിവന്നു.
ആമിര്‍ഖാനും ഷാരുഖാനുമുണ്ടായ ദുരനുഭവങ്ങള്‍ നാം ചര്‍ച്ച ചെയ്തതാണ്. ഫെയ്‌സ് ബുക്കില്‍ അഭിപ്രായം രേഖപ്പെടുത്തിയ ഒരു കുറ്റത്തിന്റെ പേരില്‍ ന്യൂയോര്‍ക്കിലെ ഇന്ത്യയുടെ വൈസ് കോണ്‍സുലര്‍ ദേബാശിഷ് ബിശ്വാസിന്റെ മകള്‍ കൃതികയെ അറസ്റ്റ് ചെയ്ത് വിലങ്ങ് വെച്ച് കസ്റ്റഡിയില്‍ വെച്ചു. ഇങ്ങനെ ഇന്ത്യക്കാരോട് അമേരിക്ക കാണിക്കുന്ന ധാഷ്ട്യം നിറഞ്ഞ അതിക്രമങ്ങള്‍ അങ്ങനെ തുടരുകയാണ്.

Latest