Connect with us

Palakkad

ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റ് വില്‍പ്പന ഊര്‍ജിതം

Published

|

Last Updated

പാലക്കാട്:മോട്ടോര്‍വാഹന വകുപ്പിന്റെ കര്‍ശന വിലക്കുണ്ടായിട്ടും റോഡരികുകളില്‍ ഗുണനിലവാരമില്ലാത്ത ഹെല്‍മറ്റ് വില്‍പന ഊര്‍ജിതം.
ഹെല്‍മറ്റില്ലാത്തവരെ പിടികൂടി ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ് മുന്നേറുമ്പോഴാണ് തമിഴ്‌നാട്, കര്‍ണാടക, കൊല്‍ക്കത്ത, ദല്‍ഹി, ഹരിയാന എന്നിവിടങ്ങളിലെ വിലാസങ്ങളില്‍ ഐ എസ് ഐ മാര്‍ക്ക് ഇല്ലാത്തതും ഉള്ളതുമായ ഹെല്‍മറ്റുകള്‍ റോഡിന്റെ വശങ്ങളില്‍ വില്‍പനക്ക് സ്ഥാനം പിടിച്ചത്.
റോഡരികിലെ വില്‍പനകേന്ദ്രങ്ങളിലെ ഹെല്‍മറ്റുകളില്‍ പലതിലും ഐ എസ് ഐ മാര്‍ക്ക് സ്റ്റിക്കറുകള്‍ ഒട്ടിച്ചിട്ടുണ്ടെങ്കിലും ഇവ വ്യാജമാണെന്ന് തിരിച്ചറിയാന്‍ ഉപഭോാക്താക്കള്‍ക്ക് സാധിക്കുന്നില്ല.
ബില്ലില്ലാതെ തോന്നുന്ന വിലക്ക് വില്‍ക്കുന്ന ഇത്തരം ഹെല്‍മറ്റുകള്‍ എത്രത്തോളം മനുഷ്യജീവനുകളെ സംരക്ഷിക്കുമെന്നത് വലിയ ആശങ്കയായി നിലനില്‍ക്കുന്നതായി ഉപഭോക്തൃ സംരക്ഷണ ഫോറം പ്രവര്‍ത്തകര്‍ പറയുന്നു.
റോഡരികുകളില്‍ സര്‍ക്കാര്‍ അംഗീകാരമില്ലാത്ത ഹെല്‍മറ്റുകള്‍ വില്‍പന നടത്തരുതെന്ന് കര്‍ശന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് ആര്‍ ടി ഒ മുഹമ്മദ് നജീബ് പറഞ്ഞു.
എന്നാല്‍ ഐ എസ ഐ എന്ന് രേഖപ്പെടുത്തിയവയുടെ ഗുണനിലവാരവും യഥാര്‍ഥ ഐ എസ് ഐ മാര്‍ക്കുള്ള ഹെല്‍മറ്റുകള്‍ റോഡരികില്‍ ബില്ലില്ലാതെ വില്‍പന നടത്താന്‍ അനുമതിയുണ്ടോ എന്നും പരിശോധിക്കാന്‍ മോട്ടോര്‍വാഹന വകുപ്പും പൊലീസും തയാറായിട്ടില്ല. പിഴ പേടിച്ചും ലൈസന്‍സ് റദ്ദാക്കല്‍ നടപടികളില്‍നിന്ന് രക്ഷനേടാനും സാധാരണക്കാര്‍ വഴിവക്കിലെ ഹെല്‍മറ്റ് വ്യാപാരികളെ ആശ്രയിക്കുകയാണ്.
അപകടങ്ങളില്‍ ഇത്തരം ഹെല്‍മറ്റ് ഉപയോഗിക്കുന്നവര്‍ക്ക് തലക്ക് ഗുരുതരമായി പരുക്കേല്‍ക്കുമ്പോള്‍ ഇതിനെതിരെ വിവിധ വകുപ്പുകള്‍ മൗനം പാലിക്കുന്നത് ഗുരുതര പ്രത്യാഘാതങ്ങള്‍ക്കിടയാക്കുമെന്നാണ് പറയുന്നത്,

 

---- facebook comment plugin here -----

Latest