Connect with us

Kerala

ദേശീയപാതാ വികസനം: സ്‌പെഷ്യല്‍ പാക്കേജിനായി ലീഗ്

Published

|

Last Updated

കോഴിക്കോട്: ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് കുടിയിറക്കപ്പെടുന്നവര്‍ക്കായി പ്രത്യേക പാക്കേജ് ആവശ്യപ്പെടാന്‍ ലീഗ് തീരുമാനം. നേതൃതലത്തില്‍ ഇതുസംബന്ധിച്ച് ധാരണയായി. അടുത്ത ദിവസം തന്നെ ലീഗ് ഇതുസംബന്ധിച്ച് സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തും. മലബാറില്‍ ഇത്തരത്തില്‍ വീടും സ്ഥലവും നഷ്ട്ടപ്പെടുന്നവരില്‍ നല്ലൊരു പങ്കും ലീഗ് അനുഭാവികളാണ് എന്നതും ഇതിന്റെ പേരില്‍ പാര്‍ട്ടി പ്രതിക്കൂട്ടിലാകുന്നു എന്നതും തിരിച്ചറിഞ്ഞാണ് ലീഗിന്റെ തീരുമാനം. ദേശീയപാതാ വികസനത്തിനായി വീടും സ്ഥലവും നഷ്ടപ്പെടുന്നവര്‍ക്ക് ദേശീയപാതാ വികസന അതോറിറ്റി തീരുമാനിക്കുന്ന തുച്ഛമായ സംഖ്യയാണ് നഷ്ടപരിഹാരമായി നല്‍കുന്നത്.
മാര്‍ക്കറ്റ് വിലയനുസരിച്ച് സാമാന്യം നല്ല തുക ലഭിക്കുന്ന സ്ഥലങ്ങളില്‍ നിന്ന് ഇത്തരത്തില്‍ കുറഞ്ഞ വിലക്ക് ഭൂമി ഏറ്റെടുക്കല്‍ എളുപ്പമാകില്ലെന്ന തിരിച്ചറിവാണ് ലീഗിനെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. നിയമപരമായും സാങ്കേതികമായും വലിയ വില നല്‍കി ഭൂമി ഏറ്റെടുക്കാന്‍ കഴിയില്ലെന്നതിനാല്‍ കൊച്ചി മെട്രോയുടെ മാതൃകയില്‍ പാക്കേജ് നടപ്പാക്കണമെന്നാണ് ലീഗിന്റെ ആവശ്യം. കൊച്ചി മെട്രോ പദ്ധതിക്കായി സ്‌പെഷ്യല്‍ പാക്കേജ് പ്രകാരം കൂടിയ വില നല്‍കിയാണ് ഭൂമി ഏറ്റെടുത്തത്. ഇതേ മാതൃക ദേശീയപാത വികസന കാര്യത്തില്‍ ഉണ്ടാകണമെന്നാണ് ലീഗിന്റെ ആവശ്യം. എന്നാല്‍ സാമ്പത്തിക പ്രയാസമുണ്ടെന്ന് സര്‍ക്കാര്‍ തന്നെ തുറന്നു സമ്മതിക്കുന്ന സാഹചര്യത്തില്‍ സ്‌പെഷ്യല്‍ പാക്കേജ് നടപ്പാക്കാനായി വലിയ തുക കണ്ടെത്തുമോ എന്നു കണ്ടറിയുക തന്നെ വേണം. ഇതിനായി അഞ്ചാം മന്ത്രി സ്ഥാനം നേടിയെടുത്തതിന് സമാനമായി വലിയ സമ്മര്‍ദ തന്ത്രങ്ങള്‍ തന്നെ ലീഗിന് വേണ്ടിവരും.
പൊതുമരാമത്ത് വകുപ്പ് ലീഗ് മന്ത്രി കൈകാര്യം ചെയ്യുന്നുവെന്നതിനാല്‍ ജനങ്ങളെ ബാധിക്കുന്ന ഭരണപരമായ തീരുമാനവും പാര്‍ട്ടിക്കെതിരായി വരുമെന്ന് നേതൃത്വം ഭയപ്പെടുന്നുണ്ട്. ദേശീയപാതാ കര്‍മസമിതി പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തക സമിതി യോഗത്തിനെത്തിയ പൊതുമരാമത്ത് മന്ത്രി വി കെ ഇബ്‌റാഹീം കുഞ്ഞിനെ ലീഗ് ഹൗസിന് മുന്നില്‍ തടഞ്ഞുവെച്ചത് സംഘര്‍ഷത്തിനിടയാക്കിയിരുന്നു.
സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ പാര്‍ട്ടി ആസ്ഥാനത്തെത്തിയ പ്രതിഷേധക്കാരില്‍ വലിയൊരു പങ്കും ലീഗ് പ്രവര്‍ത്തകരായിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രതിഷേധം ലീഗ് ഹൗസ് വരെ എത്തിയ സാഹചര്യത്തിലാണ് സ്‌പെഷ്യല്‍ പാക്കേജിനായി രംഗത്ത് വരാന്‍ ലീഗ് തീരുമാനിച്ചത്.

 

Latest