Connect with us

Kerala

യു ഡി എഫ് ഘടക കക്ഷികള്‍ പ്രശ്‌നങ്ങളുടെ നടുവില്‍

Published

|

Last Updated

കോഴിക്കോട്: തിരഞ്ഞെടുപ്പിന് മുന്നൊരുക്കം നടക്കേണ്ട സമയത്ത് യു ഡി എഫിലെ ഘടക കക്ഷികള്‍ പ്രശ്‌നങ്ങളുടെ നടുവില്‍ വീര്‍പ്പുമുട്ടുന്നു. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, കരിമണല്‍ ഖനനം, ദേശീയപാത വികസനം തുടങ്ങി വിവിധ വിഷയങ്ങളാണ് യു ഡി എഫിലെ ഘടക കക്ഷികളെ നേരിട്ട് ബാധിക്കുന്നത്. പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരെ പോലും തൃപ്തിപ്പെടുത്താനോ പ്രശ്‌നപരിഹാരത്തിന് ഒരു ഫോര്‍മൂല പോലും മുന്നോട്ട് വെക്കാന്‍ കഴിയാത്തതുമാണ് വിഷയങ്ങളുടെ തീവ്രത വര്‍ധിപ്പിക്കുന്നത്.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കെതിരായ ഇടതു സമരത്തിന് വീര്യം കുറഞ്ഞെന്ന് സമാധാനിക്കുമ്പോഴാണ് പുതിയ പ്രശ്‌നങ്ങള്‍ മുന്നണിക്ക് തലവേദനയായി മാറുന്നത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്, കരിമണല്‍ ഖനനം, ദേശീയപാത വികസനം എന്നിവയെല്ലാം കോണ്‍ഗ്രസിനെ ബാധിക്കുന്നതാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് രാഷ്ട്രീയത്തിനതീതമായ വികാരമാണ് മലയോര മേഖലയില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഇത് കോണ്‍ഗ്രസിനെയാണ് ഏറെ ബാധിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെ തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥയിലാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം.
കരിമണല്‍ ഖനനവുമായി ബന്ധപ്പെട്ട് സ്വകാര്യ മേഖലയെ സഹായിക്കുന്ന സര്‍ക്കാറിന്റെ സമീപനമാണ് കോണ്‍ഗ്രസിന് പുതിയ തലവേദനയായിരുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നീക്കങ്ങള്‍ സ്വന്തം പാര്‍ട്ടിയിലെ നേതാക്കളെ പോലും ബോധ്യപ്പെടുത്താന്‍ കഴിഞ്ഞില്ലെന്ന ആക്ഷേപമാണ് പാര്‍ട്ടിക്കെതിരെയുള്ളത്. എം എല്‍ എമാര്‍ ഉള്‍പ്പെടെയുള്ള ഒരു വിഭാഗം ഇതിനെതിരെ ശക്തമായി രംഗത്തെത്തിയത് കോണ്‍ഗ്രസിന് ക്ഷീണമായിരിക്കുകയാണ്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട മലയോരത്തിന്റെ ആശങ്ക കേരള കോണ്‍ഗ്രസ് നേതാവ് കെ എം മാണിയെ സംബന്ധിച്ച് പാര്‍ട്ടിയുടെ ആശങ്ക കൂടിയാണ്. പാര്‍ട്ടിയുടെ ശക്തികേന്ദ്രങ്ങളിലെ വികാരപ്രകടനങ്ങള്‍ പാര്‍ട്ടിക്കെതിരായ വികാരമായി മാറുമോ എന്ന ഭയമാണ് മാണിക്കുള്ളത്. പാര്‍ട്ടി നേതാക്കളായ പി ജെ ജോസഫും പി സി ജോര്‍ജുമൊക്കെ ഈ ആശങ്ക പങ്കുവെച്ചിട്ടുണ്ട്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ഇടതുമുന്നണി നടത്തുന്ന സമരത്തിന് പിന്തുണ നല്‍കുമെന്ന നേതാക്കളുടെ പ്രഖ്യാപനം പാര്‍ട്ടിപ്രവര്‍ത്തകരുടെ മനസ്സറിഞ്ഞുള്ളതാണ്. കൃസ്ത്യന്‍ സഭകള്‍ റിപ്പോര്‍ട്ടിനെതിരെ രംഗത്തെത്തിയതും മാണിക്ക് കാണാതിരിക്കാനാകില്ല. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി മുന്നോട്ടു പോകുന്നത് തിരഞ്ഞെടുപ്പില്‍ ക്ഷീണമാകുമെന്നു തന്നെയാണ് പാര്‍ട്ടി കണക്കാക്കുന്നത്.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കുടിയിറക്ക് ഭീഷണി നേരിടുന്ന പ്രദേശങ്ങളിലെ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി ലീഗ് ഹൗസിലെത്തിയാണ് മുസ്‌ലിം ലീഗിന് പുതിയ തലവേദനയാകുന്നത്. ദേശീയപാത വികസനത്തിനായി സ്ഥലവും വീടും നഷ്ട്ടപ്പെടുന്ന നൂറോളം കുടുംബങ്ങളാണ് സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ലീഗ് ഹൗസിലെത്തിയത്. ഇന്നലെ ലീഗ് ഹൗസില്‍ നടന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുക്കാനെത്തിയ ലീഗ് മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടിയെയും വി കെ ഇബ്‌റാഹിം കുഞ്ഞിനെയും പ്രതിഷേധക്കാര്‍ തടഞ്ഞുവെക്കുകയും ചെയ്തു. പൊന്നാനി വെളിയങ്കോട് പ്രദേശത്തുള്ളവരാണ് പ്രതിഷേധിക്കാനെത്തിയത്. നേരത്തെ മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പാത ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്കകത്ത് നിന്നുതന്നെ പ്രാദേശിക വികാരം ഉയര്‍ന്നിരുന്നു. കുട്ടി അഹമ്മദ്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിഷയത്തില്‍ ഇടപെട്ടിരുന്നെങ്കിലും പ്രശ്‌നപരിഹാരം മാത്രം അകലെയായി. മലപ്പുറം ജില്ലയില്‍ ഇതുമായി ബന്ധപ്പെട്ട് ഏറെ കുടുംബങ്ങള്‍ കുടിയിറക്ക് ഭീഷണി നേരിടുന്നതിനാല്‍ ലീഗിനെ സംബന്ധിച്ച് ഇതു വലിയ തിരിച്ചടിയാണ്. പൊതുമരാമത്ത് ലീഗ് മന്ത്രി കൈകാര്യം ചെയ്യുന്നു എന്നതിനാല്‍ ഭരണപരമായി ഉണ്ടാകുന്ന പ്രതിസന്ധികളും ലീഗിനെ തന്നെയാണ് ബാധിക്കുന്നത്. തിരഞ്ഞെടുപ്പിലേക്ക് പ്രവേശിക്കാനിരിക്കുന്ന സാഹചര്യത്തില്‍ ഘടകകക്ഷികള്‍ക്ക് മുന്നിലുള്ള വിഷയങ്ങള്‍ യു ഡി എഫിന് പ്രതിസന്ധി സൃഷ്ടിക്കുമെന്നുറപ്പാണ്.

Latest