Connect with us

Palakkad

കവിതാ പിള്ളയുമായി ബന്ധം: ബി ജെ പി ജില്ലാനേതൃത്വത്തിനെതിരെ പരാതി

Published

|

Last Updated

പാലക്കാട്: ബി ജെ പി ജില്ലാ നേതൃത്വത്തിനെതിരെ പരാതിയുമായി ഒരുവിഭാഗം പ്രവര്‍ത്തകര്‍ രംഗത്ത്. മെഡിക്കല്‍സീറ്റ് തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കവിതാപിള്ളയുമായി ബി ജെ പി ജില്ലാ നേതാക്കള്‍ക്ക് ബന്ധമുണ്ടെന്നാണ് ആക്ഷേപം. ഇത് സംബന്ധിച്ച് പ്രവര്‍ത്തകര്‍ സംസ്ഥാനനേത്യത്വത്തിന് പരാതിയും നല്‍കി.
പാര്‍ട്ടി ജില്ലാ അധ്യക്ഷന്‍ സി കൃഷ്ണകുമാറിനെ പരസ്യമായി എതിര്‍ത്തുകൊണ്ട് മലമ്പുഴയിലാണ് യോഗം ചേര്‍ന്നത്. 40 പ്രധാന നേതാക്കളാണ് ഒത്തുകൂടിയത്. ലോട്ടസ് എന്ന ക്ലബിനും രൂപം നല്‍കി. കവിതാപിളള പാലക്കാട് നഗരസഭയില്‍ ഖരമാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിക്കുന്നതിന് ബി ജെ പി ജില്ലാ അധ്യക്ഷന്‍ ഒത്താശ ചെയ്‌തെന്നാണ് മലമ്പുഴയില്‍ കൂടിയ ബി ജെ പി പ്രവര്‍ത്തകരുടെ പരാതി.
ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ്, ദേശീയ സെക്രട്ടറി എന്നിവരുള്‍പ്പെടെ നേതൃത്വത്തിന് പരാതിയും അയച്ചു. കൂടാതെ 15 കൗണ്‍സിലര്‍മാര്‍ ഉളള നഗരസഭയില്‍ ബി ജെ പിക്ക് മുഖ്യപ്രതിപക്ഷമായി നില്‍ക്കാന്‍ സാധിക്കുന്നില്ല.—പാര്‍ട്ടി തീരുമാനം ലംഘിച്ചും പാര്‍ട്ടിയുടെ ജില്ലാ പ്രസിഡന്റുകൂടിയായ കൃഷ്ണകുമാര്‍ നഗരസഭയിലെ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷസ്ഥാനം വഹിക്കുന്നതായും ആക്ഷേപം ഉയര്‍ന്നു. ബി ജെ പി മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറിയും ഇപ്പോള്‍ ജില്ലാ കമ്മിറ്റി അംഗവുമായ പി സാബുവാണ് ലോട്ടസ് ക്ലബിന്റെ കണ്‍വീനര്‍.
സംസ്ഥാനകമ്മിറ്റിഅംഗങ്ങളും ജില്ലാനേതാക്കളുമായ ശ്രീധരന്‍ മലമ്പുഴ , ചിദംബരന്‍ , ഒപിവാസുദേവന്‍ , കെ ആര്‍ സുജിത് , കൗണ്‍സിലര്‍ നടേശന്‍ , എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

Latest