Connect with us

Articles

പ്രമേഹം: വ്യാപനത്തിന് കാരണം ജീവിതശൈലിയുടെ വ്യതിയാനം

Published

|

Last Updated

ലോക പ്രമേഹ ദിനമാണ് നവംബര്‍ 14. ഇന്ന് സമൂഹം നേരിടുന്ന വലിയ ആരോഗ്യ പ്രശ്‌നമായി പ്രമേഹം മാറുകയാണ്. ജീവിതശൈലീ വ്യതിയാനമാണ് പ്രമേഹമുള്‍പ്പെടെയുള്ള മിക്ക രോഗങ്ങള്‍ക്കും കാരണം. മുതിര്‍ന്നവരില്‍ കൂടുതലായി കണ്ടു വന്നിരുന്ന പ്രമേഹം ഇപ്പോള്‍ കുട്ടികളിലും സാധാരണമായിരിക്കുന്നു. പ്രമേഹം വരാതെ സൂക്ഷിക്കുന്നതാണ് രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത്. അമിത വണ്ണം, പാരമ്പര്യം തുടങ്ങിയവയെല്ലാം പ്രമേഹത്തിന് കാരണമായേക്കാം.
ഭക്ഷണശീലങ്ങളിലെ മാറ്റങ്ങളാണ് പ്രമേഹം ചെറുക്കാന്‍ ഏറ്റവും നല്ല മാര്‍ഗം. ആരോഗ്യമുള്ള ഭക്ഷണ സംസ്‌കാരം വളര്‍ത്തിയെടുത്താല്‍ ജീവിതശൈലീ രോഗങ്ങളെയെല്ലാം പടിക്ക് പുറത്താക്കാമെന്ന് ഡോക്ടര്‍മാരും ആരോഗ്യ വിദഗ്ധരും പറയുന്നു. ചില മാറ്റങ്ങള്‍ ജീവിതത്തില്‍ കൊണ്ടുവന്നാല്‍ ഞരമ്പുകള്‍, വൃക്ക, ഹൃദയം എന്നിവയെ ബാധിക്കുന്ന അസുഖങ്ങളും പ്രമേഹത്തൊടൊപ്പം ഒരു പരിധി വരെ ചെറുക്കാം.
നിത്യവ്യായാമം
ദിവസേന വ്യായാമവും ശാരീരിക അധ്വാനവും പ്രമേഹം ചെറുക്കാന്‍ നല്ല മാര്‍ഗമാണ്. ശരീരഭാരം കുറക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാനും ഇത് സഹായിക്കും. ഇന്‍സുലിന്റെ കാര്യക്ഷമത വര്‍ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ അളവില്‍ നിലനിര്‍ത്താനും സാധിക്കും. വ്യായാമങ്ങള്‍ വഴി ആരോഗ്യം മെച്ചപ്പെടുന്നതോടൊപ്പം പ്രമേഹം ചെറുക്കുന്നതായും വിവിധ ഗവേഷണങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
നാരുകളുള്ള ഭക്ഷണം
നാരുകള്‍ (ഫൈബര്‍) കൂടുതലായുള്ള ഭക്ഷണം പതിവാക്കുന്നത് പ്രമേഹത്തെയും കൊളസ്ടറോളിനെയും ചെറുക്കാന്‍ നല്ല മാര്‍ഗമാണ്. നാരുകളുള്ള ഭക്ഷണം പഞ്ചസാരയുടെ അളവ് ക്രമപ്പെടുത്തുകയാണ് ചെയ്യുന്നത്. പഴങ്ങള്‍, പച്ചക്കറികള്‍, ബീന്‍സ്, കടല വര്‍ഗങ്ങള്‍, വിത്തുകള്‍ എന്നിവയില്‍ നാരുകള്‍ ധാരാളമുണ്ട്. നാരുകളുള്ള ധാന്യങ്ങളും ഭക്ഷണത്തില്‍ പതിവാക്കുന്നത് ഗുണമാകും.
അമിത വണ്ണം കുറക്കുക
അമിത വണ്ണമുള്ളവരില്‍ പ്രമേഹ രോഗം വരാനുള്ള സാധ്യത 60 ശതമാനത്തോളമാണെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. ശരീരഭാരം കുറക്കുന്നതോടൊപ്പം രോഗസാധ്യതയും കുറഞ്ഞു വരുന്നതായി കാണുന്നുണ്ട്. വ്യായാമവും ഭക്ഷണക്രമീകരണവും മൂലം ശരീര ഭാരം കുറക്കുകയാണ് വേണ്ടത്.
ഭക്ഷണത്തിലൂടെ പ്രതിരോധം
പഞ്ചസാരയുടെ അളവ് കൂടുതലുള്ള ഭക്ഷണങ്ങള്‍ മിതമായി മാത്രം ഉപയോഗിക്കുകയാണ് വേണ്ടത്. ജംങ്ക് ഫുഡുകളും മറ്റും കുട്ടികള്‍ ഉപയോഗിക്കുന്നത് കര്‍ശനമായി വിലക്കിയേ മതിയാകൂ. സ്‌കൂളുകളില്‍ പോകുന്ന കുട്ടികള്‍ക്ക് എളുപ്പമാര്‍ഗമെന്ന നിലയില്‍ ജംങ്ക് ഫുഡുകള്‍ കൊടുത്തു വിടുന്നത് പതിവായിട്ടുണ്ട്. ഇത്തരം ഭക്ഷണങ്ങള്‍ കുട്ടികളില്‍ പ്രമേഹത്തിന് കാരണമാകുമെന്ന് പഠനങ്ങള്‍ പറയുന്നു. കുട്ടികളിലെ കായികാധ്വാനമുള്ള കളികളും പതിവാക്കണം. ആവശ്യത്തിന് പോഷകങ്ങളുള്ള ഭക്ഷണമാണ് കുട്ടികള്‍ക്ക് വേണ്ടി തരഞ്ഞെടുക്കേണ്ടത്.
എപ്പോള്‍
ഡോക്ടറെ കാണണം?
വയസ്സ് 45 കഴിയുകയും ശരീരഭാരം കൂടുതലുമുണ്ടെങ്കില്‍ ടൈപ്പ് രണ്ട് പ്രമേഹത്തിന് സാധ്യതയുണ്ടെന്ന് കരുതണം. പ്രമേഹത്തിന് കാരണമാകുന്ന ജീവിത ശൈലിയും പാരമ്പര്യമായി പ്രമേഹമുള്ള കുടുംബത്തില്‍ നിന്നുള്ളയാളാണെങ്കിലും രക്ത പരിശോധന നടത്തുന്നത് നന്നായിരിക്കും. ഇതിനായി ഡോക്ടറുടെ സഹായം തേടാവുന്നതാണ്.