Connect with us

Malappuram

നിലമ്പൂര്‍ ഉച്ചക്കുളം ആദിവാസി കോളനിയില്‍ മാവോയിസ്റ്റുകളെത്തി

Published

|

Last Updated

നിലമ്പൂര്‍: പടുക്ക ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയിലെ ഉച്ചക്കുളം ആദിവാസി കോളനിയില്‍ ആയുധധാരികളായ മാവോയിസ്റ്റുകളെത്തി. ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് ഏഴ് പേരടങ്ങുന്ന മാവോയിസ്റ്റ് സംഘം കോളനിയിലെത്തിയത്.
രണ്ട് പേര്‍ കോളനിക്ക് സമീപം വനത്തില്‍ കാവല്‍ നിന്നിരുന്നു. കോളനിയിലെത്തിയ സംഘം അര മണിക്കൂറോളം ഇവിടെ തങ്ങി. എഴ് പേരും ആയുധധാരികളായിരുന്നുവെന്ന് കോളനിക്കാര്‍ പറയുന്നു. കോളനിയിലെത്തിയ ഉടന്‍ എല്ലാവരോടും മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ ആവശ്യപ്പെട്ടു. കോളനിയിലെ വീരന്റെ വീട്ടില്‍ കയറിയ സംഘം വിവരങ്ങളെല്ലാം ചോദിച്ചുമനസ്സിലാക്കി.
തങ്ങളോടൊപ്പം ചേര്‍ന്നാല്‍ സര്‍ക്കാര്‍ ആനുകൂല്ല്യങ്ങള്‍ എല്ലാം വാങ്ങിത്തരാമെന്ന് ആയുധധാരികള്‍ പറഞ്ഞതായി കോളനിക്കാര്‍ പറയുന്നു.
കോളനികള്‍ എല്ലാം തങ്ങളുടെ നിരീക്ഷണത്തിലാണെന്നും നിങ്ങള്‍ക്കുവേണ്ടിയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും ഇവര്‍ പറഞ്ഞു. സമീപത്തുള്ള ഫോറസ്റ്റ് സ്റ്റേഷന്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഇവര്‍ ചോദിച്ചിരുന്നു. ലഘുലേഖകള്‍ വിതരണം ചെയ്തതായും വിവരമുണ്ട്.
കാക്കി വേഷം ധരിച്ച് കാടിനുള്ളില്‍ കടക്കരുതെന്നും കാക്കി കണ്ടാല്‍ വെടിവെക്കുമെന്നും കോളനിക്കാര്‍ക്ക് മുന്നറിയിപ്പും നല്‍കി. തമിഴ്, മലയാളം ഭാഷകള്‍ ഇടകലര്‍ത്തിയാണ് ഇവര്‍ സംസാരിച്ചതെന്ന് കോളനിക്കാര്‍ പറയുന്നു. കാക്കി പാന്റും ഷര്‍ട്ടുമാണ് ഇവര്‍ ധരിച്ചിരുന്നത്. കോളനിയിലെ വീരന്റെ വീട്ടില്‍ നിന്ന് അഞ്ച് കിലോ അരി, ഉപ്പ് എന്നിവ ശേഖരിച്ച സംഘം ആറ് മണിയോടെ മടങ്ങുകയായിരുന്നു. ഉടന്‍തന്നെ കോളനിക്കാര്‍ എടക്കര പോലീസിലും പടുക്ക ഫോറസ്റ്റ് സ്റ്റേഷനിലും വിവരമറിയിക്കുകയും ചെയ്തു. മൂത്തേടം പഞ്ചായത്തിലെ പടുക്ക ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ ഉള്‍വനത്തിലാണ് ഉച്ചക്കുളം, മണ്ടക്കടവ് ആദിവാസി കോളനികള്‍.
കഴിഞ്ഞ ഞായറാഴ്ച മീന്‍പിടിക്കാനും നെല്ലിക്ക പറിക്കാനും പുഞ്ചക്കൊല്ലി വനത്തില്‍ കയറിയ അളയ്ക്കല്‍ കോളനിയിലെ ആദിവാസികളെ മാവോയിസ്റ്റുകള്‍ തടഞ്ഞുവെച്ചിരുന്നു. തൊട്ടുപിന്നാലെയാണ് സംഘം മൂത്തേടം പഞ്ചായത്തിലെ ഉച്ചക്കുളം കോളനിയിലെത്തിയത്. ആയുധധാരികള്‍ കോളനിയിലെത്തിയ വിവരം ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.

Latest