Connect with us

International

ഹൈയാന്‍: ഫിലിപ്പൈന്‍സില്‍ മരണം 10,000 കവിഞ്ഞു

Published

|

Last Updated

മനില: ഹൈയാന്‍ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞുവീശിയ ഫിലിപ്പൈന്‍സില്‍ മരണം പതിനായിരം കവിഞ്ഞു. എത്ര പേര്‍ മരിച്ചുവെന്ന് വ്യക്തമായി വിലയിരുത്തിയിട്ടില്ലെങ്കിലും പതിനായിരത്തിലധികം പേര്‍ ചുഴലിക്കാറ്റിനെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ മരിച്ചിട്ടുണ്ടെന്നാണ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. സുനാമി ദുരന്തത്തിന് സമാനമായ കാഴ്ചകളാണ് ഹൈയാന്‍ ചുഴലിക്കാറ്റിന് ശേഷം ഉണ്ടായത്. പതിനഞ്ച് മീറ്ററിലധികം ഉയരത്തിലാണ് തിരമാലകളുണ്ടായത്.
ലെയ്റ്റ്, ടക്ലോബാന്‍ പ്രവിശ്യകളില്‍ നൂറുകണക്കിന് മൃതദേഹങ്ങള്‍ റോഡുകളിലും കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയിലും കിടക്കുന്നതായി ദൃക്‌സാക്ഷികളും ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തി. നൂറിലേറെ പേര്‍ മരിച്ചുവെന്നാണ് ശനിയാഴ്ച വൈകീട്ട് സര്‍ക്കാര്‍ അറിയിച്ചിരുന്നതെങ്കിലും 1,200ലധികം പേര്‍ മരിച്ചതായി റെഡ്‌ക്രോസ് അധികൃതര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ശക്തമായ കാറ്റിനെ തുടര്‍ന്നുണ്ടായ കൂറ്റന്‍ തിരമാലകളില്‍ തീരപ്രദേശത്തെ ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. മധ്യ ഫിലിപ്പൈന്‍സിലെ പ്രധാന നഗരങ്ങളിലെല്ലാം സാരമായ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. പല പ്രദേശങ്ങളിലും ശക്തമായ മഴയാണുണ്ടായത്. ചുഴലിക്കാറ്റ് സാരമായി നാശനഷ്ടങ്ങളുണ്ടാക്കിയ ലെയ്റ്റ് പ്രവിശ്യയിലെ എഴുപത് മുതല്‍ എണ്‍പത് വരെ ശതമാനം കെട്ടിടങ്ങളും തകര്‍ന്നതായി പ്രവിശ്യാ പോലീസ് മേധാവി എല്‍മര്‍ സോറിയ പറഞ്ഞു. തീരദേശ ഗ്രാമങ്ങളില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിപ്പെടാനാകാതെ പ്രയാസപ്പെടുകയാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍.
കരയിലേക്ക് കടല്‍ കയറിയുണ്ടായ അപകടങ്ങളിലാണ് കൂടുതല്‍ പേരും മരിച്ചത്. മണിക്കൂറില്‍ 275 കിലോമീറ്റര്‍ വേഗത്തിലാണ് തെക്കു കിഴക്കന്‍ ഏഷ്യയിലെ ദ്വീപ് രാജ്യമായ ഫിലിപ്പൈന്‍സില്‍ ചുഴലിക്കാറ്റ് വീശിയത്. ലെയറ്റ് പ്രവിശ്യയുടെ തലസ്ഥാനവും ടക്ലോബാന്‍ പ്രവിശ്യയും പൂര്‍ണമായും തകര്‍ന്ന അവസ്ഥയിലാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ടക്ലോബാന്‍ വിമാനത്താവളത്തിനും സാരമായ നാശനഷ്ടമുണ്ടായി. വാര്‍ത്താവിനിമയ ബന്ധങ്ങളും വൈദ്യുതി ബന്ധവും തകരാറിലായിട്ടുണ്ട്. അപകടങ്ങളില്‍ എത്ര പേര്‍ മരിച്ചുവെന്ന യഥാര്‍ഥ കണക്ക് ഇതുവരെ സര്‍ക്കാറിനോ ദുരന്തനിവാരണ സേനക്കോ ലഭ്യമല്ല. ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയെന്നും പതിനായിരത്തിലധികം പേര്‍ മരിച്ചുവെന്നുമാണ് ഏകദേശ കണക്കെന്നും ഗവര്‍ണര്‍ പറഞ്ഞു.
ഹൈയാന്‍ ആദ്യമെത്തിയ സമര്‍ പ്രവിശ്യയില്‍ മുന്നൂറ് പേര്‍ മരിക്കുകയും രണ്ടായിരത്തിലധികം പേരെ കാണാതാകുകയും ചെയ്തതായാണ് പ്രവിശ്യാ ദുരന്തനിവാരണ ഏജന്‍സി അധികൃതര്‍ അറിയിച്ചത്. 4,80,000 പേരെയാണ് മാറ്റിപാര്‍പ്പിച്ചത്. മുപ്പത്തിയാറ് പ്രവിശ്യകളിലായി 45 ലക്ഷം ആളുകളെ ചുഴലിക്കാറ്റ് ബാധിച്ചതായി ദേശീയ ദുരന്തനിവാരണ ഏജന്‍സി പറയുന്നു. ഭവനരഹിതരായ ആളുകള്‍ക്ക് ഭക്ഷണം, വെള്ളം, മരുന്ന് എന്നിവ എത്തിക്കാനുള്ള ശ്രമത്തിലാണ്.
മധ്യ ബോഹോള്‍ പ്രവിശ്യയിലുണ്ടായ ഭൂചലനത്തെ തുടര്‍ന്നും സംബോംഗ പ്രവിശ്യയിലുണ്ടായ കലാപത്തിലും ഭവനരഹിതരായവരെ പുനരധിവിസിപ്പിക്കുക വഴി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നീക്കിവെച്ച തുകയുടെ പരമാവധി ചെലവഴിച്ചതായി അന്താരാഷ്ട്ര സന്നദ്ധ സംഘടനകള്‍ പറഞ്ഞു.
ഫിലിപ്പൈന്‍സ് സര്‍ക്കാര്‍ യു എസിനോട് സഹായം അഭ്യര്‍ഥിച്ചുവെന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ഹെലിക്കോപ്റ്ററുകള്‍ അയക്കാന്‍ പെന്റഗണ്‍ തയ്യാറായതായും ബി ബി സി റിപ്പോര്‍ട്ട് ചെയ്തു. മണിക്കൂറില്‍ 166 കിലോമീറ്ററായി വേഗം കുറഞ്ഞ ചുഴലിക്കാറ്റ് വിയറ്റ്‌നാമിലേക്കാണ് നീങ്ങുന്നത്. എട്ട് ലക്ഷത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി വിയറ്റ്‌നാം അധികൃതര്‍ അറിയിച്ചു. കാറ്റിന്റെ ശക്തി ഇനിയും കുറയുമെന്ന് കാലാവസ്ഥ നിരീക്ഷണ വിഭാഗം വ്യക്തമാക്കി.

Latest