Connect with us

Palakkad

ശിരുവാണി അണക്കെട്ടിന് സുരക്ഷാ ഭീഷണി

Published

|

Last Updated

പാലക്കാട്: മവോയിസ്റ്റ് ഭീഷണിയും അന്തര്‍ സംസ്ഥാന നദീജല കരാറുകളും മൂലം അതീവ ജാഗ്രതാ പ്രദേശമായി പ്രഖ്യാപിച്ച ശിരുവാണി അണക്കെട്ടിന് സുരക്ഷാഭീഷണി.
വയനാട്ടില്‍ നിന്ന് കൊണ്ട്‌വന്ന് ശിരുവാണി വനത്തില്‍ ഉപേക്ഷിച്ച കാട്ടാനയുടെ ആക്രമണം ഭയന്ന് വനം വകുപ്പ് അണക്കെട്ടിലേക്കുള്ള വഴികള്‍ അടച്ചതാണ് കാരണം. തമിഴ്‌നാട് ക്യൂ ബ്രാഞ്ചും തണ്ടര്‍ ബോള്‍ട്ട് സേനംഗങ്ങളും മവോയിസ്റ്റുകള്‍ക്കായി തിരച്ചില്‍ നടത്തി അണക്കെട്ട് സുരക്ഷാവിഭാഗത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് ശേഷം ശിരുവാണി അണക്കെട്ട് പരിസരത്ത് താത്ക്കാലിക ജീവനക്കാരെ നിയോഗിച്ച് ജലസേചന വിഭാഗം സുരക്ഷ ശക്തമാക്കിയിരുന്നു. 23 താത്ക്കാലിക ജീവനക്കാരാണ് ശിരുവാണി അണക്കെട്ട് സുരക്ഷക്കായി നിയമിക്കപ്പെട്ടത്. ശിരുവാണി വനത്തിനുള്ളില്‍ വിട്ട കാട്ടാന ശിരുവാണി വനത്തിലേക്കുള്ള വഴിയില്‍ നിലയുറപ്പിച്ചത് മൂലം മൂന്ന് മാസമായി അണക്കെട്ട് സുരക്ഷാ ജീവനക്കാര്‍ കാട്ടില്‍ പ്രവേശിക്കുന്നത് വനം വകുപ്പ് തടഞ്ഞിരിക്കുകയാണ്.
ആനയെ ചികിത്സിക്കാന്‍ തയ്യാറാകാതെ റിസര്‍വ് വനത്തിലേക്കുള്ള പ്രവേശന കവാടം അടച്ചത് മൂലം വനം- ജലസേചന ഉദ്യോഗസ്ഥര്‍ തമ്മില്‍ രൂപപ്പെട്ട ശീതസമരം സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണ്.
വനംവകുപ്പ് ചെക്ക്‌പോസ്റ്റ് അടച്ചത് മൂലം ഇവര്‍ക്ക് മാസങ്ങളായി ജോലിക്ക് ഹാജരാകാന്‍ കഴിയാത്തത് അണക്കെട്ട് സുരക്ഷയുടെ കാര്യത്തില്‍ വലിയ വീഴ്ചയാണെന്ന് ജലസേചന വകുപ്പ് കുറ്റപ്പെടുത്തുന്നു. വലിയ ട്യൂമര്‍ വളര്‍ന്ന് അനങ്ങാന്‍ കഴിയാത്ത ആന വനത്തില്‍ റോഡരികില്‍ തന്നെ തമ്പടിച്ച് വഴിയാത്രക്കാരെ ആക്രമിക്കുന്നുണ്ട്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഏഴുപേര്‍ ആക്രമണത്തിനിരയായി.
ശിരുവാണി വനത്തില്‍ നിന്നും ആനയെ ആനക്കൊട്ടിലിലേക്ക് മാറ്റി ചികിത്സിക്കാന്‍ അനുമതി ലഭിക്കാത്തതാണ് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുന്നതെന്ന് വനം വകുപ്പ് പറയുന്നു.—

Latest