Connect with us

Kerala

വൈദ്യുതി ബോര്‍ഡ് ഇനി കമ്പനി

Published

|

Last Updated

തിരുവനന്തപുരം: സംസ്ഥാന വൈദ്യുതി ബോര്‍ഡിനെ കമ്പനിയാക്കാനുള്ള നിര്‍ദേശം മന്ത്രിസഭാ യോഗം അംഗീകരിച്ചു. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ഇനി മുതല്‍ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ് എന്ന കമ്പനിയായിരിക്കും. കെ എസ് ഇ ബി ലിമിറ്റഡ് എന്ന പേരാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും കമ്പനി രജിസ്ട്രാര്‍ അതനുവദിച്ചില്ല.
സര്‍ക്കാറില്‍ നിക്ഷിപ്തമായ ബോര്‍ഡിന്റെ എല്ലാ ആസ്തിബാധ്യതകളും അവകാശങ്ങളും പൂര്‍ണമായും കമ്പനിയില്‍ പുനര്‍നിക്ഷിപ്തമാക്കുവാന്‍ മന്ത്രിസഭ അനുമതി നല്‍കി. ഇതിനായി വിജ്ഞാപനം പുറപ്പെടുവിക്കും. സംസ്ഥാന സര്‍ക്കാറിനു വേണ്ടി ഊര്‍ജ വകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറിയും കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡിന് വേണ്ടി ചെയര്‍മാനും ധാരണാപത്രം ഒപ്പ് വെക്കും.
ഉത്പാദനം, പ്രസരണം, വിതരണം എന്നീ ലാഭകേന്ദ്രങ്ങളായാണ് വിഭജിക്കുന്നത്. പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷനാണ് കമ്പനിവത്കരണ നടപടികളുടെ കണ്‍സല്‍ട്ടന്‍സിയായി പ്രവര്‍ത്തിച്ചത്. ബോര്‍ഡിനെ കമ്പനിവത്കരിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചെങ്കിലും ബോര്‍ഡും തൊഴിലാളി യൂനിയനുകളും സര്‍ക്കാറും തമ്മിലുള്ള ത്രികക്ഷി കരാര്‍ കൂടി ഒപ്പിടേണ്ടതുണ്ട്. അത് ഉടനെ ഉണ്ടാകുമെന്ന് ബോര്‍ഡ് അധികൃതര്‍ വ്യക്തമാക്കി. കമ്പനിയാക്കിയാലും ബോര്‍ഡിന്റെ ഭരണതലത്തില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാകില്ല. ഉത്പാദനവും പ്രസരണവും വിതരണവും മേഖലകള്‍ ലാഭകേന്ദ്രങ്ങളാകുന്നതോടെ മൂന്ന് അക്കൗണ്ടുകളുണ്ടാകുമെന്നതാണ് വ്യത്യാസം. 1998 മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതാണ്. അംഗീകാരം ലഭിച്ചത് ഇപ്പോഴാണെന്നു മാത്രം. കമ്പനി നിലവില്‍ വന്നതിനാല്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇനി ചെയര്‍മാന്‍ കം മാനേജിംഗ് ഡയറക്ടറും ബോര്‍ഡ് അംഗങ്ങള്‍ ഡയറക്ടര്‍മാരുമാകും.
കേരള ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡിന്റെ 2011 സെപ്തംബര്‍ 30 വരെയുള്ള അസല്‍ പെന്‍ഷന്‍ ഫണ്ട് ബാധ്യതയായ 7584 കോടി രൂപയോളം വരുന്ന തുക നിറവേറ്റുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റി നിര്‍ദേശിച്ച നടപടിക്രമങ്ങള്‍ അംഗീകരിച്ചു. ഇതനുസരിച്ച് കെ എസ് ഇ ബി എന്ന കമ്പനി ഒരു പ്രതേ്യക ഫണ്ട് രൂപവത്കരിക്കണം. ഇതില്‍ നിന്ന് നിലവിലുള്ളതും ഭാവിയിലുള്ളതുമായ പെന്‍ഷനുകള്‍ ഓരോ വര്‍ഷവും നല്‍കണം. 2009 മാര്‍ച്ച് 31 വരെ ആവശ്യമായി വരുന്ന പെന്‍ഷന്‍ ഫണ്ട് 4520 കോടി രൂപയായാണ് കണക്കാക്കിയിരിക്കുന്നത്. ഇതില്‍ 1600 കോടി രൂപ സംസ്ഥാന സര്‍ക്കാര്‍ സംഭാവന ചെയ്യും. ബാക്കി 2920 കോടി രൂപ കെ എസ് ഇ ബി കമ്പനിയില്‍ നിന്ന് ലഭ്യമാക്കും.
കൈമാറ്റത്തീയതി വരെയുള്ള ബാധ്യതയുടെ നിര്‍ണയം കരാറിന് മുന്‍പ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ കരാര്‍ നടപ്പാക്കുന്ന തീയതി വരെയുള്ള ബാധ്യതകളുടെ യഥാര്‍ഥ മൂല്യനിര്‍ണയം ഒരു വര്‍ഷക്കാലയളവിനുള്ളില്‍ നടത്താമെന്നും ഇതിന് ആവശ്യമായ ക്രമീകരണങ്ങളും മാറ്റങ്ങളും ഫണ്ടില്‍ വരുത്താമെന്നുമുള്ള കെ എസ് ഇ ബിയുടെ നിര്‍ദേശവും മന്ത്രിസഭ അംഗീകരിച്ചു.

---- facebook comment plugin here -----

Latest