Connect with us

Kozhikode

മുഴുവന്‍ പ്രതികളെയും അറസ്റ്റ് ചെയ്യണം: എസ് എം എ

Published

|

Last Updated

കോഴിക്കോട്: കണ്ണൂര്‍ ഓണപ്പറമ്പില്‍ മദ്‌റസ തീവെച്ച് നശിപ്പിച്ച കേസിലെ പ്രതികള്‍ വിഘടിത സമസ്തയുടെ പ്രവര്‍ത്തകരാണെന്ന് കണ്ടെത്തുകയും പ്രതികളിലൊരാളെ അറസ്റ്റ് ചെയ്യുകയും ചെയ്ത പോലീസിന്റെ നടപടി എസ് എം എ സ്വാഗതം ചെയ്തു. യാഥാര്‍ഥ്യം പുറത്തുവരാതിരിക്കാന്‍ ശക്തമായ സമ്മര്‍ദമുണ്ടായിട്ടും അന്വേഷണവുമായി മുന്നോട്ടു പോവുകയും പ്രതികളെ അറസ്റ്റു ചെയ്യുകയും ചെയ്ത പോലീസിന്റെ ആര്‍ജവം അഭിനന്ദനമര്‍ഹിക്കുന്നു.
കേസിലുള്‍പ്പെട്ട മുഴുവന്‍ പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യുകയും ഗൂഢാലോചന പുറത്തുകൊണ്ടുവരികയും വേണമെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.
സുന്നി സംഘടനാ പ്രവര്‍ത്തനം ഇല്ലാതാക്കാനും സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കാനും അത്യന്തം ഹീനമായ മാര്‍ഗങ്ങളുപയോഗിക്കുന്ന വിഘടിത സമസ്തയുടെ ചെയ്തികള്‍ പൊതുജനം തിരിച്ചറിയണം. പ്രവര്‍ത്തകരെ നിലക്കു നിര്‍ത്താന്‍ നേതൃത്വത്തിന് കഴിയില്ലെങ്കില്‍ ഇത്തരം സംഘങ്ങള്‍ പിരിച്ചുവിടുകയാണ് ജനങ്ങളുടെ സുരക്ഷക്ക് നല്ലത്. വിവിധ ഭാഗങ്ങളില്‍ സുന്നി സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ അതിക്രമങ്ങള്‍ നടന്ന പശ്ചാത്തലത്തില്‍ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നു വേണം അനുമാനിക്കാന്‍. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തവര്‍ എത്ര ഉന്നതരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണമെന്നും കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിച്ച് സമാധാനപരമായും സ്വാതന്ത്ര്യത്തോടെയും സേവനം ചെയ്യാന്‍ സുന്നികള്‍ക്ക് അവസരമുണ്ടാക്കണമെന്നും എസ് എം എ ആവശ്യപ്പെട്ടു.
സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, കെ.കെ. അഹമ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, വി എം കോയ മാസ്റ്റര്‍, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. എം അബ്ദുല്‍ അസീസ് ഫൈസി, സുലൈമാന്‍ സഖാഫി കുഞ്ഞുകുളം സംബന്ധിച്ചു.

---- facebook comment plugin here -----

Latest