Connect with us

Kozhikode

മുഖ്യമന്ത്രിക്കെതിരായ അക്രമം: ജില്ലയിലെങ്ങും പ്രതിഷേധം

Published

|

Last Updated

കോഴിക്കോട്: കണ്ണൂരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് ജില്ലയിലെങ്ങും റാലികളും പൊതുയോഗങ്ങളും നടന്നു. യു ഡി എഫ് കമ്മറ്റികളുടേയും വിവിധ കോണ്‍ഗ്രസ് ഘടകങ്ങളുടേയും ആഭിമുഖ്യത്തിലാണ് പ്രതിഷേധ പരിപാടികള്‍ നടന്നത്. യു ഡി എഫ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച റാലി മുതലക്കുളത്ത് നിന്ന് തുടങ്ങി മാനാഞ്ചിറ കിഡ്‌സണ്‍ കോര്‍ണറില്‍ സമാപിച്ചു.

പ്രതിഷേധ യോഗം എം കെ രാഘവന്‍ എം പി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രിക്ക് നേരെ കണ്ണൂരില്‍ നടന്ന അക്രമം സി പി എം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണെന്നും മുഖ്യമന്ത്രിയെ കൊലപ്പെടുത്താനുള്ള ആസൂത്രിത ഗൂഢാലോചനയാണ് കണ്ണൂരില്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമ്മര്‍ പാണ്ടികശാല അധ്യക്ഷത വഹിച്ചു. സമരപരാജയ പരമ്പരകള്‍ക്കൊടുവില്‍ മുഖം നഷ്ടപ്പെട്ട സി പി എം അവസാനശ്രമമെന്ന നിലയില്‍ മുഖ്യമന്ത്രിക്കെതിരെ ആസൂത്രിത അക്രമം നടത്തുകയായിരുന്നെന്ന് ഡി സി സി പ്രസിഡന്റ് കെ സി അബു പറഞ്ഞു. പ്രതിഷേധയോഗത്തില്‍ കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, സെക്രട്ടറി അഡ്വ. കെ പ്രവീണ്‍കുമാര്‍, മുന്‍മന്ത്രിമാരായ അഡ്വ. പി ശങ്കരന്‍, എം ടി പത്മ, കെ പി സി സി നിര്‍വ്വാഹകസമിതിയംഗങ്ങളായ കെ രാമചന്ദ്രന്‍മാസ്റ്റര്‍, അഡ്വ. പി എം നിയാസ്, മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി കെ കെ ബാവ, സി എം പി ജില്ലാ സെക്രട്ടറി സി എന്‍ വിജയകൃഷ്ണന്‍, ടി പി എം സാഹിര്‍, എന്‍ സി അബൂബക്കര്‍, എം എ റസാഖ് മാസ്റ്റര്‍ പങ്കെടുത്തു.
യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്ററി കമ്മറ്റി മാനാഞ്ചിറ കിഡ്‌സ് ആന്‍ഡ് കോര്‍ണര്‍ പരിസരത്ത് പ്രതിഷേധ കൂട്ടായ്മ നടത്തി. ഡി സി സി പ്രസിഡന്റ് കെ സി അബു ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പാര്‍ലിമെന്റ് മണ്ഡലം പ്രസിഡന്റ് വി പി നൗഷീര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറി എന്‍ സുബ്രമണ്യന്‍ മുഖ്യപ്രഭാഷണം നടത്തി. കെ പി സി സി ജനറല്‍ സെക്രട്ടറി പ്രവീണ്‍കുമാര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ആദം മുല്‍സി, പാര്‍ലിമെന്ററി സെക്രട്ടറി പി വി വിനീഷ് കുമാര്‍, ഐ ബി രാജേഷ്, പി പ്രിയങ്ക പങ്കെടുത്തു.
മുഖ്യമന്ത്രിക്കെതിരെ നടന്ന ആക്രമത്തില്‍ ജെ വൈ എസ് ജില്ലാ കമ്മറ്റി, കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന കമ്മറ്റി, കേരള സംസ്ഥാന അസംഘടിത തൊഴിലാളി കോണ്‍ഗ്രസ്, ലോക് ജനതാ പാര്‍ട്ടി സംസ്ഥാന കമ്മറ്റി, കേരള സാസ്‌കാരിക വേദി സംസ്ഥാന കമ്മറ്റി, കേരള വിധവ അഗതി വെല്‍ഫെയര്‍ അസോസിയേഷന്‍, സ്‌റ്റേറ്റ് എംപ്ലോയീസ് യൂനിയന്‍, ഇന്ത്യന്‍ ലോയേഴ്‌സ് കോണ്‍ഗ്രസ് എന്നീ സംഘടനകളും പ്രതിഷേധിച്ചു.