Connect with us

Kozhikode

സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതി: രജിസ്‌ട്രേഷന്‍ തുടങ്ങി

Published

|

Last Updated

കോഴിക്കോട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സംയുക്തമായി നടപ്പാക്കുന്ന സമഗ്ര ആരോഗ്യ ഇന്‍ഷ്വറന്‍സ്പദ്ധതിയില്‍ 2014-15 വര്‍ഷത്തെ രജിസ്‌ട്രേഷന് തുടക്കമായി.
2013-14 വര്‍ഷത്തില്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാന്‍ പറ്റാതിരുന്ന 600 രൂപയില്‍ താഴെ മാസവരുമാനമുള്ളവരോ ഏതെങ്കിലും ക്ഷേമനിധിയില്‍ അംഗങ്ങളോ ആയവരുടെ കുടുംബങ്ങള്‍ക്കാണ് പദ്ധതിയുടെ ഭാഗമായി ഇല്ക്‌ട്രോണിക് സ്മാര്‍ട്ട് കാര്‍ഡ് അഥവാ ആര്‍ എസ് ബി വൈ/ചിസ് കാര്‍ഡ് ലഭിക്കുക. വഴിയോരക്കച്ചവടക്കാര്‍, വീട്ടുവേലക്കാര്‍, ആക്രി/പാഴ്‌വസ്തുക്കള്‍ ശേഖരിക്കുന്നവര്‍ തുടങ്ങി തൊഴിലാളികളും ക്ഷേമനിധി പെന്‍ഷന്‍കാരുമടക്കം റേഷന്‍ കാര്‍ഡുള്ള 60 വിഭാഗങ്ങള്‍ക്ക് സ്മാര്‍ട്ട് കാര്‍ഡിനപേക്ഷിക്കാം. ക്ഷേമനിധിയില്‍ അംഗങ്ങളായവര്‍ക്ക് വരുമാനപരിധി ബാധകമല്ല. നവംബര്‍ പതിനഞ്ച് വരെയുള്ള കാലയളവില്‍ അടുത്തുള്ള അക്ഷയ കേന്ദ്രം വഴിയോ കുടുംബശ്രീയുടെ ഐ ടി യൂനിറ്റായ ഉന്നതി മുഖേനയോ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. എന്നാല്‍ നിലവില്‍ സ്മാര്‍ട്ട് കാര്‍ഡുകളുള്ളവര്‍ ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.
2013-2014 വര്‍ഷത്തില്‍ 3,96,407 പേരാണ് ജില്ലയില്‍ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതു പ്രകാരം അര്‍ഹതയുള്ളവരില്‍ നിന്ന് 92 ശതമാനം പേര്‍ക്ക് സ്മാര്‍ട്ട് കാര്‍ഡ് ലഭിച്ചു കഴിഞ്ഞു. മുപ്പത് രൂപ രജിസ്‌ട്രേഷന്‍ ഫീസ് നല്‍കിയാല്‍ 30,000 രൂപയുടെ വരെ ചകിത്സാ ധനസഹായം ലഭ്യമാക്കുന്ന പദ്ധതി ഈ വര്‍ഷം റിലയന്‍സ് ജനറല്‍ ഇന്‍ഷൂറന്‍സ് കമ്പനി വഴിയാണ് നടപ്പാക്കുന്നത്. അക്ഷയ, ഉന്നതി കേന്ദ്രങ്ങള്‍ മുഖേന സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് ഏജന്‍സി, കേരള (ചിയാക്) എന്നിവര്‍ക്കാണ് പദ്ധതിയുടെ രജിസ്‌ട്രേഷന്‍ മേല്‍നോട്ടം.
ബി പി എല്‍ കുടുംബങ്ങള്‍ക്കായി ചിസ് പ്ലസ് കാര്‍ഡിലൂടെ തിരഞ്ഞെടുത്ത ആശുപത്രികളില്‍ കാന്‍സര്‍, ഹൃദ്രോഗം, കരള്‍- വൃക്ക സംബന്ധമായ അസുഖങ്ങള്‍, ന്യൂറോളജി തകരാറുകള്‍, അപകടങ്ങള്‍, മാനസികാഘാതം തുടങ്ങിയവയുടെ ചികിത്സക്കായി 70,000 രൂപയുടെ അധിക ധന സഹായവും പദ്ധതി ഉറപ്പു നല്‍കുന്നു. കുടുംബനാഥനോ ഭാര്യക്കോ അപകടമരണം സംഭവിച്ചാല്‍ രണ്ട് ലക്ഷം രൂപയുടെ ധനസഹായവും ഇന്‍ഷുറന്‍സ് കാര്‍ഡ് വഴി ലഭിക്കും. ഇതിനായി പദ്ധതി എന്‍ റോള്‍മെന്റിനായി എടുക്കുന്ന കുടുംബ ഫോട്ടോയില്‍ കുടുംബനാഥനും ഭാര്യയും നിര്‍ബന്ധമായും ഉള്‍പ്പെടേണ്ടതാണ്. രജിസ്‌ട്രേഷനുശേഷം പുതുതായി കുടുംബാംഗങ്ങളെ ചേര്‍ക്കണമെന്നുളളവര്‍ക്ക് ടാഗോര്‍ ഹാളിനു സമീപമുള്ള ആര്‍ എസ് ബി വൈ ജില്ലാ കിയോസ്‌കില്‍ അപേക്ഷ നല്‍കാം. പരമാവധി അഞ്ച് പേര്‍ക്കാണ് പേരുചേര്‍ക്കാന്‍ കഴിയുക.
ജില്ലയില്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററുകള്‍ ഉള്‍പ്പെടെ 17 ഗവ. ആശുപത്രികളിലും സഹകരണ ആശുപത്രികള്‍ ഉള്‍പ്പെടെ 10 സ്വകാര്യ ആശുപത്രികളിലുമാണ് സ്മാര്‍ട്ട് കാര്‍ഡ് വഴി ചികിത്സ ലഭ്യമാവുക. പദ്ധതിയില്‍ ഭാഗമാകാനുദ്ദേശിക്കുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് എക്‌സി. ഡയറക്ടര്‍, ചിയാക്, 7ാം നില, ട്രാന്‍സ് ടവര്‍, വഴുതക്കാട്, തിരുവനന്തപുരം-14, ഫോണ്‍ -0471 2334457, എന്ന വിലാസത്തില്‍ അപേക്ഷിക്കാം.

Latest