Connect with us

Malappuram

രണ്ട് പമ്പ് ഹൗസുകളും പ്രവര്‍ത്തനരഹിതം; ഇരിങ്ങല്ലൂരില്‍ കൃഷിക്ക് വെള്ളമില്ല

Published

|

Last Updated

വേങ്ങര: രണ്ട് പമ്പ് ഹൗസുകള്‍ നിലവിലുണ്ടായിട്ടും ഒരു വര്‍ഷമായി വെള്ളം മുടങ്ങിയത് കാരണം ഇരിങ്ങല്ലൂരില്‍ കൃഷി നശിക്കുന്നു. മൈനര്‍ ഇറിഗേഷന്‍ വകുപ്പിന്റെ പറപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ ഇരിങ്ങല്ലൂര്‍ കല്ലക്കയം കാര്‍ഷിക ജലവിതരണ പദ്ധതിയാണ് അധികൃതരുടെ അനാസ്ഥകാരണം മുടങ്ങിക്കിടക്കുന്നത്.
40 എച്ച് പി പമ്പിംഗ് ശേഷിയുള്ള രണ്ട് മോട്ടോറുകള്‍ നിലവിലുള്ള പമ്പ്ഹൗസ് 1979ല്‍ സ്ഥാപിച്ചതാണ്. പറപ്പൂര്‍ ഗ്രാമ പഞ്ചായത്തിലെ ഒന്ന്, രണ്ട്, നാല്, ആറ് വാര്‍ഡുകളില്‍ ഉള്‍പ്പെട്ട കിഴക്കേ പാടം, പടിഞ്ഞാറെ പാടം എന്നിവിടങ്ങളിലെ കൃഷിക്കുള്ള ഏക ആശ്രയം ഈ പദ്ധതിയായിരുന്നു. കര്‍ഷകരുടെ നിരന്തര ആവശ്യത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് നിലവിലെ പമ്പ് ഹൗസിനു സമീപം മറ്റൊരു പമ്പ്ഹൗസും കൂടെ പണി തീര്‍ത്ത് 40 എച്ച് പി ശേഷിയുള്ള മറ്റു രണ്ട് മോട്ടോര്‍കൂടെ സ്ഥാപിച്ചത്. ഗ്രാമ പഞ്ചായത്ത് സ്ഥാപിച്ച നേരത്തെയുള്ള മോട്ടോര്‍ ഉപയോഗിച്ച് പമ്പ് ചെയ്യുന്നതിന് പകരം ഇറിഗേഷന്‍ വകുപ്പിന്റെ പുതിയ മോട്ടോര്‍ പ്രവര്‍ത്തിച്ചതോടെ നിലവിലുള്ള വെള്ളം പോലും ലഭിക്കാതെയായി.
പുതുതായി സ്ഥാപിച്ച മോട്ടോര്‍ പ്രവര്‍ത്തിക്കാനാവശ്യമായ സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കാതെ മോട്ടോര്‍ സ്ഥാപിച്ചതാണ് പമ്പ്ഹൗസ് നോക്കുകുത്തിയാവാനിടയായത്. അതേ സമയം കര്‍ഷകര്‍ക്ക് ഫലത്തില്‍ ഒരു വര്‍ഷമായിട്ട് രണ്ട് പമ്പ്ഹൗസുകളില്‍ നിന്നുള്ള വെള്ളവും ലഭിക്കാതെയായി. ഇതോടെ ഏക്കര്‍കണക്കിന് നെല്‍കൃഷി നശിക്കുകയാണ്. കഴിഞ്ഞ വര്‍ഷവും ഈ പമ്പ്ഹൗസില്‍ നിന്നും ആവശ്യമായ വെള്ളം ലഭിക്കാത്തത് കാരണം നിരവധി കര്‍ഷകര്‍ കൃഷി ഉപേക്ഷിക്കുകയും ഏക്കര്‍കണക്കിന് കൃഷി നശിക്കുകയും ചെയ്തിരുന്നു. കല്ലക്കയം പമ്പ്ഹൗസില്‍ നിന്നുള്ള ജലവിതരണം കാര്യക്ഷമമാക്കണമെന്നും പുതുതായി സ്ഥാപിച്ച മോട്ടോറിന്റെ കാര്യക്ഷമത ഉറപ്പുവരുത്തണമെന്നും ആവശ്യപ്പെട്ട് കര്‍ഷകര്‍ സ്ഥലം എം എല്‍ എ കൂടിയായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

Latest