Connect with us

Kerala

വിസ ഓണ്‍ അറൈവല്‍ സൗകര്യം വിപുലമാക്കുന്നു

Published

|

Last Updated

ന്യൂഡല്‍ഹി: 40 രാഷ്ട്രങ്ങളില്‍ നിന്ന് വരുന്ന വിനോദസഞ്ചാരികള്‍ക്ക് കൂടി വിസ ഓണ്‍ അറൈവല്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. അമേരിക്ക, ബ്രിട്ടന്‍, കാനഡ, ബ്രസീല്‍, ആസ്‌ത്രേലിയ, യു എ ഇ, സഊദി അറേബ്യ അടക്കമുള്ള രാജ്യങ്ങളിലെ സഞ്ചാരികള്‍ക്കാണ് ഈ സൗകര്യം.
ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യുന്നതിന് വിവിധ മന്ത്രാലയങ്ങളുടെയും ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെയും ഉന്നതതല യോഗം ആസൂത്രണ കമ്മീഷന്‍ വിളിച്ചിട്ടുണ്ട്. യോഗം ഇന്ന് നടക്കും. കറണ്ട് അക്കൗണ്ട് കമ്മി നികത്തുന്നതിനും വിദേശ നാണ്യം വന്നുചേരാനും ഇത് ഇടയാക്കുമെന്ന് ആസൂത്രണ മന്ത്രി രാജീവ് ശുക്ല പറഞ്ഞു.
ആസൂത്രണ മന്ത്രി, ആസൂത്രണ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക് സിംഗ് അലുവാലിയ, ടൂറിസം, വിദേശകാര്യം, ആഭ്യന്തരം തുടങ്ങിയ മന്ത്രാലയങ്ങളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. വിസാ ചട്ടങ്ങളുടെ കാര്‍ക്കശ്യം വിദേശസഞ്ചാരികളുടെ എണ്ണത്തില്‍ വന്‍കുറവാണ് രാജ്യത്തുണ്ടാക്കുന്നത്. യു എസ്, കാനഡ, യൂറോപ്പ്, ശ്രീലങ്ക, ഭൂട്ടാന്‍, നേപ്പാള്‍ തുടങ്ങിയ രാഷ്ട്രങ്ങളിലെ സഞ്ചാരികള്‍ക്ക് വിസാ ചട്ടങ്ങളില്‍ ഇളവുണ്ട്.
2012ല്‍ 65.8 ലക്ഷം വിദേശ സഞ്ചാരികളാണ് രാജ്യത്തെത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 4.3 ശതമാനം അധികമാണിത്. ഈ വകയില്‍ 2012ല്‍ 177.4 കോടി ഡോളര്‍ ഇന്ത്യക്ക് ലഭിച്ചു. വര്‍ഷാവര്‍ഷം 7.1 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തുന്നത്.