Connect with us

Kerala

നിതാഖാത്ത് സമയപരിധി തീരുന്നു; പ്രവാസികള്‍ നെട്ടോട്ടം തുടങ്ങി

Published

|

Last Updated

കാളികാവ്: സ്വദേശിവത്കരണത്തിന്റെ ഭാഗമായി സഊദി അറേബ്യയില്‍ പ്രഖ്യാപിച്ച നിതാഖാത്ത് സമയപരിധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കേ പ്രവാസികള്‍ ആശങ്കയില്‍. സഊദിയില്‍ ജോലി ചെയ്യുന്നവര്‍ രേഖകള്‍ ശരിയാക്കുന്നതിനുള്ള അവസാന നെട്ടോട്ടത്തിലാണ്. സഊദി തൊഴില്‍ മന്ത്രി ആദില്‍ ഫഖീഹിന്റെ നിര്‍ദേശ പ്രകാരം അബ്ദുല്ലാ രാജാവ് പ്രഖ്യാപിച്ച ഇളവിന്റെ അവസാന ദിവസം നവംബര്‍-4 (ദുല്‍ഹജ്ജ്-30)ന് അവസാനിക്കും. രേഖകള്‍ ശരിയാക്കുന്നതിനുള്ള സമയ പരിധിക്കുള്ളില്‍ ഹജ്ജ് കര്‍മങ്ങള്‍ക്ക് വേണ്ടി ഒന്‍പത് ദിവസം ഓഫീസുകള്‍ അടക്കുന്നതിനാല്‍ പ്രവാസികള്‍ ഏറെ പ്രയാസത്തിലായി.
മഞ്ഞ, ചുവപ്പ് കാറ്റഗറിയിലുള്ളവര്‍ക്ക് പച്ച കാറ്റഗറിയിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറ്റാന്‍ പല കമ്പനികളും ഭീമമായ സംഖ്യയാണ് ഈടാക്കുന്നതെന്ന് കഴിഞ്ഞ ദിവസം നിതാഖാത്ത് മൂലം തിരിച്ചു വന്ന സി കെ ഗഫൂര്‍ സഖാഫി പള്ളിശ്ശേരി സിറാജിനോട് പറഞ്ഞു. ജിദ്ദ, റിയാദ്, ദമാം തുടങ്ങിയ സ്ഥലങ്ങളിലും, മറ്റ് ചെറു പട്ടണങ്ങളിലും കാലാവധി തീര്‍ന്നിട്ടും രാജ്യത്ത് തങ്ങുന്നവര്‍ക്കുള്ള പിഴയും ജയില്‍വാസവും അടക്കമുള്ള കര്‍ശന ശിക്ഷകള്‍ നടപ്പാക്കുമെന്ന ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. സവ, മൊബൈലി, സൈന്‍ തുടങ്ങിയ മൊബൈലുകളിലും, സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളിലും ടൗണുകളില്‍ സ്ഥാപിച്ച ബോര്‍ഡുകളിലും രേഖപ്പെടുത്തിയ ശിക്ഷകള്‍ പരസ്യങ്ങളായി വരുന്നുണ്ടെന്നാണ് പ്രവാസികള്‍ പറയുന്നത്.
ഫിലിപ്പൈന്‍സ്, ഇന്തോനേഷ്യ, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ എംബസികള്‍ പൗരന്‍മാരുടെ ജോലി സുരക്ഷിതത്ത്വത്തിനും സ്ഥിരതക്കും ഹെല്‍പ് ലൈന്‍ പദ്ധതികളടക്കം മുന്നൊരുക്കങ്ങളും നടപ്പാക്കിയിട്ടുണ്ട്. സഊദിയിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യക്കാരാണ്. അവരില്‍ 15 ശതമാനം മലയാളികളുമാണ്. നാലായിരം കോടിയിലധികമാണ് വര്‍ഷാ വര്‍ഷം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്നത്. നിതാഖാത്ത് പ്രശ്‌നത്തില്‍ പ്രായോഗികമായ ഒരു നടപടിയും ഇന്ത്യന്‍ എംബസി കൈക്കൊള്ളുന്നില്ലെന്നാണ് തിരിച്ചെത്തുന്നവര്‍ അമര്‍ഷത്തോടെ പറയുന്നത്. നിതാഖാത്ത് മൂലം വിപരീത ഫലം ഉണ്ടായിട്ടില്ലെന്ന് മുഖ്യമന്ത്രിഅടക്കം പറയുന്നുണ്ടെങ്കിലും കാലാവധി തീരുന്നതോടെ ഈ ധാരണ തിരുത്തേണ്ടി വരുമെന്നാണ് പ്രവാസികള്‍ ചൂണ്ടിക്കാട്ടുന്നത്. പലിശ രഹിത വായ്പ, ചെറുകിട വ്യവസായ സംരംഭങ്ങള്‍ തുടങ്ങുന്നതിനുള്ള സഹായം, സ്വയംതൊഴില്‍ തുടങ്ങുന്നതിനുള്ള സഹായങ്ങള്‍ തുടങ്ങിയ പ്രായോഗിക നടപടികളിലൂടെ നിതാഖാത്ത്മൂലം തിരിച്ചു വരുന്നവരെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടികള്‍ കൈക്കൊള്ളണമെന്നാണ് പ്രവാസി സംഘടനകള്‍ ആവശ്യപ്പെടുന്നത്.

---- facebook comment plugin here -----

Latest