Connect with us

Malappuram

മഞ്ചേരിയില്‍ മൂന്ന് വയസുകാരിക്ക് ഡിഫ്തീരിയ ബാധ; പ്രദേശത്ത് പ്രതിരോധ കുത്തിവെപ്പ് നല്‍കി

Published

|

Last Updated

മഞ്ചേരി: ഒരിടവേളക്കു ശേഷം സംസ്ഥാനത്ത് വീണ്ടും മഹാമാരിയായ ഡിഫ്തീരിയ രോഗം പ്രത്യക്ഷപ്പെട്ടത് ആശങ്ക പരത്തുന്നു.
മഞ്ചേരി ചെകിരി മൂച്ചിക്കലില്‍ മൂന്ന് വയസുകാരിക്കാണ് ഡിഫ്തീരിയ ബാധിച്ചതായി ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചത്. കടുത്ത പനിയുമായി മഞ്ചേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടിയെ വിദഗ്ധ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് ഡിഫ്തീരിയയാണെന്ന് കണ്ടെത്തിയത്. തൊണ്ട വേദന, തൊണ്ടയില്‍ തടസം, ശ്വാസ തടസം, ആഹാരമിറക്കാന്‍ പ്രയാസം എന്നീ ലക്ഷണങ്ങളാണ് കുട്ടിക്കുള്ളത്.
സംസ്ഥാനത്ത് ഡിഫ്തീരിയ വാക്‌സിനില്ലാത്തതിനാല്‍ ഡല്‍ഹിയില്‍ നിന്നാണ് ആന്റി ഡിഫ്തീരിയ സിറം വരുത്തിയത്. ഇതിന് പതനായിരത്തിലധികം രൂപ വിലവരും. രണ്ട് മാസം മുമ്പ് മങ്കടയിലും ഡിഫ്തീരിയ കണ്ടെത്തിയിരുന്നു. ഡിഫ്തീരിയ ബാധിച്ച് തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ വെള്ളനാട് സ്വദേശി അപര്‍ണയെന്ന ആറുവയസുകാരിയെ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവിടെയും മരുന്ന് ലഭ്യമല്ല. പ്രതിരോധ കുത്തിവെപ്പ് നടപടിയെടുക്കുന്നതിലെ വീഴ്ചയും അപകടവുമാണ് സംസ്ഥാനത്ത് നിന്ന് തുടച്ചുമാറ്റപ്പെട്ടുവെന്ന് ആരോഗ്യ വകുപ്പ് കരുതിയിരുന്ന ഡീഫ്തീരിയ വീണ്ടും ആശങ്കയോടെ തിരച്ചു വരുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട രണ്ട് കുഞ്ഞുങ്ങളുടെയും ഞരമ്പുകളെ രോഗം ബാധിച്ചിട്ടുണ്ട്.
ചെകിരയന്‍ മൂച്ചിയില്‍ ഡിഫ്തീരിയ ബാധിച്ചുവെന്ന വിവരം അറിഞ്ഞ ആരോഗ്യ വകുപ്പ് അധികൃതര്‍ പ്രദേശത്ത് വ്യാപകമായി ബോധവത്കരണവും പ്രതിരോധ കുത്തിവെപ്പും നടത്തി. 91 കുട്ടികള്‍ക്ക് പ്രതിരോധ കുത്തിവെപ്പ് നല്‍കി. ഇതില്‍ 81 കുട്ടികള്‍ക്ക് മുമ്പ് യാതൊരു കുത്തിവെപ്പുകളും എടുത്തിട്ടില്ലെന്ന് കണ്ടെത്തി. ആശ – അങ്കണ്‍വാടി – ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത്രയും കുട്ടികള്‍ക്ക് പ്രതിരോധകുത്തിവെപ്പ് നല്‍കാന്‍ കഴിഞ്ഞത്.
രണ്ടാംഘട്ട ക്യാമ്പ് അടുത്ത മാസം 22ന് രാമംകുളം സബ് സെന്ററില്‍ നടക്കുമെന്ന് ഡെപ്യൂട്ടി ഡി എം ഒ അറിയിച്ചു. സൂപ്രണ്ട് ഡോ. കെ എം സുകുമാരന്‍, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. രോണുക, ഡി പിഎച്ച് എന്‍ ദേവകി, മാസ് മീഡിയ ഓഫീസര്‍ ഗോപാലന്‍ എന്നിവരും ഡോ. ഹബീബ്, ജെ പിഎച്ച് എന്‍ കാര്‍ത്ത്യായനി, ജയശ്രീ എന്നിവരും സ്ഥലത്തെത്തി.
വളാഞ്ചേരി ആതവനാട് അനന്താവൂരില്‍ ടെറ്റനസ് ബാധിച്ച ഒരു കുട്ടിയെ പെരിന്തല്‍മണ്ണ എം ഇ എസ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. യഥാസമയം നല്‍കേണ്ട കൃത്യമായ വാക്‌സിനേഷനും പ്രതിരോധ മരുന്നുകളും കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പു വരുത്തണമെന്ന് മലപ്പുറം ഡി എം ഒ ഡോ. വി ഉമര്‍ ഫാറൂഖ് പറഞ്ഞു.