Connect with us

Ongoing News

ഐതീഹ്യങ്ങളുടെ ഓണം

Published

|

Last Updated

സ്വസ്വപ്നങ്ങളാണ് ജീവതമല്ലാത്ത ജീവിതത്തെ ജീവിക്കാന്‍ കൊള്ളാവുന്നതാക്കിത്തീര്‍ക്കുന്നത്. ഓണം ഒരു സ്വപ്ന സാക്ഷാത്കാരത്തിനുള്ള കാത്തിരിപ്പാണ്. മനുഷ്യന്‍, സമൂഹം എന്ന അസ്തിത്വവുമായി ജീവിക്കുമ്പോള്‍ സന്തുഷ്ടിയാണ് വളര്‍ച്ചക്കു നിദാനമായി വര്‍ത്തിക്കുന്നത്. ഒരു മഹാബലി കാലം ഉണ്ടായിരുന്നുവെന്നും അതു നഷ്ടപ്പെട്ടുവെന്നും മനസ്സിലാക്കിയ മലയാളി സര്‍ഗാത്മകതയുടെ ആളിപ്പടര്‍പ്പു കാട്ടിത്തരുന്ന മഹത്തായ ആഘോഷമാണ് ഓണം.

നഷ്ട വസന്തമേ സമത്വത്തിന്റെ കുയില്‍ നാദവുമായി ആര്‍പ്പു വിളിയുമായി ആണ്ടിലൊരിക്കലെങ്കിലും ഒന്നു വരൂ എന്ന ചിന്ത വിനിര്‍ഗളിച്ചതല്ലേ ഓണാഘോഷം. ഒരുവന്‍ അപരനെ മാനിക്കുന്ന ജീവിതം. സഹിഷ്ണുതയുടെ കേതാരമായ ജീവിത രംഗങ്ങള്‍. ആഹ്ലാദത്തിന്റെ ദിനരാത്രങ്ങള്‍, മാനുഷരെല്ലാരും ഒന്നു പോലെ എന്ന വരി യാഥാര്‍ഥ്യമാക്കിയിരുന്ന സുവര്‍ണ കാലമത്രെ മഹാബലിക്കാലം. സമത്വ സുന്ദരമായിരുന്ന കാലത്തിന്റെ പച്ചപ്പില്‍നിന്നും ചൂടുപാതയിലൂടെ കടന്ന് എരി തീയിലെത്തിയ ജീവിതം ആഗ്രഹിച്ചു പോകുന്നു. ആ നല്ല നാളുകള്‍ വീണ്ടും വന്നെങ്കില്‍.

ചില ഐതിഹ്യങ്ങള്‍ ജീവിതത്തെ സമ്പൂര്‍ണമായി സ്വാധീനിക്കാറുണ്ട്. ബലിയെക്കുറിച്ചുള്ള ഐതിഹ്യവും അത്തരത്തിലുള്ളതാണ്. ഉത്തരേന്ത്യയില്‍ നര്‍മദ തീരത്തെങ്ങോ ഭരിച്ചിരുന്ന മഹാബലി കേരള ചക്രവര്‍ത്തിയായതെങ്ങനെ എന്നു ചിന്തിച്ചാല്‍ യുക്തിഭംഗം കാണാം. അക്കാലത്ത് കേരളമെന്ന പ്രദേശം തന്നെ ഉണ്ടായിരുന്നോ? മഹാബലി എന്ന പേരു സ്വീകരിച്ച കേരള ചക്രവര്‍ത്തി ഭരണം നടത്തിയിരിക്കാം. മായന്‍ എന്ന രാജാവിനെക്കുറിച്ച് പരാമര്‍ശമുണ്ട്. മായന്‍ മഹാബലിയായി മാറിയതാണോ എന്ന് ചിന്തിക്കാവുന്നതാണ്. ഏതായാലും പുരുഷാന്തരങ്ങളെ പുളകം കൊള്ളിച്ച് മഹാബലിയുടെ ജീവിതം ഐതിഹ്യപ്പച്ചയായി പടര്‍ത്തേണ്ടിയിരിക്കുന്നു. രഞ്ജിപ്പിക്കുന്നവന്‍ മാത്രമാണ് രാജാവ്. പ്രജാക്ഷേമം നോക്കി ഭരണം കാഴ്ചവെക്കാന്‍ മഹാബലിക്കു കഴിഞ്ഞു. ഭക്ഷണം, വസ്ത്രം, പാര്‍പ്പിടം, പ്രാഥമിക ആവശ്യങ്ങള്‍ നിറവേറ്റപ്പെട്ടു, വ്യക്തിവികാസം തരപ്പെട്ടു നീതി നടമാടി. പക്ഷേ, സ്വാതന്ത്ര്യത്തിനു ചില പരിമിതികള്‍ കല്‍പിക്കപ്പെട്ടു. ബലിയുടെ ആത്മവിശ്വാസം അതിര്‍വരമ്പുകള്‍ ഭേദിച്ച് അഹങ്കാരത്തിലേക്കു കടന്നിരിക്കാം. അധികാരം പാപസുഖങ്ങളിലേക്കു വഴുതി വീഴാറുണ്ടല്ലോ. ദൈവ ചിന്തയില്ലാത്ത, അനിയന്ത്രിതമായ സുഖോല്ലാസിതമായ ജീവിതം മഹാബലിയെ പാതാളത്തിലേക്കു താഴ്ത്തി. എങ്കിലും വാമനന്റെ പ്രവൃത്തിയില്‍ വഞ്ചനയുടെ നിഴലാട്ടം പ്രജകള്‍ കണ്ടു. കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത് എന്ന ചൊല്ല് പൗരാണികമായ അനുഭവത്തിന്റെ തീക്കനല്‍ പേറി നമ്മുടെ പൂര്‍വികര്‍ സൃഷ്ടിച്ചതാണെന്നു തോന്നുന്നു.

കേരളം സൃഷ്ടിച്ചത് പരശുരാമനാണെന്ന ഐതിഹ്യം നിലവിലുണ്ട്. 21 വട്ടം ക്ഷത്രിയ സംഹാരം നടത്തി മതിയാക്കിയ പരശുരാമന്‍ സൃഷ്ട്യുന്മുഖനായി കടലില്‍ നിന്ന് കര സൃഷ്ടിച്ചു. താന്‍ സൃഷ്ടിച്ചു കുടിയിരുത്തിയ മക്കളെ കാണാന്‍ അദ്ദേഹം എത്തുന്ന ദിനമായി തിരുവോണത്തെ കാണുന്നവരുണ്ട്.
ചേരമാന്‍ പെരുമാള്‍ ഇസ്‌ലാം മതം സ്വീകരിച്ച് മക്കത്തു പോയത് തിരുവോണ ദിവസമാണെന്ന് മലബാറുകാരില്‍ ചിലര്‍ വിശ്വസിക്കുന്നു. അതും ഐതിഹ്യബലമേകി നിലനില്‍ക്കുന്നു. കേരളീയര്‍ ജാതിമത ഭേദമന്യേ ആഹ്ലാദത്തിമിര്‍പ്പോടെ കൊണ്ടാടുന്ന ഒരേയൊരു ആഘോഷം ഓണം മാത്രമാണ്. രാജ്യം ഭരിച്ചു മുടിക്കുന്നവര്‍ ജനകീയ വിചാരണക്കു വിധേയമാകാറുണ്ട്. സംഘടിതമായ പ്രക്ഷോഭങ്ങള്‍ക്കു മുന്നില്‍ അവരുടെ കിരീടവും ചെങ്കോലും അപ്രത്യക്ഷമായിട്ടുണ്ടല്ലോ. ഇവിടെ ചവിട്ടിത്താഴ്ത്തപ്പെട്ട ഒരു ചക്രവര്‍ത്തി ജനങ്ങളുടെ കണ്ണിലുണ്ണിയായി മരണാനന്തര ജീവിതം നയിക്കുന്നു. ആണ്ടിലൊരിക്കല്‍ അദ്ദേഹം പ്രജകളെ കാണാനെത്തുകയാണ്. ജനങ്ങളാകട്ടെ പ്രായഭേദമന്യേ അദ്ദേഹത്തെ എതിരേല്‍ക്കുന്നു. പൂക്കളങ്ങള്‍, പൂത്തിരികള്‍, കോടി മുണ്ടുകള്‍, സദ്യവട്ടങ്ങള്‍, ഓണക്കളികള്‍ എന്നിങ്ങനെ അനവധി ഒരുക്കങ്ങളുമായാണ് കാത്തിരിപ്പ്. ചരിത്രത്തില്‍ ഇത്തരം കാത്തിരിപ്പുകള്‍ തുലോം കുറവാണ്. ചില ഭരണാധികാരികള്‍ സ്ഥാനം ഒഴിയുമ്പോള്‍ ഹാവൂ എന്ന വ്യക്ഷേപക നിശ്വസിതമായിരിക്കും ജനങ്ങളുടെ ആദ്യ പ്രതികരണം. ഉണര്‍വിന്റെ ഓണം വിപണിയുടെ പിടിയില്‍ അമര്‍ന്നിരിക്കുകയാണ്.

മഹാബലിയെ കുടവയറനായ തീറ്റിപ്പണ്ടാരമാക്കി ഏതോ ചിത്രകാരന്‍ വരച്ചു വെച്ചു. വിപണിക്കണ്ണുകള്‍ അതേറ്റെടുത്ത് കച്ചവടം കൊഴുപ്പിക്കുകയാണ്. കച്ചവടം കൊഴുക്കുന്തോറും മാവേലി സ്റ്റോറുകള്‍ പശുക്കളൊഴിഞ്ഞ ആലപോലെ ശൂന്യമായി മാറി. പ്രകൃതി നശീകരണവും ഓണത്തിന്റെ നിറം കെടുത്തി. ഓണപ്പൂക്കളവും ഓണക്കളിയും സദ്യയുമൊക്കെ എത്രത്തോളം മാറിയെന്ന് ഓരോ മലയാളിക്കും അറിയാം. നാടന്‍ കളികളില്‍ മതി മറക്കുന്നതിന്റെ ആഹ്ലാദം നമുക്ക് അന്യമായി. നമ്മള്‍ രോഗികളുമായി. യുവാക്കള്‍ മദ്യത്തിലും മയക്കു മരുന്നിലും വിധ്വംസക പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടരായി. ടെലിവിഷനും ഇന്റര്‍നെറ്റും താരങ്ങളായി. പാടങ്ങളും തൊടികളും ഫ്‌ളാറ്റുകളായി. ടെലിവിഷന്‍ നല്‍കുന്ന പരസ്യവ്യവസായത്തിന്റെ ഇടവേളകളില്‍ ലഭിക്കുന്ന വിഷലിപ്തമായ പരിപാടികളില്‍ തളച്ചിട്ട് കേരളീയര്‍ സ്വന്തം നാടിനെ ഇന്ത്യയുടെ മദ്യതലസ്ഥാനമാക്കി മാറ്റി. ഓണത്തിന്റെ സ്വപ്നവും പൊലിമയും മരവിപ്പിലേക്കു കൂപ്പു കുത്തി.

ശ്രാവണം
ആവണമായി
ആവണി
ഓണമായി
ഓണമെന്നാണിനി
ണം
എന്നാണ് ചോദിച്ചു പോകുന്നത്.്.