International
റഷ്യ - അമേരിക്ക ചര്‍ച്ച വിജയകരം

വാഷിംഗ്ടണ്‍: സിറിയയുടെ രാസായുധങ്ങള്‍ അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലെവ്‌റോവും തമ്മില്‍ നടന്ന ചര്‍ച്ച വിജയകരം. സിറിയന്‍ പ്രശ്‌നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര സമ്മേളനം വിളിച്ചു ചേര്‍ക്കാനും പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരഹിരിക്കാനും റഷ്യയും അമേരിക്കയും തീരുമാനിച്ചു. സിറിയന്‍ വിഷയത്തിലെ യു എന്‍ പ്രത്യേക പ്രതിനിധി ലഖ്ദര്‍ ഇബ്‌റാഹീമിയുടെ നേതൃത്വത്തില്‍ ജനീവയില്‍ നടന്ന ചര്‍ച്ചയിലാണ് നിര്‍ണായക തീരുമാനങ്ങള്‍ ഉണ്ടായത്. സിറിയക്കെതിരായ ആക്രമണത്തില്‍ നിന്ന് അമേരിക്ക പിന്മാറിയ സാഹചര്യത്തിലാണ് ചര്‍ച്ച നടന്നത്.
സിറിയന്‍ വിഷയത്തെ കുറിച്ച് രണ്ടാഴ്ചക്കുള്ളില്‍ അന്താരാഷ്ട്ര തലത്തില്‍ സമാധാന ചര്‍ച്ച വിളിച്ചു ചേര്‍ക്കുമെന്നും ലവ്‌റോവുമായി നടന്ന ചര്‍ച്ച ക്രിയാത്മകവും വിജയകരവുമായിരുന്നെന്നും യു എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറി വ്യക്തമാക്കി. സിറിയന്‍ വിഷയത്തില്‍ റഷ്യയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും കെറി കൂട്ടിച്ചേര്‍ത്തു. സമാധാന ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്‌റോവ് പറഞ്ഞു.
സിറിയക്കെതിരെ അമേരിക്ക ആഹ്വാനം ചെയ്ത സൈനിക നടപടിക്ക് അന്താരാഷ്ട്ര തലത്തില്‍ പിന്തുണ ലഭിക്കാതിരിക്കുകയും സിറിയയുടെ രാസായുധവുമായി ബന്ധപ്പെട്ട് റഷ്യയുടെ നേതൃത്വത്തില്‍ മൂന്ന് ദിവസം മുമ്പ് നടന്ന ചര്‍ച്ച വിജയകരമാകുകയും ചെയ്തതോടെയാണ് റഷ്യയുമായി ചര്‍ച്ചക്ക് തയ്യാറാകാന്‍ അമേരിക്ക തീരുമാനിച്ചത്. രാസായുധം അന്താരാഷ്ട്ര നിയന്ത്രണത്തില്‍ കൊണ്ടുവരാമെന്ന് സിറിയ റഷ്യക്ക് ഉറപ്പ് നല്‍കിയതോടെയാണ് ആക്രമണ പദ്ധതിയില്‍ നിന്ന് അമേരിക്ക പിന്മാറിയത്. അതേസമയം, സിറിയക്കെതിരെ പരോക്ഷമായ ആക്രമണ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് യു എസ് തീരുമാനിച്ചതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. വിമതര്‍ക്ക് ആയുധങ്ങളടക്കമുള്ള സഹായങ്ങളെത്തിച്ച് സിറിയയില്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാക്കാനും അതുവഴി സിറിയന്‍ സര്‍ക്കാറിനെ താഴെയിറക്കാനും അമേരിക്ക ലക്ഷ്യം വെക്കുന്നതായി റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
വ്യാപകമായ തോതില്‍ വിമതര്‍ക്ക് അമേരിക്ക ആയുധങ്ങളെത്തിച്ച് കൊടുക്കുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം യു എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനെ കുറിച്ച് പ്രതികരിക്കാന്‍ അമേരിക്കയുടെ ഔദ്യോഗിക വൃത്തങ്ങള്‍ തയ്യാറായിട്ടില്ല.