Connect with us

Kerala

പെരിന്തല്‍മണ്ണ ദുരന്തം: മരിച്ചവര്‍ക്ക് യാത്രാമൊഴി

Published

|

Last Updated

പെരിന്തല്‍മണ്ണ: നാടിനെ നടുക്കിയ പെരിന്തല്‍മണ്ണ ബസ്സപകടത്തില്‍ മരിച്ചവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. രാവിലെ ഒമ്പത് മണിയോടെ മേല്‍ക്കുളങ്ങര എല്‍ പി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹങ്ങള്‍ തുടര്‍ന്ന് മൂന്നിടങ്ങളിലായി സംസ്‌കരിച്ചു. മേല്‍ക്കുളങ്ങര സ്വദേശികളായ ഒന്‍പത് പേരുടെ മയ്യിത്ത് മേല്‍ക്കുളങ്ങര ജി എല്‍ പി സ്‌കൂളില്‍ മയ്യിത്ത് നിസ്‌ക്കാരത്തിന് ശേഷം മേല്‍ക്കുളങ്ങര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. രണ്ട് പേരുടെ സംസ്‌കാരം മേല്‍ക്കുളങ്ങര എസ് സി എസ്്ടി കോളനി ശ്മശാനത്തിലും ഒരാളുടെത് ഷൊര്‍ണൂര്‍ ശാന്തി കവാടത്തിലും ഡ്രൈവര്‍ ഇക്തിഷാന്‍ സല്‍മാന്റെ ഖബറടക്കം മാനത്തുമംഗലം പള്ളി ഖബര്‍സ്ഥാനിലും നടന്നു.

മേല്‍ക്കുളങ്ങര സ്വദേശികളായ മറിയ, ഷഫീല, ഷംന, തസ്‌നി, മുബഷിറ, ഹസീന, സാബിറ, സൈനബ, ഫാത്തിമ എന്നിവരുടെ മയ്യിത്തുകളാണ് മേല്‍ക്കുളങ്ങര ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കിയത്. ചെറിയക്കന്‍, ചൊര്‍ച്ചി എന്നിവരുടെ മൃതദേഹങ്ങള്‍ എസ് സി എസ് ടി ശ്മാശനത്തിലും നീതുവിന്റെ മൃതദേഹം ഷൊര്‍ണൂര്‍ ശാന്തി കവാടത്തിലും സംസ്‌കരിച്ചു.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് മൃതദേഹങ്ങള്‍ വീടുകളിലെത്തിച്ചത്. രാത്രി വൈകിയും ഉറ്റവരയെും ഉടയവരെയും ഒരു നോക്ക് കാണാനായി വന്‍ ജനാവലി മേല്‍ക്കുളങ്ങരയിലെത്തി. മേല്‍ക്കുളങ്ങര ഗ്രാമത്തിന് മാത്രം നഷ്ടമായത് ഒന്‍പത് പേരെയാണ്. മയ്യിത്തുകള്‍ വീട്ടിലെത്തിച്ചപ്പോള്‍ ഹൃദയഭേദകമായിരുന്നു കാഴ്ചകള്‍.

അപകടത്തില്‍ പരുക്കേ നിരവധി പേരുടെ നില ഗുരുതരമാണ്. ഇവര്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും മറ്റുള്ളവര്‍ പെരിന്തല്‍മണ്ണ മൗലാന, അല്‍ശിഫാ ആശുപത്രികളിലുമാണ് ചികിത്സയില്‍ കഴിയുന്നത്.

പെരിന്തല്‍ മണ്ണയില്‍ നിന്ന് മേല്‍ക്കുളങ്ങരയിലേക്ക് പോകുകയായിരുന്ന ഫ്രണ്ട്‌സ് എന്ന മിനി ബസ്സാണ് ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ തേലക്കാട്ട് വെച്ച് അപകടത്തില്‍പ്പേട്ടത്. അമിതവേഗതയിലായിരുന്ന ബസിന്റെ ടയര്‍ പൊട്ടിത്തെറിച്ച് മരത്തിലിടിച്ച് മറിയുകയായിരുന്നു. അപടത്തില്‍ രണ്ടായി പിളര്‍ന്ന ബസില്‍ നിന്ന് ഏറെ പണിപ്പെട്ടാണ് ആളുകളെ പുറത്തെടുത്തത്. അഞ്ച് പേര്‍ സംഭവസ്ഥലത്തും എട്ട് പേര്‍ ആശുപത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ഥികളായിരുന്നു ബസില്‍ ഏറെയും.

---- facebook comment plugin here -----

Latest