Connect with us

Malappuram

ഒരു വര്‍ഷം മുമ്പ് ചിട്ടി കിട്ടിയ വിവരം കെ എസ് എഫ് ഇ അറിയിച്ചില്ലെന്ന് പരാതി

Published

|

Last Updated

കോട്ടക്കല്‍: പൊതു ധനകാര്യ സ്ഥാപനമായ കെ എസ് എഫി ഇയില്‍ നിന്നും ഒരു വര്‍ഷം മുമ്പ് ലഭിച്ച ചിട്ടിയുടെ വിവരം യഥാസമയം അംഗത്തെ അറിയിച്ചില്ലെന്ന് പരാതി. പുത്തൂര്‍ ഗവ. എം എല്‍ പി സ്‌കൂള്‍ അധ്യാപിക പി എം ശൈലജക്കാണ് കോട്ടക്കല്‍ കെ എസ് എഫ് ഇയില്‍ നിന്നും കുറി ലഭിച്ചിട്ടും തുക നല്‍കാതിരുന്നത്. കഴിഞ്ഞ സെപ്തംബറിലാണ് ഇവര്‍ ചിട്ടി വിളിച്ചെടുത്തത്. ഒരു ലക്ഷത്തിന്റെ ചിട്ടി 30 ശതമാനം കഴിച്ചാണ് വിളിച്ചെടുത്തത്. ഇത് പ്രകാരം ഒക്‌ടോബറില്‍ ചിട്ടി ലഭിച്ചു. പക്ഷേ വിവരം അധികൃതര്‍ അറിയിച്ചില്ല. സ്ഥിരമായി ഓഫീസില്‍ എത്തി ഇവര്‍ പണം അടച്ചു കൊണ്ടിരുന്നെങ്കിലും അധികൃതര്‍ വിവരം പറഞ്ഞില്ല.
ഈ മാസം 69, 376 രൂപയുടെ ചെക്ക് കിട്ടിയപ്പോള്‍ വിവരം തിരക്കിയപ്പോഴാണ് കഴിഞ്ഞ ഒക്‌ടോബറില്‍ കുറി ലഭിച്ച വിവരം അറിയിക്കുന്നത്. വിവരം രജിസ്റ്റര്‍ തപാല്‍ വഴി അറിയിച്ചെന്നും ഫോണ്‍ മുഖേന ബന്ധപ്പെട്ടെങ്കിലും ലൈനില്‍ കിട്ടിയിരുന്നില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ സ്ഥിരമായി ഓഫീസില്‍ എത്തി പണം അടക്കാറുള്ള തന്നോട് നേരില്‍ വിവരം പറഞ്ഞില്ലെന്നാണ് പരാതി. പണം അടച്ചു വരുന്നതിനാല്‍ ഇപ്പോള്‍ 88000 രൂപ ലഭിക്കണം. എന്നാല്‍ നേരത്തെയുള്ള കണക്ക് പ്രകാരം 69, 376 രൂപയാണ് നല്‍കുന്നത്. ഇത് തനിക്ക് നഷ്ടം വരുത്തിയെന്നാണ് ഇവരുടെ പരാതി. അതെ അവസരത്തില്‍ വിവരം അംഗത്തെ അറിയിച്ചിരുന്നെന്നും തപാല്‍ മടങ്ങിവന്നതായും കെ എസ് എഫ് ഇ അധികൃതര്‍ പറയുന്നു.

 

 

Latest