Connect with us

Palakkad

അഞ്ച്‌ലക്ഷത്തിന്റെ പാന്‍മസാലയുമായി പാഴ്‌സല്‍ വാഹനം പിടിയില്‍

Published

|

Last Updated

പാലക്കാട്: കരിഞ്ചന്തയില്‍ അഞ്ചുലക്ഷം രൂപ വില മതിക്കുന്ന പാന്‍മസാല വാളയാര്‍ ചെക്‌പോസ്റ്റില്‍ പിടികൂടി. ചെക്‌പോസ്റ്റിനു സമീപം പാര്‍ക്ക് ചെയ്തിരുന്ന ലോറിയില്‍ വില്‍പന നികുതി വിഭാഗം ഉദ്യോഗസ്ഥര്‍ സംശയത്തേത്തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് പാന്‍മസാല പിടിയിലായത്.
വാഹനത്തിന്റെ ഡ്രൈവറായ ഈറോഡ് സ്വദേശി രാമലിംഗത്തെ കസ്റ്റഡിയിലെടുത്തു.—വി ആര്‍ എല്‍ ലോജിസ്റ്റിക്‌സ് പാര്‍സല്‍ സര്‍വീസിന്റെ വാഹനത്തിലാണ് പാന്‍മസാലയുടെ പാക്കറ്റുകളുണ്ടായിരുന്നത്.
ക്രാന്തി ബ്രാന്‍ഡ് പാന്‍മസാലയുടെ പാക്കറ്റുകളാണ് ലോറിയിലുണ്ടായിരുന്നത്. സാധാരണ വിപണിയില്‍ 1.2 ലക്ഷം രൂപ വില മതിക്കുന്നതാണിത്. കേരളത്തില്‍ നിരോധിക്കപ്പെട്ട പാന്‍മസാല ഇനമാണിതെന്നു സംശയിക്കുന്നു.
നിരോധിക്കപ്പെട്ട പാന്‍മസാല ഇനങ്ങള്‍ അഞ്ചു മടങ്ങ് വിലയിലാണ് സംസ്ഥാനത്തു വിറ്റഴിക്കപ്പെടുന്നത്. ബാംഗളൂരില്‍നിന്നു തിരുവനന്തപുരത്തേക്കാണു ലോഡ് കൊണ്ടു പോകുന്നതെന്നു രാമലിംഗം ഉദ്യോഗസ്ഥരോടു പറഞ്ഞു. പാന്‍മസാല പരിശോധനക്കായി ഭക്ഷ്യസുരക്ഷാ വിഭാഗം ഉദ്യോഗസ്ഥര്‍ക്കു കൈമാറി. പിടിച്ചെടുത്ത വാഹനം ഭക്ഷ്യസുരക്ഷാ ഓഫീസ് വളപ്പില്‍ സൂക്ഷിച്ചിരിക്കുന്നു.—
ജില്ലാ ഭക്ഷ്യസുരക്ഷാ ഓഫീസര്‍ ജോസഫ് ഷാജി ജോര്‍ജ്, ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാരായ വി കെ പ്രദീപ്കുമാര്‍, വി പി രാമചന്ദ്രന്‍, സി എസ് രാജേഷ്, സിബി മാത്യു എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തി അനന്തരനടപടികള്‍ സ്വീകരിച്ചത്.
പാന്‍മസാല പരിശോധനക്കായി നാളെ കോഴിക്കോട്ടെ ലാബിലേക്ക് അയക്കുമെന്ന് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പതിനഞ്ചു ദിവസത്തിനുള്ളില്‍ ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കും.—

Latest