Connect with us

Gulf

എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടപടി പുനഃപരിശോധിക്കും: മന്ത്രി അജിത് സിംഗ്‌

Published

|

Last Updated

ന്യൂഡല്‍ഹി: ബാഗേജ് 20 കിലോയായി വെട്ടിക്കുറച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി പുനഃപരിശോധിക്കുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗ്. വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസി പ്രതിനിധി സംഘത്തിനാണ് അദ്ദേഹം ഉറപ്പ് നല്‍കിയത്.
ബാഗേജ് വെട്ടിക്കുറച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് നടപടി പുനഃപരിശോധിക്കാമെന്ന് എയര്‍ ഇന്ത്യ ജോയിന്റ് എംഡിയുയും ഉറപ്പ് നല്‍കി. കേന്ദ്ര വ്യോമയാന മന്ത്രി അജിത് സിംഗുമായി നടത്തിയ ചര്‍ച്ചക്കുശേഷം ഇന്ത്യന്‍ മീഡിയ അബൂദബിയുടെ നേതൃത്വത്തിലുള്ള സംഘം എയര്‍ ഇന്ത്യ ജോയിന്റ് എം ഡി സെയ്ദ് നാസറലിയുമായി നടത്തിയ ചര്‍ച്ചയിലാണ് ഈ തീരുമാനം. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഈ മാസം 22 മുതലാണ് ഗള്‍ഫ് മേഖലയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകളില്‍ ബാഗേജിന്റെ ഭാരം 20 കിലോയായി കുറച്ചത്. 30 കിലോ വരെയുള്ള ബാഗേജുകള്‍ക്ക് 30 ദിര്‍ഹമാണ് യാത്രക്കാരില്‍ നിന്ന് ഈടാക്കുന്നത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസിന് പ്രതിദിനം ഇരുപതോളം സര്‍വീസുകള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് കേരളത്തിലേക്കുണ്ട്. ബാഗേജ് വെട്ടിക്കുറച്ചതുവഴി വിമാനക്കമ്പനിക്ക് പ്രതിദിനം ഒരു കോടി രൂപയുടെ അധിക വരുമാനം ലഭിക്കുന്നതായാണ് വിലയിരുത്തല്‍. ബാഗേജിന്റെ ഭാരം കുറച്ച് കൂടുതല്‍ യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാനാണ് ലക്ഷ്യമിടുന്നതെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ വിശദീകരണം.
എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് യാത്രക്കാര്‍ പറയുന്നു. ഖത്തര്‍ എയര്‍വേയ്‌സ് ഉള്‍പ്പെടെയുള്ള വിമാനക്കമ്പനികള്‍ സമീപകാലത്ത് ബാഗേജിന്റെ ഭാരം 30ല്‍ നിന്ന് 40 കിലോയായി വര്‍ധിപ്പിച്ചിരുന്നു. ബാഗേജ് കുറച്ച എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധമന്ത്രി എ കെ ആന്റണി, പ്രവാസി കാര്യമന്ത്രി വയലാര്‍ രവി, വ്യോമയാന സഹമന്ത്രി കെ സി വേണുഗോപാല്‍ കേന്ദ്രമന്ത്രിമാരായ കെവി തോമസ്, കൊടിക്കുന്നില്‍ സുരേഷ് എന്നിവരുമായും സംഘം ചര്‍ച്ച നടത്തി.