Connect with us

National

രൂപയുടെ തകര്‍ച്ച തുടരുന്നു: ആശങ്കപ്പെടേണ്ടതില്ല: ചിദംബരം

Published

|

Last Updated

മുംബൈ: രൂപയുടെ മൂല്യം പിടിച്ച് നിര്‍ത്താനുള്ള എല്ലാ ശ്രമങ്ങളെയും വിഫലമാക്കി തകര്‍ച്ച തുടരുന്നു. ഡോളറിനെതിരെ പ്രതീകാത്മക നിലവാരമായ 65ഉം കടന്ന് കൂപ്പുകുത്തിയ മൂല്യം ഇന്നലെ 64. 55 രൂപക്കാണ് ക്ലോസ് ചെയ്തത്. ബുധനാഴ്ച മൂല്യം ഒരു ഡോളറിന് 64.11 ആയിരുന്നു. ഇന്നലെ 55 പൈസയാണ് നഷ്ടമായത്. അഥവാ ഒരു ഡോളറിന് 64.55 രൂപ നല്‍കണം.മൂല്യം ഒരു ഘട്ടത്തില്‍ 65. 66 വരെ എത്തിയിരുന്നു.

അതേസമയം, ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ധനമന്ത്രി പി ചിദംബരം പറഞ്ഞു. തിരക്കിട്ട പരിഹാരക്രിയകളല്ല ഇപ്പോള്‍ വേണ്ടതെന്നും സമചിത്തതയോടെയും ആത്മവിശ്വാസത്തോടെയുമുള്ള ദീര്‍ഘകാല പരിഷ്‌കാരങ്ങളാണ് പോംവഴിയെന്നും ധനമന്ത്രി പറഞ്ഞു.
എല്ലാ പ്രധാന കമ്പോള സമ്പദ്‌വ്യവസ്ഥകളിലും മൂല്യത്തകര്‍ച്ച പ്രകടമാണെന്നും അദ്ദേഹം പറഞ്ഞു.
മൂലധന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നില്ല. സ്ഥിരത കൈവരിക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.
പണക്കമ്പോളത്തിലെ ചാഞ്ചാട്ടങ്ങള്‍ അപ്രതീക്ഷിതമാണ്. പക്ഷേ, ഭയാനകമായ അശുഭാപ്തി വിശ്വാസത്തിന്റെ ആവശ്യമില്ല. മൂല്യത്തകര്‍ച്ച അനുയോജ്യമായ നിലവാരം കടന്ന് മുന്നോട്ട് പോകുന്നുവെന്നത് എല്ലാ സമ്പദ്‌വ്യവസ്ഥകളും അംഗീകരിച്ച വസ്തുതയാണെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ രക്ഷാ പാക്കേജ് സംബന്ധിച്ച അഭ്യൂഹങ്ങള്‍ തന്നെയാണ് ഇന്നലെയും രൂപയുടെ തകര്‍ച്ചക്ക് പ്രധാന കാരണമായത്. ഈ വര്‍ഷം രൂപയുടെ മൂല്യത്തിന്റെ അഞ്ചില്‍ ഒന്നാണ് നഷ്ടമായത്. പരിഷ്‌കരണം വേണമെന്ന് വിവിധ കോണില്‍ നിന്ന് ആവശ്യമുയരുന്നുണ്ടെങ്കിലും വളര്‍ച്ച ഉറപ്പ് വരുത്തുന്നതും കറന്റ് അക്കൗണ്ട് കമ്മി കുറച്ച് കൊണ്ടുവരുന്നതുമായ പരിഷ്‌കരണം സാധ്യമാക്കുന്നില്ലെങ്കില്‍ നിലവിലുള്ള സാഹചര്യത്തിന് ഒരു മാറ്റവും പ്രതീക്ഷിക്കേണ്ടതില്ലെന്ന് ഫിച്ച് റേറ്റിംഗ് ഗ്രൂപ്പിലെ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ദേവേന്ദ്ര പാന്ത് പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 4650 കോടി ഡോളറായിരുന്നു ഇന്ത്യയുടെ നേരിട്ടുള്ള വിദേശനിക്ഷേപം. അത് ഇപ്പോള്‍ 3680 കോടി ഡോളറായി കുറഞ്ഞിരിക്കുന്നു. യു എസ് രക്ഷാപാക്കേജ് പിന്‍വലിക്കാന്‍ പോകുന്നുവെന്ന വിലയിരുത്തല്‍ തടങ്ങിയ ജൂണ്‍ ഒന്ന് മുതല്‍ 1200 കോടി ഡോളറാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വായ്പാ കമ്പോളത്തില്‍ നിന്നും പിന്‍വലിക്കപ്പെട്ടത്. ഈ സ്ഥിതി പരിഹരിക്കാന്‍ വിദേശ നിക്ഷേപ പരിധി ഉയര്‍ത്തിയേ തീരൂവെന്ന് പാന്ത് പറഞ്ഞു.
മൂല്യമിടിവിന്റെ ഏറ്റവും വലിയ പ്രത്യാഘാതം വിലക്കയറ്റം തന്നെയാണ്. ഇറക്കുമതി ചെയ്യുന്ന വസ്തുക്കള്‍ക്കെല്ലാം വില കൂടും. ഇറക്കുമതി ചെയ്യുന്ന അസംസ്‌കൃത വസ്തുക്കള്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ വിലയും കൂടും. പെട്രോളിയം ഉത്പന്നങ്ങള്‍ക്ക് മേലും സമ്മര്‍ദം രൂക്ഷമാകും. എന്നാല്‍ കയറ്റുമതിക്കാര്‍ക്ക് മൂല്യത്തകര്‍ച്ച ഗുണകരമാണ്. പ്രവാസി ഇന്ത്യക്കാര്‍ക്ക് അവര്‍ നാട്ടിലേക്ക് അയക്കുന്ന വിദേശ കറന്‍സിക്ക് കൂടുതല്‍ രൂപ ലഭിക്കും.

Latest