Connect with us

Kasargod

അജ്മീറില്‍ നിന്ന് വരുന്ന ട്രെയിനില്‍ ഭക്ഷ്യവിഷബാധ: നിരവധി പേര്‍ അവശനിലയില്‍

Published

|

Last Updated

കാസര്‍കോട്: അജ്മീറില്‍ നിന്ന് കേരളത്തിലേക്ക് വരുന്ന ട്രെയിനില്‍ ഭക്ഷ്യവിഷബാധ. അജ്മീര്‍ – എറണാകുളം മരുസാഗര്‍ എക്‌സ്പ്രസിലാണ് ശനിയാഴ്ച രാത്രി ഭക്ഷ്യവിഷബാധയുണ്ടായത്. മൂന്ന് ബോഗികളിലായി യാത്ര ചെയ്ത സ്ത്രീകളും വൃദ്ധരുമടക്കം അമ്പതിലേറെ പേര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിട്ടുണ്ട്. പലര്‍ക്കും ഛര്‍ദിയും തലകറക്കവും അനുഭവപ്പെടുന്നുണ്ട്. ഇതേതുടര്‍ന്ന് ട്രെയിന്‍ കാസര്‍കോട്ട് സ്‌റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്. അവശനിലയിലായവരെ ഡോക്ടര്‍മാരുടെ പ്രത്യേക സംഘം പരിശോധിക്കുന്നുണ്ട്. നില ഗുരുതരമായതിനാല്‍ നാല് പേരെ കാസര്‍കോട് ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. അടിയന്തര ഘട്ടമുണ്ടായാല്‍ ആശുപത്രിയില്‍ എത്തിക്കുന്നതിനുള്ള ആംബുലന്‍സ് സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ളവ സ്‌റ്റേഷനില്‍ സജ്ജീകരിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പ് അധികൃതരും ജനപ്രതിനിധികളും സംഭവമറിഞ്ഞ് സ്‌റ്റേഷനിലെത്തിയിട്ടുണ്ട്. അതിനിടെ, ട്രെിയിനില്‍ പഴകിയ ഭക്ഷണം വിതരണം ചെയ്തതിനെതിരെ യാത്രക്കാര്‍ രംഗത്തെത്തിയത് സ്‌റ്റേഷനില്‍ സംഘര്‍ഷാവസ്ഥയും സൃഷ്ടിച്ചിട്ടുണ്ട്.

ട്രെയിനിന്റെ പാന്‍ട്രിയില്‍ നിന്ന് ലഭിച്ച ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ബിരിയാണിയിലും ചിക്കന്‍ കറിയിലുമാണ് വിഷാംശം കലര്‍ന്നത്. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തിയതായി യാത്രക്കാര്‍ പറയുന്നു. ട്രെയിന്‍ മംഗലാപുരത്തെത്തിയപ്പോള്‍ തന്നെ യാത്രക്കാര്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് ചെയിന്‍ വലിച്ച് വണ്ടി നിര്‍ത്തിയെങ്കിലും കാസര്‍കോട്ടെത്തിയ ശേഷം പരിശോധിക്കാമെന്ന് അറിയിച്ച് അവിടെ ഡോ്ക്ടര്‍മാരെയും മറ്റും ഒരുക്കുകയായിരുന്നു റെയില്‍വേ അധികൃതരെന്ന് ട്രെയിനിലെ യാത്രക്കാരനായ ഷൗക്കത്ത് സിറാജ്‌ലൈവിനോട് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ട്രെയിനില്‍ ഭക്ഷണം തയ്യാറാക്കിയിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.

അജ്മീറിലേക്ക് പോകുന്നതിന് മലയാളികള്‍ ആശ്രയിക്കുന്ന പ്രധാന ട്രെയിനാണ് മരുസാഗര്‍ എക്‌സ്പ്രസ്. പെരുന്നാളിന് അജ്മീരില്‍ സന്ദര്‍ശനത്തിന് പോയി മടങ്ങുന്നവരാണ് ട്രെയിനില്‍ ഏറെയും.

Latest