Connect with us

Editorial

സവര്‍ണതയുടെ ഔദ്യോഗിക പരിവേഷം

Published

|

Last Updated

രാജ്യം സ്വന്തമായി രൂപകല്‍പ്പന ചെയ്തു നിര്‍മിക്കുന്ന ആദ്യവിമാന വാഹിനി കപ്പല്‍ -ഐ എന്‍ എസ് വിക്രാന്ത് – ഇന്നലെ നീറ്റിലിറങ്ങി. എന്നാല്‍, ഇന്ത്യയുടെ അഭിമാനമായ ഈ കപ്പല്‍ പൂജാകര്‍മങ്ങളുടെ അകമ്പടിയോടെയും മന്ത്രോച്ചാരണങ്ങളോടെയും മുഹൂര്‍ത്തം നോക്കിയുമാണ് നീറ്റിലിറക്കിയത്. മതേതര ജനാധിപത്യത്തിലധിഷ്ഠതമാണ് രാജ്യത്തിന്റെ നയങ്ങളെന്നവകാശപ്പെടുമ്പോള്‍ തന്നെ സര്‍ക്കാര്‍ ചടങ്ങുകളില്‍ സവര്‍ണ ആചാരങ്ങള്‍ക്ക് പരിഗണന നല്‍കുന്ന പ്രവണതയാണ് പൊതുവെ കണ്ടുവരുന്നത്. കേന്ദ്ര സര്‍ക്കാര്‍ പരിപാടികളില്‍ വിശേഷിച്ചും. സര്‍ക്കാര്‍ സംരംഭങ്ങള്‍ക്ക് ശിലയിടുന്ന ചടങ്ങില്‍ സവര്‍ണ പുരോഹിതരുടെ കാര്‍മികത്വത്തില്‍ ഭൂമി പൂജ അനിവാര്യ ഘടകമായി മാറിയിരിക്കുന്നു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് നിറപറയും നിലവിളക്കും താലപ്പൊലിയേന്തിയ അംഗനമാരും വേണം. പോലീസ് സ്റ്റേഷനുകളില്‍ ആയുധപൂജ നേരത്തെ നിലവിലുണ്ട്. ചില സര്‍ക്കാര്‍ ഓഫീസുകളില്‍ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ പ്രതിഷ്ഠിച്ചു പതിവായി തിരികൊളുത്തി പൂജിക്കുന്ന സമ്പ്രദായവും കണ്ടുവരുന്നു.
എല്ലാ മതക്കാര്‍ക്കും അവരുടെ വിശ്വാസാചാരങ്ങള്‍ക്കനുസരിച്ചു ജീവിക്കാനുള്ള അവകാശം നല്‍കുന്നതോടൊപ്പം ഭരണകൂടം മതങ്ങളോടെല്ലാം തുല്യ അകലം പാലിക്കുക എന്നതാണല്ലോ രാജ്യം ഉയര്‍ത്തിപ്പിടിക്കുന്ന മേതതരത്വത്തിന്റെ അന്തഃസത്ത. ഔദ്യോഗിക ചടങ്ങുകളും ഇടങ്ങളുമെല്ലാം പൂര്‍ണമായും മതനിരപേക്ഷമാകണം. പിന്നെങ്ങനെയാണ് ഭൂരിപക്ഷ മതവിഭാഗത്തിലെ ഒരു വിഭാഗമായ സവര്‍ണരുടെ ആചാരങ്ങള്‍ സര്‍ക്കാര്‍ ചടങ്ങുകളിലും ഓഫീസുകളിലും കടന്നുവരുന്നത്. സവര്‍ണ ആചാരങ്ങളെ ഇന്ത്യയുടെ പൊതു സംസ്‌കാരമായും ദേശീയതയായും ചിത്രീകരിക്കുന്ന സംഘ്പരിവാറിന്റെ പ്രചാരണ തന്ത്രം ഇന്ത്യന്‍ പൊതുബോധത്തെ പൊലും സ്വാധീനിച്ചിരിക്കുന്നുവെന്നാണ് ഇതില്‍ നിന്ന് വായിച്ചെടുക്കാവുന്നത്. മതനിരാസത്തിന്റെ വക്താക്കളായ കമ്യൂണിസ്റ്റുകാര്‍ പോലും ഇതില്‍ നിന്ന് മുക്തരല്ല. ഭരണം ഇടത് മുന്നണി കൈയാളിയിരുന്ന ഘട്ടത്തിലും ഇത്തരം സംഗതികള്‍ക്ക് മാറ്റമുണ്ടാകാറില്ല. ഇത്തരം ആചാരങ്ങളോട് വിയേജിപ്പുള്ളവര്‍ ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തിലുണ്ടെങ്കിലും വോട്ട് ബേങ്കിനെ ബാധിച്ചേക്കുമെന്ന ആശങ്കയില്‍ തുറന്നു പറയാന്‍ വിമുഖത കാണിക്കുന്നു. സി പി എമ്മിന്റെ താത്വികാചാര്യനായിരുന്ന ഇം എം എസ് മാത്രമാണ് അതിന് തന്റേടം കാണിച്ചത്. മുമ്പ് ഒരു പൊതു ചടങ്ങില്‍ മുസ്‌ലിംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടി നിലവിളക്ക് കൊളുത്താന്‍ വിസമ്മതിച്ചത് വന്‍ വിവാദമാകുകയും, സംഘ്പരിവാറും മറ്റും കലിതുള്ളുകയും ചെയ്തപ്പോള്‍ കുഞ്ഞാലിക്കുട്ടിയെ പിന്തുണച്ച് അന്ന് ഇ എം എസ് രംഗത്തെത്തുകയുണ്ടായി. ഉദ്ഘാടന പരിപാടികളിലെ നിലവിളക്ക് കൊളുത്തല്‍ ദേശീയതയുടെയോ ഇന്ത്യന്‍ സംസ്‌കാരത്തിന്റെയോ ഭാഗമല്ലെന്നും സവര്‍ണാചാരമാണെന്നുമുള്ള ബോധമാണ് സവര്‍ണതയുടെ പൂണൂല്‍ പൊട്ടിച്ചെറിഞ്ഞു കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് കടന്നുവന്ന ഇം എം എസിനെ കുഞ്ഞാലിക്കുട്ടിയെ തുണക്കാന്‍ പ്രേരിപ്പിച്ചത്.
പ്രതിരോധ മന്ത്രി എ കെ ആന്റണിയുടെ നേതൃത്വത്തിലാണ് കൊച്ചിയില്‍ ഐ എന്‍ എസ് വിക്രാന്ത് നീറ്റിലിറക്കുന്ന ചടങ്ങ് നടന്നത്. ക്രൈസ്തവ കുടുംബത്തില്‍ ജനച്ചയാളെങ്കിലും മതങ്ങളിലൊന്നും വിശ്വാസമില്ലാത്ത ദേശീയ കോണ്‍ഗ്രസുകാരനായി അറിയാന്‍ ഇഷ്ടപ്പെടുന്ന ആന്റണിക്ക് പക്ഷേ ഇന്നലത്തെ ചടങ്ങിന് മതേതര മുഖം നല്‍കാന്‍ സാധിച്ചില്ല. സംഘ് പരിവാറിന്റെയും കോണ്‍ഗ്രസിലെ തന്നെ സവര്‍ണ ലോബിയുടെയും വിമര്‍ശം ഭയന്നാകണം.
സവര്‍ണ ഫാസിസമാണ് രാജ്യം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്തെന്നാണ് കോണ്‍ഗ്രസും മതേതര കക്ഷികളും അടിക്കടി ഇന്ത്യന്‍ സമൂഹത്തെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. സംഘ്പരിവാര്‍ അധികാരത്തിലേറിയാലുണ്ടാകുന്ന ഗുരുതരമായ ഭവിഷ്യത്ത് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പില്‍ ഇവര്‍ വോട്ട് ചോദിക്കുന്നതും. എന്നാല്‍ സര്‍ക്കാര്‍ ചടങ്ങുകളില്‍ തന്ത്രപരമായി കയറിപ്പറ്റുന്ന സവര്‍ണ സംസ്‌കാരങ്ങളെയും ചിഹ്നങ്ങളെയും പ്രതിരോധിക്കാനും അതിനെതിരെ ജാഗ്രത്താകാനും ഇവര്‍ക്ക് സാധിക്കുന്നില്ലെന്നത് മതേതര വിശ്വാസികളെ ആശങ്കാകുലരാക്കുന്നുണ്ട്.

Latest