Articles
വിതരണത്തിലെ ചതിക്കുഴികള്‍

സകാത്ത് പാവങ്ങളുടെ അവകാശമാണ്. സമ്പന്നരുടെ ഔദാര്യമല്ല; എങ്കിലും പിടിച്ചുപറിച്ചും ഭീഷണിപ്പെടുത്തിയും വാങ്ങിക്കൊടുക്കുന്നതല്ല സകാത്ത്. മറിച്ച് സാമ്പത്തിക ശേഷിയുള്ളവര്‍ സ്വമനസ്സാലെ തങ്ങളുടെ സമ്പത്തിന്റെ ശുദ്ധീകരണവും സ്വര്‍ഗവും ലക്ഷ്യം വെച്ച് ഭക്തിപുരസ്സരം നല്‍കുന്ന ദാനമാണത്. ഇത് അവകാശികളിലേക്ക് എത്തിക്കാന്‍ സുതാര്യവും കുറ്റമറ്റതുമായ രീതി ഇസ്‌ലാം നിര്‍ദേശിച്ചിട്ടുണ്ട്. ഇടനിലക്കാരുടെ ഒരു നിലക്കുമുള്ള ചൂഷണത്തിനും പഴുതുകളില്ലാത്ത സംവിധാനമാണിത്.
വിതരണ വിഷയത്തില്‍ സകാത്ത് മുതലുകളെ രണ്ടായി തിരിച്ചിട്ടുണ്ട്. ഒന്ന് പ്രത്യക്ഷ ധനവും മറ്റൊന്ന് പരോക്ഷ ധനവും. “കാര്‍ഷിക വിളകള്‍, കന്നുകാലികള്‍, സ്വര്‍ണവും വെള്ളിയും ഖനനം ചെയ്യുന്ന കേന്ദ്രങ്ങള്‍ ഇവയാണ് പ്രത്യക്ഷ മുതലുകള്‍. സ്വര്‍ണം, വെള്ളി, നിധി, കച്ചവടച്ചരക്കുകള്‍, ഫിത്വര്‍ സകാത്ത് എന്നിവ പരോക്ഷ ധനങ്ങളുമാണ്.”” (ശറഹുല്‍ മുഹദ്ദബ് 6/164). കറന്‍സി നോട്ടുകളും പരോക്ഷ മുതലാണെന്ന് പറയേണ്ടതില്ലല്ലോ. ഇതൊന്നും ഒരാളുടെ കൈയില്‍ എത്രയുണ്ട് എന്ന് മറ്റൊരാള്‍ക്ക് അറിയില്ല.
ഇതില്‍ പ്രത്യക്ഷ ധനത്തിന്റെ സകാത്ത് ഇസ്‌ലാമിക സര്‍ക്കാര്‍ ഉണ്ടെങ്കില്‍ അവര്‍ ആവശ്യപ്പെട്ടാല്‍ ഏല്‍പ്പിക്കേണ്ടത് നിര്‍ബന്ധമാണ്. ഒരു രാജ്യത്ത് ധനികരില്ലാത്ത പ്രദേശങ്ങളും ധാരാളമുണ്ടാകും. അത്തരം ചേരികളിലും കോളനികളിലുമുള്ളവരെ കണ്ടെത്തി സകാത്ത് നല്‍കാന്‍ ഭരണകൂടത്തിന് മാത്രമേ കഴിയുകയുള്ളൂ. എന്നാല്‍ പരോക്ഷ മുതലുകളായ വെള്ളി, സ്വര്‍ണം, കറന്‍സി, ഫിത്വ്ര്‍ സകാത്ത്, കച്ചവടത്തിന്റെ സകാത്ത് തുടങ്ങിയവ ഇസ്‌ലാമിക ഭരണാധികാരിയുള്ള സ്ഥലത്തും ദായകര്‍ തന്നെയാണ് വിതരണം നടത്തേണ്ടത്. കുടുംബ ബന്ധം, അയല്‍ ബന്ധം, സുഹൃദ് ബന്ധം തുടങ്ങിയവ നിലനിര്‍ത്താനും വളര്‍ത്തിയെടുക്കാനും സകാത്ത് ദാനത്തിലൂടെ ഇസ്‌ലാം അവസരം നല്‍കുകയാണ്.
ഈ മുതലുകളുടെ സകാത്ത് ചോദിച്ചുവാങ്ങാന്‍ ഭരണാധികാരിക്ക് പോലും അവകാശമില്ലെന്നും അങ്ങനെ ചോദിക്കുന്നത് നിഷിദ്ധമാണെന്നും തുഹ്ഫ, നിഹായ, മഹല്ലി, ശറഹുല്‍ മുഹദ്ദബ് തുടങ്ങിയ ഗ്രന്ഥങ്ങളില്‍ വിശദീകിരിച്ചിട്ടുണ്ട്.
കേരളത്തില്‍ ഇന്ന് വിതരണം ചെയ്യപ്പെടുന്ന സകാത്തില്‍ 95 ശതമാനവും ദായകര്‍ നേരിട്ട് വിതരണം നടത്തേണ്ട പരോക്ഷ ധനങ്ങളുടെ സകാത്താണ്. ഇവ പിരിച്ചെടുത്ത് വിതരണം നടത്താനെന്ന പേരില്‍ മതപരിഷ്‌കരണവാദികള്‍ തുടങ്ങിവെച്ച സകാത്ത് സെല്ലുകളും ബൈത്തുല്‍മാലുകളും തീര്‍ത്തും അനിസ്‌ലാമികമാണ്. പാവങ്ങളുടെ അവകാശമായ സകാത്ത് ഈ ഇടനിലക്കാര്‍ പാര്‍ട്ടി ഫണ്ടാക്കി ചൂഷണം ചെയ്യുന്നതിന്റെ ഒട്ടേറെ ഉദാഹരണങ്ങള്‍ നമ്മുടെ മുമ്പിലുണ്ട്.
മതപരിഷ്‌കരണമോഹികളില്‍ കൂടുതല്‍ പഴമക്കാരായ വഹാബികള്‍ വളരെ നേരത്തെ തന്നെ സകാത്ത് തട്ടിപ്പിന് ശ്രമിച്ചിരുന്നു. കെ എം മൗലവി തന്നെ എഴുതുന്നത് കാണുക: “ഖുര്‍ആനും സുന്നത്തും അറബി സാഹിത്യവും പ്രചരിപ്പിക്കുന്നതിനും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും ദൂരീകരിക്കുന്നതിനുമായി സ്ഥാപിതമായി, പ്രശസ്തമാം വണ്ണം വളര്‍ന്നുവരുന്ന ഒരു സംഘമാണ് കേരള നദ്‌വത്തുല്‍ മുജാഹിദീന്‍. അതിനാല്‍, സകാത്തിന്റെ ഫണ്ടില്‍ മുജാഹിദുകള്‍ക്കുള്ള വിഹിതവും മറ്റു സംഭാവനകളും നല്‍കി ഈ പരിപാവനമായ മാസത്തില്‍ സംഘത്തെ സഹായിക്കണമെന്ന് എല്ലാ സഹോദരീസഹോദരന്മാരോടും പ്രത്യേകം അഭ്യര്‍ഥിക്കുന്നു”(അല്‍മനാര്‍ 1953 പുസ്തകം നാല്, ലക്കം മൂന്ന്)
ആദ്യകാല വഹാബി നേതാക്കളില്‍ ഒരാളായ കെ ഉമര്‍ മൗലവി തന്റെ സല്‍സബീല്‍ പത്രത്തിന് വേണ്ടി സകാത്ത് ആവശ്യപ്പെടുന്നത് വായിക്കുക””പുണ്യമാസങ്ങളില്‍ നിങ്ങളുടെ ദാനധര്‍മങ്ങളില്‍ ഒരംശം സല്‍സബീലിനു നല്‍കുക. ഫകീര്‍, മിസ്‌കീന്‍, ഗാരിമീന്‍, ഫീ സബീലില്ലാഹി എന്നീ നിലക്കെല്ലാം സല്‍സബീലിന് സകാത്തിനവകാശമുണ്ട്. സംഭാവന ചോദിച്ച് നിങ്ങളെ അടുക്കല്‍ വന്ന് ബുദ്ധിമുട്ടിക്കാന്‍ വിചാരിക്കുന്നില്ല. സന്മനസ്സുള്ളവര്‍ മണിയോര്‍ഡര്‍ അയക്കുക.”” (സല്‍സബീല്‍ 1973 ആഗസ്റ്റ്)
ഇങ്ങനെ അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ടത് മുസ്‌ലിംകള്‍ അവഗണിച്ചപ്പോഴാണ് പാവങ്ങളുടെ ഉന്നമനത്തിന് വേണ്ടി, സകാത്തിന്റെ സമഗ്രമായ ശേഖരണവിതരണത്തിന് വേണ്ടി, എന്നൊക്കെപ്പറഞ്ഞ് “സകാത്ത് സെല്‍” എന്ന തട്ടിപ്പിന് യൂനിറ്റുകള്‍ തോറും ഇവര്‍ ശ്രമമാരംഭിച്ചത്. യൂനിറ്റ് കമ്മിറ്റിയുടെ ദൈനംദിന ചെലവുകളും പള്ളി, മദ്‌റസാ നടത്തിപ്പും സുന്നീവിരുദ്ധ പരിപാടികളുമൊക്കെ ഈ ഫണ്ട് കൊണ്ട് നടത്തുന്നതിന് പുറമെ, ഒരു വിഹിതം കേന്ദ്ര കമ്മിറ്റിക്ക് അയച്ചുകൊടുക്കുകയും ചെയ്യണമെന്നതാണ് ഇവരുടെ കീഴ്‌വഴക്കം. ജനങ്ങളെയും “പാവപ്പെട്ട” ധനികരുടെയും കണ്ണില്‍ പൊടിയിടാന്‍ ഒരു ഉന്തുവണ്ടിയോ ആട്ടിന്‍കുട്ടിയേയോ വിതരണം നടത്തുകയും ചെയ്യും.
കോഴിക്കോട് സിറ്റിയിലെ കാരപ്പറമ്പ് യൂനിറ്റ് കെ എന്‍ എം 2005ല്‍ പുറത്തിറക്കിയ കണക്ക് ഉദാഹരണമായി എടുക്കുക. ഞെട്ടിക്കുന്നതാണ് അച്ചടിച്ചിറക്കിയ ഈ ചാര്‍ട്ടിലെ കണക്കുകള്‍. “മുന്‍ വര്‍ഷത്തെ ബാക്കി” അതില്‍ കാണിച്ചിരിക്കുന്നു. എന്നുവെച്ചാല്‍ കഴിഞ്ഞ വര്‍ഷം കൊടുക്കേണ്ട സകാത്ത് കൊടുത്തുവീട്ടിയിട്ടില്ല.
വഹാബികള്‍ എത്ര ലാഘവത്തോടെയും ഇസ്‌ലാമികവിരുദ്ധമായുമാണ് സകാത്തിന്റെ മുതല്‍ കൈകാര്യം ചെയ്യുന്നതെന്ന് ഈ കണക്കില്‍ നിന്ന് വ്യക്തമാകും. സകാത്ത് നിര്‍ബന്ധമായാല്‍ ഒരു ദിവസം പോലും വൈകിക്കാന്‍ പാടില്ലെന്നാണ് മതനിയമം. ഒരു യൂനിറ്റ് കമ്മിറ്റി മാത്രം പാര്‍ട്ടി ഫണ്ട് പോലെ സൂക്ഷിച്ചുവെച്ചിരിക്കുന്നത് പതിനായിരങ്ങളാണ്. മാത്രമല്ല, ഈ തുക ബേങ്കില്‍ നിക്ഷേപിച്ച് അതിന്റെ പലിശ 939. 00 വാങ്ങി അതും കണക്കില്‍ കാണിച്ചിരിക്കുന്നു. ഇസ്‌ലാമിലെ സകാത്തുകൊണ്ടാണല്ലോ ഈ കളികളൊക്കെ. വല്ലാത്തൊരു കാലം. കെ എന്‍ എം കേന്ദ്ര കമ്മിറ്റിക്കും 13,000 രൂപ കൈമാറിയിട്ടുണ്ട്. ഒരു കാര്യം തീര്‍ച്ചയാണ്. അല്ലാഹുവില്‍ ഭയമുള്ള, സകാത്ത് അര്‍ഹരായവര്‍ക്ക് തന്നെ ലഭിക്കണമെന്ന് ആഗ്രഹമുള്ള ഒരാളും, ഈ വിഭാഗത്തെ സകാത്ത് ഏല്‍പ്പിച്ചുപോകരുത്. നിങ്ങളുടെ ബാധ്യത വീടുകയില്ല.
ജമാഅത്തെ ഇസ്‌ലാമി ഇതിലും വഷളായ രീതിയിലാണ് സകാത്ത് കൈകാര്യം ചെയ്യുന്നത്. മുസ്‌ലിംകളില്‍ നിന്ന് മാത്രമാണ് ഇസ്‌ലാം സകാത്ത് ആവശ്യപ്പെടുന്നത് എന്നതുകൊണ്ട് അത് വിതരണം ചെയ്യേണ്ടതും മുസ്‌ലിംകള്‍ക്ക് മാത്രമാണ് എന്നാണ് പ്രമാണങ്ങളിലുള്ളത്. മൗലാനാ മൗദൂദി “ഖുതുബാത്തി”ല്‍ ഇത് രേഖപ്പെടുത്തിയതുമാണ്. എന്നാല്‍ ആധുനിക ജമാഅത്തുകാര്‍ പത്രമിറക്കാനും ചാനല്‍ സംവിധാനിക്കാനുമൊക്കെ സകാത്ത് വിനിയോഗിക്കുന്നു. ഇതിനൊപ്പം തന്നെ, തങ്ങളുടെ മതേതര പൊങ്ങച്ചം തെളിയിക്കാന്‍ വേണ്ടിയുള്ള വെപ്രാളത്തിനിടയില്‍ അമുസ്‌ലിംകള്‍ക്ക് കൂടി സകാത്ത് നല്‍കുന്നു. സകാത്തല്ലാത്ത ദാനധര്‍മങ്ങള്‍ അമുസ്‌ലിംകള്‍ക്കും കൊടുക്കണമെന്നാണ് മത നിയമം. അമുസ്‌ലിംകള്‍ക്ക് സകാത്തില്‍ അവകാശമുണ്ടെന്നാണ് മുന്‍ അമീര്‍ സിദ്ദീഖ് ഹസന്‍ പറയുന്നത്. (മാധ്യമം 2004 ഒക്‌ടോബര്‍ നാല്, പേജ് ഒന്‍പത്)
ചുരുക്കത്തില്‍ മൂന്ന് കാരണങ്ങളാല്‍, പരിഷ്‌കരണവാദികളുടെ സകാത്ത് സെല്ലില്‍ ഏല്‍പ്പിച്ചാല്‍ അത് സാധുവാകുകയില്ല.
1. ഇങ്ങനെ ഒരു സംവിധാനം ഇസ്‌ലാമിലില്ല
2. ഇസ്‌ലാമിക ഭരണാധികാരിക്ക് പേലും ചോദിച്ചുവാങ്ങാന്‍ അവകാശമില്ലാത്ത പരോക്ഷ സാധനങ്ങളുടെ സകാത്താണ് ഇവര്‍ പിരിച്ചെടുക്കുന്നത്. ഇത് തീര്‍ത്തും മതവിരുദ്ധമാണ്.
3. ഖുര്‍ആന്‍ നിര്‍ദേശിച്ച എട്ട് വിഭാഗങ്ങളില്‍ പെടാത്ത പത്രം, സംഘടന, പള്ളി, മദ്‌റസ, ചാനല്‍, അമുസ്‌ലിംകള്‍ ഇവര്‍ക്കെല്ലാം പാര്‍ട്ടി ഫണ്ട് പോലെയാണ് ഇവര്‍ സകാത്ത് വിതരണം ചെയ്യുന്നത്.
വിതരണത്തിന് നല്ല രീതി
ഇമാം ശാഫിഈ(റ) പറയുന്നു: “ഒരാളും തന്റെ സകാത്ത് മറ്റൊരാളെ ഏല്‍പ്പിക്കുന്നത് ഞാന്‍ ഇഷ്ടപ്പെടുന്നില്ല. കാരണം, അതേക്കുറിച്ച് ചോദ്യം ചെയ്യപ്പെടുക അവനോട് തന്നെയായിരിക്കും. അവന്‍ തന്നെ നേരിട്ട് കൊടുക്കുമ്പോഴാണ് അവന് കൂടുതല്‍ ഉറപ്പ് വരിക. മറ്റൊരാളെ ഏല്‍പ്പിച്ചാല്‍ അര്‍ഹര്‍ക്കു തന്നെ ലഭിച്ചോ എന്ന ആശങ്ക ബാക്കിയാകും.(അല്‍ ഉമ്മ് 2/67)
കൂടുതല്‍ സമ്പത്തുള്ള ധനികന്മാമാര്‍ക്ക് കൂടുതല്‍ തിരക്കുമുണ്ടാകും. അര്‍ഹരായവരെ കണ്ടെത്തി കൃത്യസമയത്ത് കൊടുത്തുതീര്‍ക്കാന്‍ സാധിക്കാതെ വരും. ഇത്തരം ഘട്ടങ്ങളില്‍ സകാത്തിന്റെ മസ്അലയില്‍ പിടിപാടുള്ള സൂക്ഷ്മതയുള്ള ആളുകളെ ആരെയെങ്കിലും വക്കാലത്താക്കാം. ജോലിത്തിരക്ക് കാരണം വേഗം കൈയൊഴിക്കാന്‍ ശ്രമിക്കുന്ന ധനികരെയാണ് ഈ പകല്‍ക്കൊള്ളക്കാര്‍ ചൂഷണം ചെയ്യുന്നത്. അത്തരക്കാരെ കണ്ടെത്തി അവരുടെ സകാത്ത് അര്‍ഹരായ അവകാശികള്‍ക്ക് തന്നെ ലഭ്യമാക്കിക്കൊടുക്കാന്‍ മഹല്ല് ഖാസിമാരും ഖതീബുമാരും ശ്രമിക്കണമെന്ന സമസ്തയുടെ ആഹ്വാനം പ്രസക്തമാണ്.
ഖുര്‍ആന്‍ അവകാശികളായി എണ്ണിയ എട്ട് വിഭാഗങ്ങളില്‍ നമ്മുടെ നാട്ടില്‍ എത്തിപ്പെടാന്‍ സാധ്യതയുള്ളത് ഫകീര്‍, മിസ്‌കീന്‍, കടം വന്നവന്‍, പുതുവിശ്വാസി, യാത്രക്കാരന്‍ എന്നിവരാണ്. ഇസ്‌ലാമിക ഭരണമില്ലാത്തതിനാല്‍ സകാത്ത് ശേഖരിക്കുന്ന ഉദ്യോഗസ്ഥന്‍, ശമ്പളം പറ്റാതെ ഇസ്‌ലാമിക സര്‍ക്കാറിന് കീഴില്‍ രാഷ്ട്ര സുരക്ഷക്ക് വേണ്ടി പൊരുതുന്ന പടയാളി എന്നിവര്‍ നമ്മുടെ നാട്ടില്‍ ഇല്ല. ഈ വകുപ്പ് പറഞ്ഞാണ് വഹാബികളെപോലെ എന്‍ ഡി എഫുകാരും സകാത്ത് ചൂഷണം നടത്തുന്നത്. അടിമ സമ്പ്രദായം ഘട്ടംഘട്ടമായി ഇസ്‌ലാം ഉച്ചാടനം ചെയ്തതിനാല്‍ മോചനപത്രം എഴുതപ്പെട്ട അടിമ എന്ന വകുപ്പും കേരളത്തില്‍ ഇല്ല. (അവസാനിച്ചു)