Connect with us

Editors Pick

നീണ്ട നിയമയുദ്ധങ്ങള്‍ക്ക് ശേഷം നിരാശനായി കുഞ്ഞിക്കൃഷ്ണന് നാട്ടിലേക്ക്

Published

|

Last Updated

മസ്‌ക്കറ്റ്: വേതനം ലഭിക്കുന്നതിനായി തൊഴിലുടമക്കെതിരെ നടത്തിയ നീണ്ടകാലത്തെ നിയമ യുദ്ധമവസാനിപ്പിച്ച് കുഞ്ഞിക്കൃഷ്ണനെന്ന മാവേലിക്കരക്കാരന് നാട്ടിലേക്ക് മടങ്ങുന്നത് വേദനയോടെ. ആരോഗ്യപരമായ കാരണങ്ങളാല്‍ നാട്ടിലേക്ക് മടങ്ങാന്‍ അനുവദിക്കണം എന്നഭ്യര്‍ത്ഥിച്ച് നല്‍കിയ ഹരജിയില്‍ കുഞ്ഞിക്കൃഷ്ണന് നാട്ടിലേക്ക് മടങ്ങാന്‍ കോടതി അനുമതി നല്‍കി.

കുഞ്ഞിക്കൃഷ്ണന്റെ ദുരിതമാരംഭിക്കുന്നത് 2007-ലാണ്. തന്റെ കാപ്പിക്കട നഷ്ടത്തിലായതിനെ തുടര്‍ന്ന് അത് വിറ്റ കുഞ്ഞിക്കൃഷ്ണന്‍ 250 റിയാല്‍ മാസ വേതനത്തിന് ഒരു കമ്പനിയില്‍ ജോലിനേടി. എന്നാല്‍ ആറുമാസങ്ങള്‍ക്ക് ശേഷം ശമ്പളം നല്‍കാന്‍ തൊഴിലുടമ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് കുഞ്ഞിക്കൃഷ്ണന്‍ കോടതിയെ സമീപിക്കുകയായിരുന്നു.

കോടതിയില്‍ തൊഴിലുടമ ഒരു ശമ്പള രേഖ ഹാജരാക്കിയെങ്കിലും അത് കൃത്രിമമാണെന്ന് കണ്ടെത്തിയ കോടതി കുഞ്ഞിക്കൃഷ്ണന് 2000 റിയാല്‍ നഷ്ടപരിഹാരവും കോടതിച്ചെലവും വിമാന ടിക്കറ്റും നല്‍കാന്‍ വിധിച്ചു. എന്നാല്‍ തൊഴിലുടമ കോടതിയുത്തരവ് നടപ്പാക്കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് കുഞ്ഞിക്കൃഷ്ണന്‍ നിയമയുദ്ധം തുടരുകയായിരുന്നു. ഇപ്പോള്‍ ആരോഗ്യകരമായ കാരണങ്ങളാണ് നിയമയുദ്ധമവസാനിപ്പിക്കാന്‍ കുഞ്ഞിക്കൃഷ്ണനെ പ്രേരിപ്പിച്ചത്.

ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കുഞ്ഞിക്കൃഷ്ണന്‍ അവസാനമായി നാട്ടിലെത്തിയത്. ഒന്‍പത് വര്‍ഷങ്ങള്‍ക്കിടെ വലിയ നഷ്ടങ്ങളാണ് കുഞ്ഞിക്കൃഷ്ണനുണ്ടായത്. അമ്മയുടേയും അനിയന്റേയും ഭാര്യാമാതാവിന്റേയും മരണം ഇക്കാലയളവിലായിരുന്നു. സ്വന്തം മകളുടെ വിവാഹത്തിലും കുഞ്ഞിക്കൃഷ്ണന് പങ്കെടുക്കാനായില്ല.

പതിറ്റാണ്ട് നീണ്ട പ്രവാസ ജീവിതത്തിന് ശേഷം വെറുംകയ്യോടെ മടങ്ങുമ്പോഴും സ്വന്തം നാട്ടിലേക്ക് മടങ്ങുന്നതിന്റെ സന്തോഷത്തിലാണ് കുഞ്ഞിക്കൃഷ്ണന്‍.

Latest