Connect with us

Wayanad

കനത്ത മഴ: എങ്ങും പ്രളയ ദുരിതം

Published

|

Last Updated

കല്‍പ്പറ്റ/മാനന്തവാടി: മഴ ശക്തി പ്രാപിച്ചതോടെ കനത്ത നാശനഷ്ടം. മൂന്ന് വീടുകള്‍ പൂര്‍ണ്ണമായും 21 വീടുകള്‍ ഭാഗികമായും തകര്‍ന്നതിലൂടെ 4,54,055 രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കിയിട്ടുണ്ട്. കാലവര്‍ഷം തുടങ്ങിയതിന് ശേഷം ജില്ലയില്‍ വീടുകള്‍ക്ക് സംഭവിച്ച കേടുപാടില്‍ ആകെ 62,55,080 രൂപയുടെ നഷ്ടമുണ്ടായതായി ജില്ലാ കലക്ടര്‍ അറിയിച്ചു .

ഏകദേശം ഒമ്പതര കോടി രൂപയുടെ കൃഷിനാശവുമുണ്ടായി. 638 ഹെക്ടര്‍ കൃഷിഭൂമിയാണ് കാലവര്‍ഷത്തില്‍ നശിച്ചത്. 15 ദുരിതാശ്വാസ ക്യാമ്പുകള്‍ ജില്ലയില്‍ വീണ്ടും തുറന്നതായി ജില്ലാ കലക്ടര്‍ അറിയിച്ചു. മാനന്തവാടിയില്‍ 13 ഉം സുല്‍ത്താന്‍ ബത്തേരിയില്‍ രണ്ടും ക്യാമ്പുകളാണ് തുറന്നത്.
രണ്ട് ദിവസങ്ങളിലായി തുടരുന്ന കനത്ത മഴയില്‍ മാനന്തവാടി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശം. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ മൂലം ഗതാഗത തടസ്സവും നേരിട്ടു. തിരുനെല്ലിയില്‍ എട്ടിടങ്ങളിലായി മുളകള്‍ വീണതിനെ തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മുളങ്കൂട്ടം മുറിച്ച് നീക്കിയത്. തൃശിലേരിയില്‍ മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ചെറ്റപ്പാലം വരടിമൂല കോളനിയിലെ വീടുകള്‍ വെള്ളത്തില്‍ മുങ്ങി.
താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ മണ്ണിലിടിച്ചിലിനെ തുടര്‍ന്ന് വീടുകള്‍ക്കും സംരക്ഷണ ഭിത്തികള്‍ക്കും കനത്ത നാശനഷ്ടമുണ്ടായി. ഒണ്ടയങ്ങാടി മുദ്രമൂലയില്‍ പുതു തോമസിന്റെ റബ്ബര്‍ തോട്ടത്തില്‍ ഉരുള്‍പൊട്ടലിന് സമാനമായ രീതിയില്‍ മണ്ണിടിച്ചിലുണ്ടായി. വള്ളിയൂര്‍ക്കാവ് റോഡും, അഗ്രഹാരം,ചൂട്ടക്കടവ്, ചെറുപുഴ എന്നിവിടങ്ങളിലെല്ലാം ഗതാഗത തടസ്സം നേരിട്ടു. പേര്യ-പനന്തറയില്‍ ബോട്ട് സര്‍വീസ് ആരംഭിച്ചു.
മാനന്തവാടി വീണ തിയേറ്ററിന് സമീപം മാണ്ടാടന്‍ മജീദിന്റെ വീടിന് മുകളിലേക്ക് വീണ മരം ഫയര്‍ഫോഴ്‌സ് എത്തി മുറിച്ച് മാറ്റി. വ്യാപകമായി രീതിയില്‍ കൃഷിനാശവുമുണ്ടായി. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്.
കനത്തമഴയില്‍ കല്‍പറ്റ പ്രിയദര്‍ശിനി സ്റ്റോറിലും ഗോഡൗണിലും വെള്ളം കയറി. ഇന്നലെ പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സംഭവം. സ്‌റ്റോറിലും ഗോഡൗണിലും ഒരു മീറ്റര്‍ ഉയര്‍ത്തില്‍ വെള്ളം പൊങ്ങിയിരുന്നു.അരി, പഞ്ചസാര, ചെറുപയര്‍, ഉഴുന്ന്, പടക്കങ്ങള്‍, ബെല്ലം, റവ എന്നിവയാണ് വെള്ളത്തില്‍ നശിച്ചത്.
കെട്ടിടത്തിന് പിന്നിലൂടെ ഒഴുകുന്ന തോട്ടില്‍ നിന്നുള്ള മലവെള്ളമാണ് കയറിയത്.
ഒരു ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പ്രിയദര്‍ശിനി സംഘം മാനേജിംഗ് ഡയറക്ടര്‍ പി ഉഷ അറിയിച്ചു. ദിവസങ്ങളായി തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് ദേശീയപാതയില്‍ കല്‍പറ്റ-കൈനാട്ടി റോഡ് തകര്‍ന്നു. മലവെള്ളപ്പാച്ചില്‍ റോഡിന്റെ വലതു ഭാഗത്ത് 200 മീറ്റര്‍ നീളത്തിലാണ് റോഡ് തകര്‍ന്നിരിക്കുന്നത്.
ബൈപാസിന് സമീപമുള്ള കുന്നുകളില്‍ കുത്തിയൊലിച്ച് വരുന്ന വെള്ളത്തെ തടയാന്‍ നിര്‍മിച്ച ഓവുചാല്‍ മൂടിയതാണ് റോഡിലേക്ക് വെള്ളം കുത്തിയൊഴുകാന്‍ കാരണം. പത്മപ്രഭ പൊതുഗ്രന്ഥശാലക്ക് സമീപത്ത് രണ്ട് മീറ്റര്‍ ആഴത്തിലും വീതിയിലും ഗര്‍ത്തം രൂപപ്പെട്ടിട്ടുണ്ട്.
വെള്ളംകുത്തിയൊലിക്കുന്നതിനാല്‍ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്.
മഴ ശക്തമായിട്ടും വെള്ളം തിരിച്ചുവിടാനുള്ള നടപടികളൊന്നും ദേശീയപാതാ അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്ന് പരാതിയുണ്ട്. ബൈപ്പാസിന് സമീപം ഇടിഞ്ഞഭാഗം നന്നാക്കാനുള്ള ശ്രമവും അധികൃതര്‍ നടത്തിയിട്ടില്ല. അധികൃതരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് പത്മപ്രഭാ ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ എന്‍ എച്ച് ഓഫീസ്-ദേശീയപാത ഉപരോധിക്കാനുള്ള ഒരുക്കത്തിലാണ്.

Latest