Connect with us

Kozhikode

ടി പി കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസം തന്നെ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിരുന്നതായി സി ഐ

Published

|

Last Updated

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം തന്നെ പ്രതികളെക്കുറിച്ച് വിവരം ലഭിച്ചിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥനായ കുറ്റിയാടി സി ഐ. വി വി ബെന്നി പ്രതിഭാഗത്തിന്റെ വിസ്താരത്തിനിടെ മൊഴി നല്‍കി. 
കണ്ണൂര്‍ ചൊക്ലി സ്വദേശി ലംബു പ്രദീപനെ അറസ്റ്റ് ചെയ്ത ശേഷമാണ് ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചതെന്ന പ്രതിഭാഗം അഭിഭാഷകര്‍ വാദിച്ചെങ്കിലും ഇത് തെറ്റാണെന്ന് ബെന്നി വിചാരണ കോടതിയില്‍ പറഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി എരഞ്ഞിപ്പാലം അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍ നാരായണ പിഷാരടിക്ക് മുമ്പാകെ നടന്നുവരുന്ന ബെന്നിയുടെ വിസ്താരം ഇന്നലെ പൂര്‍ത്തിയായി. ഇന്ന് അന്വേഷണ സംഘത്തിലെ അംഗവും തലശ്ശേരി ഡി വൈ എസ് പിയുമായ എ പി ഷൗക്കത്തലിയെ വിസ്തരിക്കും.
ടി പിയെ ഇടിച്ചുവീഴ്ത്തിയതെന്ന് പറയുന്ന ഇന്നോവ കാറിന്റെ ദൃശ്യഭാഗത്ത് യാതൊരു വിധത്തിലുള്ള പോറലുകള്‍ ഉണ്ടായിട്ടില്ലെന്നും സംഭവ സ്ഥലത്തുനിന്നും ഇളകി വീണ പെയിന്റെടുത്തു എന്ന് പറയുന്നത് കേസാവശ്യാര്‍ഥം ഉണ്ടാക്കിയതാണെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം സി ഐ നിഷേധിച്ചൂ. ടി പിയെ ഇടിച്ചുവീഴ്ത്തിയ ഇന്നോവ കാറില്‍ നിന്ന് പെയിന്റ് ഇളകി വീണത് കണ്ടെടുത്തത് സയന്റിഫിക് അസിസ്റ്റന്റ് ആയിരുന്നില്ല. മഹസര്‍ തയാറാക്കുന്നതിനിടെ താനായിരുന്നു. പിന്നീട് സീല്‍ചെയ്ത് ഡി വൈ എസ് പിക്ക് കൈമാറിയിരുന്നു.
അന്വേഷണ സംഘത്തിലെ അംഗമെന്ന നിലക്ക് അന്വേഷണ പുരോഗതി മനസിലാക്കിയിട്ടുണ്ടെന്നും ബെന്നി മൊഴി നല്‍കി.

 

Latest