Connect with us

National

മോഡിയുടെ സങ്കുചിത നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന

Published

|

Last Updated

മുംബൈ: ഉത്തരാഖണ്ഡിലെ രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡി സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ച് ശിവസേന. ശിവസേനയുടെ മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് ശിവസേനാ പ്രസിഡന്റ് ഉദ്ധവ് താക്കറെ സമാന വിഷയത്തില്‍ മഹാരാഷ്ട്ര മുഖ്യമന്ത്രി പൃഥ്വിരാജ് ചവാനെ പ്രശംസിക്കുകയും മോഡി പുലര്‍ത്തിയ സങ്കുചിത മനോഭാവത്തെ പരിഹസിച്ചതും.
മഹാരാഷ്ട്രയുടെ വിശാലമനസ്‌കതയും ഉദാരതയുമാണ് ചവാന്‍ പ്രകടിപ്പിച്ചത്. ഉത്തരാഖണ്ഡില്‍ ദുരിതമനുഭവിക്കുന്ന മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, മറിച്ച് രാജ്യത്താകമാനമുള്ളവര്‍ക്കാണ് ചവാന്റെ സഹായഹസ്തമെത്തിയത്. പ്രത്യേക വിമാനത്തില്‍ അവശ്യവസ്തുക്കളും വന്‍ സംഘം ഉദ്യോഗസ്ഥരെയുമാണ് ചവാന്‍ അയച്ചത്. മഹാരാഷ്ട്രയിലെ ജനങ്ങളെ ഉദ്ദേശിച്ചായിരുന്നെങ്കിലും മറ്റ് ദുരന്ത ഇരകള്‍ അവഗണിക്കപ്പെട്ടില്ല. രണ്ട് ഹെലികോപ്റ്ററുകള്‍ അയച്ചു. ഉത്തരാഖണ്ഡ് സര്‍ക്കാറിന് പത്ത് കോടി രൂപ സഹായം വാഗ്ദാനം ചെയ്തു. ഇങ്ങനെ സഹായം പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമാണ് മഹാരാഷ്ട്ര.
ബി ജെ പിയുടെ ദേശീയ നേതാവായി അവരോധിതനായ നരേന്ദ്ര മോഡി ഗുജറാത്തികള്‍ക്ക് വേണ്ടി മാത്രം സംസാരിച്ചത് പോരായ്മയാണ്. ഉത്തരാഖണ്ഡില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നത് പ്രധാനമായും ഇന്ത്യന്‍ സൈന്യവും ഇന്തോ- തിബത്തന്‍ അതിര്‍ത്തി പോലീസുമാണ്. ഇരകളുടെ സംസ്ഥാനമോ ജനനമോ മതമോ നോക്കിയല്ല മറിച്ച് മനുഷ്യര്‍ എന്ന പരിഗണനയിലാണ് രക്ഷാപ്രവര്‍ത്തനം നടക്കുന്നത്. എന്തെങ്കിലും കാര്യലാഭത്തിന് വേണ്ടിയല്ല മറ്റ് സംസ്ഥാനങ്ങളും സഹായം പ്രഖ്യാപിച്ചത്. ഇത്തരമൊരു ദുരന്തം നേരിടുമ്പോള്‍ അതവരുടെ ചുമതലയാണ്. മോഡി ഉത്തരാഖണ്ഡ് സന്ദര്‍ശിച്ച ദിവസം, 15,000 ഗുജറാത്തികളെ രക്ഷപ്പെടുത്തിയെന്ന തരത്തില്‍ വന്‍തോതില്‍ പ്രചാരണം നടത്തിയതിനെയും താക്കറെ വിമര്‍ശിച്ചു. ഭാവിയിലെങ്കിലും മോഡിയുടെ സില്‍ബന്തികള്‍ ഇത്തരം പ്രചാരവേലകള്‍ അവസാനിപ്പിച്ചിരുന്നെങ്കിലെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു.

Latest