Connect with us

Articles

ശിശു മരണത്തിന്റെ താഴ്‌വര

Published

|

Last Updated

childഫലൂജ, ബസറ… സദ്ദാം ഹുസൈനെ ഇല്ലാതാക്കാനെന്ന പേരില്‍ അമേരിക്ക നടത്തിയ കൂട്ടക്കുരുതികളാല്‍ ചരിത്രത്തിലിടം പിടിച്ച ഇറാഖി നഗരങ്ങള്‍. അംഗവൈകല്യങ്ങളോടെ പിറന്നു വീഴുകയും ബാല്യം വിടും മുമ്പ് മരിച്ചു വീഴുകയും ചെയ്യുന്ന കുരുന്നുകളും ചാപ്പിള്ളകളായി പൊലിഞ്ഞുപോകുന്ന പൈതങ്ങളുമാണ് ഇന്ന് ഫലൂജയുടെയും ബസറയുടെയും നൊമ്പരക്കാഴ്ചകള്‍. ഫലൂജ പോലെയും ബസറ പോലെയും കുരുന്നുകളുടെ നിലവിളികളുയരുന്ന ഒരു പ്രദേശമുണ്ട് കേരളത്തിലും; അട്ടപ്പാടി. യുറേനിയവും വൈറ്റ് ഫോസ്ഫറസും പോലുള്ള മാരക രാസവസ്തുക്കളുമായി ശത്രുരാജ്യത്തിന്റെ സംഹാരമാണ് ഫലൂജയിലും ബസറയിലും കുരുന്നുകളെ കുരുതി കൊടുത്തതെങ്കില്‍ ഒരു വിറ്റാമിന്‍ ഗുളിക പോലും കാര്യക്ഷമമായി വിതരണം ചെയ്യാന്‍ കഴിയാതിരുന്ന സ്വന്തം ഭരണാധികാരികളുടെ നിസ്സംഗതയും കഴിവുകേടും മൂലം മരിച്ചു വീഴുന്ന കുരുന്നുകളുടെ നിലവിളികളാണ് അട്ടപ്പാടിയില്‍ നിന്ന് ഉയര്‍ന്നു കേള്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം 15 ശിശുമരണങ്ങള്‍, ഈ വര്‍ഷം ഇതുവരെ 27 മരണം. ഈ പാലക്കാടന്‍ മലയോരം മരണത്തിന്റെ താഴ്‌വരയായിരിക്കുന്നു.

ഇവിടെ അട്ടപ്പാടിയില്‍ നിശ്ശബ്ദമായ ഒരു വംശഹത്യ പോലെ കുരുന്നു ജീവിതങ്ങള്‍ പൊലിഞ്ഞുകൊണ്ടിരിക്കുകയാണ്. അതിന് മൗനാനുവാദം നല്‍കുന്നത് പോലെ സക്കാര്‍ സംവിധാനങ്ങള്‍ നിസ്സംഗമായി നോക്കി നില്‍ക്കുന്നു. ജനിച്ച ഉടനെ മുതല്‍ നാല് മാസം വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചതില്‍ കൂടുതലും. പോഷകാഹാരക്കുറവും വിളര്‍ച്ചയുമാണ് കാരണമായി കണ്ടെത്തിയിരിക്കുന്നത്. കാരണം കണ്ടെത്തിയവര്‍ പക്ഷേ, പരിഹാര നടപടികള്‍ക്ക് വേഗം കൂട്ടുന്നില്ല.
ഫലൂജയിലും ബസറയിലും പിന്നെ ഹിരോഷിമയിലും നാഗസാക്കിയിലുമൊക്കെ മറ്റുള്ളവര്‍ സൃഷ്ടിച്ചെടുത്ത ദുരന്തങ്ങളായിരുന്നെങ്കില്‍ ഇവിടെ തടയാന്‍ കഴിയുമായിരുന്ന മരണങ്ങളാണ് സംഭവിക്കുന്നത്. അഗളി, പുതൂര്‍, ഷോളയൂര്‍ പഞ്ചായത്തുകളിലായി 745 ചതുരശ്ര കിലോമീറ്റര്‍ പരന്നുകിടക്കുന്ന പാലക്കാടന്‍ മണ്ണിനും ഇവിടെ വീശിയടിക്കുന്ന കാറ്റിനും ഇപ്പോള്‍ മരണത്തിന്റെ ഗന്ധമാണ്. ഇരുള, മുഡഗര്‍, കുറുമ്പ വിഭാഗത്തിലായി മുപ്പതിനായിരത്തോളം വരുന്ന ആദിവാസി ജനതയുടെ വാസസ്ഥലമാണിത്. തങ്ങളുടെ വംശം നിലനിര്‍ത്താന്‍ എന്തു ചെയ്യണമെന്നറിയാതെ വിളറി നില്‍ക്കുകയാണിവര്‍.

രണ്ട് തവണ ഗര്‍ഭം അലസിപ്പോയ നീലി നിസ്സഹായയാണ്. എന്തു ചെയ്യണമെന്നറിയില്ല. കൃത്യമായ കാരണവുമറിയില്ല. ചികില്‍സക്ക് മാര്‍ഗവുമില്ല. ഗര്‍ഭിണികള്‍ക്ക് ലഭിക്കേണ്ട കരുതലും ആഹാരത്തിലെ പോഷണവും ലഭിച്ചിട്ടില്ലെന്ന് വിദഗ്ധര്‍ പറയും മുമ്പു തന്നെ നീലിക്കറിയാമായിരുന്നു. അറിഞ്ഞിട്ടും മറ്റുള്ളവര്‍ കണ്ടെത്തിയിട്ടും കാര്യമൊന്നുമുണ്ടായിട്ടില്ലല്ലോ. വള്ളക്കുളത്തെ ഊരില്‍ തൊട്ടടുത്ത കുടിലുകളിലായി രണ്ട് പൈതങ്ങള്‍ മരണത്തിന് കീഴടങ്ങിയിരിക്കുന്നു. മരണവീടിന്റെ പ്രതീതിയൊന്നും അവിടെയില്ല. സാധാരണ പോലെ വെളുപ്പിനേ അവര്‍ പുല്ല് പറിക്കാന്‍ പോയിരിക്കുന്നു. പുല്ല് വിറ്റു കിട്ടുന്ന കാശാണ് കുടിലുകളിലെ വിശപ്പടക്കുന്നത്. ഊര് ചുറ്റാനും പഠിക്കാനും അറിയാനും എത്തിയവര്‍ ഏറെയാണ്. എല്ലാം എഴുതിയെടുത്ത് ഇറങ്ങിപ്പോകുന്നവര്‍ പിന്നെ ഈ കുടിലുകളില്‍ കയറാറില്ല. ആദിവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന തമ്പ് എന്ന സംഘടന മുതല്‍ സര്‍ക്കാറിന്റെ വിവിധ ഏജന്‍സികള്‍ വരെ അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ കാരണങ്ങളും പരിഹാരനിര്‍ദേശങ്ങളും പല തവണ നിരത്തിയിട്ടുണ്ട്.

എന്നിട്ടും അട്ടപ്പാടിയിലെ ഊരുകളില്‍ നിന്ന് പുതിയ മരണവാര്‍ത്തകള്‍ പുറത്തു വന്നു കൊണ്ടിരിക്കുന്നു. ഇത്തരം വാര്‍ത്തകളറിഞ്ഞിട്ടും നിസ്സംഗമായി നോക്കി നിന്ന സര്‍ക്കാര്‍ വകുപ്പുകള്‍ തന്നെയാണ് ഈ മരണങ്ങള്‍ക്കെല്ലാം ഉത്തരവാദി. ഇവിടെയുള്ള 593 കുട്ടികള്‍ക്ക് വിളര്‍ച്ചയും 76 കുട്ടികള്‍ക്ക് പോഷകാഹാരക്കുറവുമുണ്ടെന്ന് മെഡിക്കല്‍ ക്യാമ്പുകളില്‍ കണ്ടെത്തിയിരിക്കുന്നു. അട്ടപ്പാടിയിലെ ശിശുമരണങ്ങളിലെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതിനു പകരം അടിയന്തരമായി ഇനിയുള്ള കുരുന്നുകളെയെങ്കിലും രക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍ സ്വീകരിക്കണം. ഒന്നിലധികം പ്രതിസന്ധികള്‍ അട്ടപ്പാടി നേരിടുന്നുണ്ടെന്നാണ് വൈദ്യസംഘത്തിന്റെ കണ്ടെത്തല്‍. ഇതിനെല്ലാമുള്ള സമഗ്രമായ പദ്ധതികളും നിര്‍ദേശങ്ങളുമാണ് ഉടനടി വേണ്ടത്.

എന്നാല്‍ ഇതിനു പകരം ശിശുമരണങ്ങളിലെ രാഷ്ട്രീയത്തിലാണ് പാര്‍ട്ടികള്‍ക്ക് താത്പര്യം. ആരുടെ ഭരണകാലത്താണ് കൂടുതല്‍ മരണങ്ങള്‍ നടന്നതെന്നാണ് ഇവരുടെ കണക്കെടുപ്പ്. ഗര്‍ഭിണികളിലെ പോഷകാഹാര കുറവാണ് മരണത്തിനുള്ള ഒരു കാരണമെന്നതിനാല്‍ അട്ടപ്പാടി ഊരുകളിലെ അമ്മമാരുടെ ഗര്‍ഭകാലം ഏത് ഭരണത്തിലായിരുന്നെന്ന് പോലും നിലവിലെ എം എല്‍ എ എന്‍ ശംസുദ്ദീനും മുന്‍ എം എല്‍ എ ജോസ് ബേബിയും ചാനലിലിരുന്ന് തര്‍ക്കിച്ചു. അട്ടപ്പാടിയിലെ ശിശുമരണങ്ങളുടെ പേരില്‍ അടുത്ത തവണ മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലം അനുകൂലമാക്കി മാറ്റാന്‍ എന്തുണ്ട് വഴിയെന്നാണ് ഇടതും വലതും ആലോചിക്കുന്നത്. സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ അട്ടപ്പാടി സന്ദര്‍ശിച്ചു. ശിശുമരണങ്ങളെ കുറിച്ച് പഠിക്കാന്‍ ഡോ. ബി ഇഖ്ബാലിന്റെ നേത്വത്തിലുള്ള സംഘത്തെ അട്ടപ്പാടിയിലേക്ക് പറഞ്ഞുവിടുകയും ചെയ്തു. ഇനി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും കേന്ദ്രമന്ത്രിമാരും അട്ടപ്പാടി കാണാന്‍ തീരുമാനിച്ചിരിക്കുന്നു. വി എസും വന്നു അട്ടപ്പാടിക്ക്. അട്ടപ്പാടിയില്‍ അരുതാത്തതെന്തോ സംഭവിക്കുന്നു എന്ന് എല്ലാവര്‍ക്കുമറിയാം.

എന്നാല്‍ ഇനി സംഭവിക്കാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ ആരും കണ്ടെത്തുന്നില്ല. ആദിവാസികളുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിയുന്ന ഒരംഗം മന്ത്രിസഭയിലുണ്ടായിട്ടും ഇവര്‍ക്കൊന്നും അതിന്റെ ഗുണം കിട്ടുന്നുമില്ല. മികച്ച ആരോഗ്യചരിത്രമാണ് കേരളത്തിനുള്ളത്. തെക്കേ ഏഷ്യന്‍ രാജ്യങ്ങളില്‍ ശ്രീലങ്ക മാത്രമാണ് കേരളത്തിന് സമാനമായ ആരോഗ്യ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളത്. 1920കള്‍ തൊട്ട് പൊതുമരണ നിരക്കും ശിശുമരണ നിരക്കും കുറഞ്ഞു. ആയുര്‍ദൈര്‍ഘ്യം വര്‍ധിച്ചു. എന്നാല്‍ ഈ ആരോഗ്യനേട്ടങ്ങള്‍ നിലനിര്‍ത്താന്‍ കേരളം പാടുപെടുകയാണ്.

അവസാനം അട്ടപ്പാടി ആരോഗ്യ പാക്കേജിന് സര്‍ക്കാര്‍ അംഗീകാരം നല്‍കിയിരിക്കുന്നു. മേഖലയിലെ ആശുപത്രികളില്‍ 75 പുതിയ തസ്തികകള്‍ അനുവദിക്കാനും ഇവിടെ ജോലിയെടുക്കുന്ന ഡോക്ടര്‍മാര്‍ക്ക് പ്രത്യേക അലവന്‍സായി എല്ലാ മാസവും ഇരുപതിനായിരം രൂപ വീതവും മറ്റു ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ ഇരുപത് ശതമാനം വീതവും നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ആശാ പ്രവര്‍ത്തകര്‍ക്ക് പ്രത്യേക ഇന്‍സന്റീവ് നല്‍കുമെന്നും സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. അട്ടപ്പാടി മേഖലയിലെ ആശുപത്രികള്‍ക്ക് മെഡിക്കല്‍ ഉപകരണങ്ങള്‍ വാങ്ങുന്നതടക്കമുള്ള അടിസ്ഥാന സൗകര്യ വികസനത്തിന് 25 ലക്ഷം രൂപ അധികമായി അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്. ആരോഗ്യ പാക്കേജിലെ ഡോക്ടര്‍മാരുടെയും മറ്റു ജീവനക്കാരുടെയും മാസവരുമാനം കൂടുന്ന നിര്‍ദേശം മാത്രം കൃത്യസമയത്ത് നടപ്പിലാകും. എന്നാല്‍ ഇതു കൊണ്ട് അട്ടപ്പാടിയുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകില്ല.

തങ്ങള്‍ക്ക് ലഭിക്കേണ്ട അവകാശങ്ങളെ കുറിച്ച് ബോധ്യമില്ലാത്ത പാവങ്ങള്‍. പുല്ല് പറിച്ച് കിട്ടുന്ന കാശാണ് തങ്ങളുടെ ജീവിതമാര്‍ഗമെന്ന് പറയുമ്പോള്‍ തൊഴിലുറപ്പ് പദ്ധതി ഇവര്‍ക്കെന്തേ അന്യമാകുന്നത്? പൊട്ടിപ്പൊളിഞ്ഞ ഓലഷെഡുകളിലാണ് അധിക പേരും അന്തിയുറങ്ങുന്നത്. ഐ ടി ഡി പിയും അഹാഡ്‌സും തുടങ്ങി കേന്ദ്ര കേരള സര്‍ക്കാറുകളുടെ പട്ടികവര്‍ഗ പദ്ധതികളിലെ പണമൊക്കെ എവിടെയാണാവോ ഇവര്‍ ചെലവഴിക്കുന്നത്? അങ്കണവാടിയില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ പോലും ആവശ്യമായ ഫണ്ട് ഇവിടെ ലഭ്യമാകുന്നില്ല. വൈദ്യുതിയും വെള്ളവും റോഡും വിദ്യാഭ്യാസവും അങ്ങനെ എല്ലാം ഇവര്‍ക്ക് അന്യമാകുന്നു. ഏത് വിഷയവും പോലെ രാഷ്ട്രീയക്കാര്‍ക്ക് അട്ടപ്പാടിയും മറ്റൊരു തര്‍ക്കവിഷയം മാത്രം.