Kerala
മന്ത്രിക്കെതിരായ വാര്‍ത്ത; കേസെടുക്കാന്‍ ഡി ജി പിയുടെ നിര്‍ദേശം

തിരുവനന്തപുരം:യുവജനക്ഷേമ മന്ത്രി പി കെ ജയലക്ഷ്മിക്കെതിരായി അപകീര്‍ത്തികരമായ വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് സൈബര്‍ നിയമപ്രകാരം കേസെടുക്കാന്‍ ഡി ജി പി നിര്‍ദേശം നല്‍കി. മന്ത്രിയുടെ പരാതിയെ തുടര്‍ന്ന് പ്രാഥമിക അന്വേഷണം നടത്താന്‍ ഡി ജി പി പോലീസ് ആസ്ഥാനത്തെ സൈബര്‍സെല്ലിനോട് നിര്‍ദേശിച്ചിരുന്നു. അവരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ ഡി ജി പി നിര്‍ദേശം നല്‍കിയത്. ഓണ്‍ലൈന്‍ മാധ്യമത്തിലാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചതെന്നതിനാലാണ് സൈബര്‍ നിയമപ്രകാരം കേസെടുക്കുന്നത്.
വാര്‍ത്ത സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റുകളിലൂടെ പ്രചരിപ്പിച്ചവര്‍ക്കെതിരെയും നടപടിയുണ്ടാകും. മന്ത്രിയായതിന് ശേഷം ജയലക്ഷ്മിയുടെ സ്വത്തില്‍ വന്‍ കുതിച്ചുകയറ്റം എന്ന രീതിയിലാണ് വാര്‍ത്ത വന്നത്. 2011ല്‍ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നല്‍കിയ സ്വത്ത്‌വിവരങ്ങളും 2012ല്‍ സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സ്വത്ത്‌വിവരങ്ങളും താരതമ്യപ്പെടുത്തിയാണ് വാര്‍ത്ത പ്രസിദ്ധീകരിച്ചത്. അപകീര്‍ത്തികരമായ വാര്‍ത്തക്കെതിരെ മന്ത്രി ആഭ്യന്തര മന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കുകയായിരുന്നു.