Wayanad
എക്കോ സെന്‍സിറ്റിവ് സോണ്‍: കര്‍ഷകര്‍ക്ക് ആശങ്ക വേണ്ടെന്ന് മന്ത്രി

മാനന്തവാടി: പരിസ്ഥിതി സംരക്ഷണ നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം എക്കോ സെന്‍സിറ്റിവ് സോണ്‍ പ്രഖ്യാപിക്കുന്നത് തത്കാലം നിര്‍ത്തിവെക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഗാഡ്ഗില്‍ കമ്മിറ്റിയുടെയും കസ്തൂരി രംഗന്‍ കമ്മിറ്റിയുടെയും ശിപാര്‍ശകളില്‍ അന്തിമതീരുമാനം കൈക്കൊണ്ടതിന് ശേഷം മാത്രമേ സോണ്‍ പ്രഖ്യാപനം നടത്താവു എന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും പട്ടികവര്‍ഗ യുവജന ക്ഷേമ മന്ത്രി പി കെ ജയലക്ഷ്മി അറിയിച്ചു.
എന്നാല്‍ 15ന് മുമ്പായി ഇത് സംബന്ധിച്ച കരട് പ്രഖ്യാപനം തയ്യാറാക്കി നല്‍കണമെന്ന് നിര്‍ദ്ദേശമുള്ളതിനാല്‍ കരട് പ്രഖ്യാപനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. ഇതു പ്രകാരം ജനവാസമുള്ള സ്ഥലങ്ങളില്‍ സീറോ പോയിന്റ് സോണ്‍ മാത്രമേ ഉണ്ടാകുകയുള്ളു. വനപ്രദേശങ്ങളില്‍ പരമാവധി 12.76 കിലോമീറ്റര്‍ വരെ സോണില്‍ ഉള്‍പ്പെടും. വന്‍കിട വ്യവസായ സംരംഭങ്ങള്‍, വന്‍കിട ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, ക്വാറികള്‍ എന്നിവ ഇത്തരം പ്രദേശങ്ങളില്‍ അനുവദിക്കുകയില്ല. എന്നാല്‍ പ്രദേശവാസികള്‍ക്ക് സ്വന്തം ആവശ്യങ്ങള്‍ക്കായി മണല്‍ ശേഖരിക്കുക, നിലവിലുള്ള കൃഷി തുടര്‍ന്ന് പോവുക, വാസഗൃഹങ്ങള്‍ നിര്‍മിക്കുക, ഹോംസ്‌റ്റേകള്‍, ചെറുകിട റിസോര്‍ട്ടുകള്‍ എന്നിവയ്‌ക്കൊന്നും തന്നെ നിരോധനം ഉണ്ടാകില്ലെന്നും മന്ത്രി അറിയിച്ചു.
നിലവിലുണ്ടായിരുന്ന പ്രകാരം മാനന്തവാടി നിയോജക മണ്ഡലത്തില്‍ തിരുനെല്ലി, തൃശിലേരി എന്നീ വില്ലേജുകളുടെ ഏതാനും ഭാഗം മാത്രമാണ് ഇപ്രകാരം എക്കോ സെന്‍സിറ്റിവ് സോണില്‍ ഉള്‍പ്പെടുത്തുന്നതെന്നും മറിച്ചുള്ള പ്രചരണങ്ങള്‍ കാര്യങ്ങള്‍ ശരിയായി മനസിലാക്കാത്തത് കൊണ്ടാണെന്നും മന്ത്രി അറിയിച്ചു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ കിടങ്ങനാട്, നൂല്‍പ്പുഴ, പുല്‍പള്ളി, ഇരുളം എന്നീ വില്ലേജുകളുടെ ഏതാനും ഭാഗങ്ങള്‍ മാത്രമാണ് ഉള്‍പ്പെടുന്നത്. കല്‍പറ്റ നിയോജക മണ്ഡലത്തില്‍ തരിയോട്, അച്ചൂരാനം എന്നീ വില്ലേജുകളുടെ ഭാഗങ്ങളും ഉള്‍പ്പെടും. ഇവിടെയുള്ള മനുഷ്യവാസമുള്ള പ്രദേശങ്ങള്‍ ഒഴിവാക്കാനും മന്ത്രിസഭ തീരുമാനിച്ചതായി മന്ത്രി അറിയിച്ചു
ജില്ലാ കലക്ടര്‍ അധ്യക്ഷനും ജില്ലയിലെ എം എല്‍ എമാര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ അംഗങ്ങളുമായ ഒരു സമിതി ഇക്കാര്യങ്ങളില്‍ മേല്‍നോട്ടം വഹിക്കും. പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം കൊടുക്കുകയും എന്നാല്‍ ഇത് സാധാരണക്കാരുടെ ജീവിതത്തേയും തൊഴിലിനെയും പ്രതികൂലമായി ബാധിക്കാത്ത തരത്തിലുമാണ് ഇക്കാര്യത്തിലുള്ള സര്‍ക്കാര്‍ തീരുമാനമെന്നും മന്ത്രി അറിയിച്ചു.