Connect with us

National

ഡല്‍ഹി പീഡനം: പ്രതി അറസ്റ്റില്‍, പെണ്‍കുട്ടിയുടെ നിലയില്‍ പുരോഗതി

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച പ്രതി അറസ്റ്റിലായി. ബീഹാറിലെ മുസാഫര്‍ബാദ് സ്വദേശി മനോജ് കുമാര്‍(25)ആണ് പിടിയിലായത്. സംഭവത്തെ തുടര്‍ന്ന് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുള്ളതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം, ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധ സമരങ്ങള്‍ നടക്കുകയാണ്. പ്രതിഷേധം പലപ്പോഴും അക്രമാസക്തമാകുകയും ചെയ്തു.

ലോക്കല്‍ പോലീസിന്റെ സഹായത്തോടെ ഭാര്യ വീട്ടില്‍ നിന്നാണ് പോലീസ് മനോജ്കുമാറിനെ പിടികൂടിയത്. ഡല്‍ഹിയില്‍ നിന്നും ട്രെയിനില്‍ രക്ഷപ്പെട്ട സുരേഷ് കുമാറിനെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിനൊടുവിലാണ് കണ്ടെത്താനായത്. പ്രതിയെ ഇന്ന് ഡല്‍ഹിയിലെത്തിക്കുമെന്ന് പോലീസ് അറിയിച്ചു.

സംഭവത്തില്‍ പ്രതിഷേധിച്ച് ഡല്‍ഹിയില്‍ ഇന്നും പ്രതിഷേധ സമരങ്ങള്‍ തുടരുകയാണ്. വിവിധ വിദ്യാര്‍ഥി യുവജന സ്ത്രീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ് പ്രതിഷേധ പരിപാടികള്‍ നടക്കുന്നത്. പെണ്‍കുട്ടിയെ കാണാതായതായി പരാതി ലഭിച്ചിട്ടും പോലീസ് നിഷ്‌ക്രിയമായെന്ന് ആരോപിച്ച് ഡല്‍ഹി പോലീസ് ആസ്ഥാനത്തും പ്രതിഷേധമിരമ്പി. ജനങ്ങള്‍ ബാരിക്കേഡ് തകര്‍ത്ത് അകത്തുകയറാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. പ്രതിഷേധം വ്യാപകമാകുന്ന സാഹചര്യത്തില്‍ ഇന്ത്യാഗേറ്റിലും രാഷ്ട്രപതി ഭവനിലും ജന്ദര്‍മന്ദറിലും പ്രവേശിക്കുന്നതിന് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

എയിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയുടെ നിലയില്‍ നേരിയ മാറ്റമുള്ളതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. പെണ്‍കുട്ടി ചികിത്സയോട് പ്രതികരിക്കുന്നുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. എട്ട് ഡോക്ടര്‍മാരുടെ സംഘമാണ് പെണ്‍കുട്ടിയെ ചികിത്സിക്കുന്നത്. പെണ്‍കുട്ടിക്ക് എല്ലാ വൈദ്യ സഹായവും ഏര്‍പ്പെടുത്താന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെ അറിയിച്ചു.