Connect with us

Sports

ഓപണിംഗ് ചെന്നൈയുടെ പ്രധാന പ്രശ്‌നം

Published

|

Last Updated

ചെന്നൈ: ഓപണിംഗ് സഖ്യത്തിന്റെ പരാജയമാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ മോശം പ്രകടനത്തിന് കാരണമെന്ന് ചെന്നൈ താരം എസ് ബദരീനാഥ്. പൂനെ വാരിയേഴ്‌സിനോടേറ്റ അപ്രതീക്ഷിത തോല്‍വിക്ക് ശേഷമാണ് ബദരീനാഥിന്റെ അഭിപ്രായപ്രകടനം. കിംഗ്‌സ് ഇലവന്‍ പഞ്ചാബിനോട് പത്ത് വിക്കറ്റിന് വിജയിച്ചത് ഓപണര്‍മാരുടെ മികവിലാണ്. എന്നാല്‍ ആ മികവ് ആവര്‍ത്തിക്കാന്‍ ഇപ്പോള്‍ സാധിക്കുന്നില്ല. ടി20യില്‍ ഓപണര്‍മാര്‍ക്ക് മര്‍മ്മപ്രധാനമായ സ്ഥാനമുണ്ട്.
ആദ്യത്തെ ആറ് ഓവറില്‍ ഫീല്‍ഡിംഗ് നിയന്ത്രണങ്ങളുള്ളതിനാല്‍ ഈ സമയത്ത് വേഗത്തില്‍ റണ്‍സെടുക്കാനുള്ള ശ്രമമുണ്ടാകണം. മധ്യനിരക്ക് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്താനുള്ള അടിത്തറ തുടക്കത്തിലെ ഈ മികവാണെന്നും ബദരീനാഥ് വ്യക്തമാക്കി.
ചെന്നൈയുടെ ആദ്യ മൂന്ന് മത്സരങ്ങളിലും മൈക്ക് ഹസി- മുരളി വിജയ് കൂട്ടുകെട്ടാണ് ഓപണ്‍ ചെയ്തത്. എന്നാല്‍ പൂനെക്കെതിരായ പോരാട്ടത്തില്‍ ഹസിക്ക് പകരം ആല്‍ബി മോര്‍ക്കല്‍ ടീമിലെത്തി. ഓപണറായി ഇറങ്ങിയത് എസ് അനിരുദ്ധായിരുന്നു. രണ്ട് പന്ത് മാത്രം നേരിട്ട് അനിരുദ്ധ പൂജ്യം റണ്‍സിന് പുറത്താകുകയും ചെയ്തു. കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം പുറത്തെടുത്ത ദക്ഷിണാഫ്രിക്കന്‍ താരം ഡൂപ്ലെസിസ് ഇത്തവണ പരുക്കിനെ തുടര്‍ന്ന് ടീമിലില്ല.
ഹസി പുറത്തായതോടെ ടീമിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്തുന്നതിനായിരുന്നു അനിരുദ്ധയെ ഓപണറാക്കിയതും ഓള്‍റൗണ്ടറെന്ന നിലയില്‍ മോര്‍ക്കലിനെ ഉള്‍പ്പെടുത്തിയതും. എന്നാല്‍ അനിരുദ്ധ നിര്‍ഭാഗ്യവശാല്‍ പെട്ടെന്ന് പുറത്തായെന്നും ബദരീനാഥ് കൂട്ടിച്ചേര്‍ത്തു.
പൂനെ വാരിയേഴ്‌സിനോട് 24 റണ്‍സിനാണ് ചെന്നൈ സൂപ്പര്‍കിംഗ്‌സ് പരാജയപ്പെട്ടത്. ആദ്യ ബാറ്റ് ചെയ്ത പൂനെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 159 എന്ന ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ ചെന്നൈയുടെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 138ല്‍ അവസാനിച്ചു. ബദരീനാഥ് (34), ജഡേജ (27), വിജയ് (24) എന്നിവര്‍ മാത്രമാണ് തിളങ്ങിയത്. പൂനെക്കായി ആരോണ്‍ ഫിഞ്ച് (67), ഉത്തപ്പ (26) എന്നിവരെ കൂടാതെ സ്റ്റീവന്‍ സ്മിത്ത് 16 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറുമടിച്ച് 16 പന്തില്‍ നിന്ന് ക്ഷണത്തില്‍ വാരിയ 39 റണ്‍സ് പൂനെയുടെ സ്‌കോറുയര്‍ത്തുന്നതില്‍ നിര്‍ണായകമായി. സ്മിത്ത് കളിയിലെ കേമന്‍.

Latest