Connect with us

Editors Pick

സംസ്ഥാനത്ത് ജയിലുകള്‍ കാക്കാന്‍ ഇനി വനിതാ വാര്‍ഡന്‍മാരും

Published

|

Last Updated

കണ്ണൂര്‍: കേരളത്തിലെ ജയില്‍ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ ജയിലുകള്‍ കാക്കാന്‍ കണ്ണൂരില്‍ വനിതാ വാര്‍ഡന്‍മാരുടെ പ്ലാറ്റൂണ്‍ തയ്യാറെടുക്കുന്നു. കണ്ണൂരിലെ സ്റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കറക്ഷന്‍ അഡ്മിനിസ്‌ട്രേഷനിലാണ് (സീക്ക) 26 യുവതികളടങ്ങിയ വനിതാ വാര്‍ഡന്‍മാരുടെ പ്ലാറ്റൂണ്‍ ഒരുങ്ങുന്നത്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരേസമയം ഇത്രയും വനിതാ വാര്‍ഡന്‍മാര്‍ പാസിംഗ് ഔട്ടിന് ഒരുങ്ങുന്നത്. ഇവരുടെ പാസിംഗ് ഔട്ട് പരേഡ് 18ന് സീക്ക സ്റ്റേഡിയത്തില്‍ നടക്കും. ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ സല്യൂട്ട് സ്വീകരിക്കും. മുന്‍കാലങ്ങളില്‍ ജയില്‍ സേനയില്‍ പുരുഷന്മാര്‍ക്ക് പരിശീലനം നല്‍കുന്നതിനൊപ്പം ഒന്നോ രണ്ടോ വനിതകള്‍ക്ക് മാത്രം പരിശീലനം നല്‍കി വരുന്ന രീതിയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ വനിതാ ജയിലുകളില്‍ ജീവനക്കാരുടെ കുറവുണ്ടായ സാഹചര്യത്തില്‍ പുരുഷ വാര്‍ഡന്‍മാര്‍ക്ക് നല്‍കുന്ന അതേ പ്രാധാന്യത്തോടെ യുവതികളെയും റിക്രൂട്ട് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സൈനീക പരിശീലനത്തിന് സമാന രീതിയിലുള്ള പരിശീലനമാണ് സംസ്ഥാനത്തെ ആദ്യ വനിതാ പ്ലാറ്റൂണിനും നല്‍കുന്നത്. അതീവ കഠിനമായ പരിശീലന മുറകളിലൂടെയാണ് ഈ സംഘം പാസിംഗ് ഔട്ടിന് തയ്യാറെടുക്കുന്നത്.
രാവിലെ അഞ്ച് മുതലാണ് ഓരോ കേഡറ്റിന്റെയും ദിനചര്യയുടെ തുടക്കം. ആറ് മുതല്‍ സീക്ക ഗ്രൗണ്ടില്‍ പരേഡുള്‍പ്പെടെയുള്ള കായിക ക്ഷമതാ പരിശീലനം ആരംഭിക്കും. 10 മുതല്‍ വിവിധ വിഷയങ്ങളിലുള്ള ക്ലാസുകള്‍. ആയുധ പരിശീലനം, കരാട്ടെ, യോഗ, ക്രിമിനോളജി, ഡ്രൈവിംഗ്, നിയമം, മനഃശാസ്ത്രം, പ്രഥമ ശുശ്രൂഷ എന്നിവയടങ്ങുന്നതാണ് സിലബസ്. 30 പേരെയായിരുന്നു പരിശീലനത്തിനായി തിരഞ്ഞെടുത്തത്. നാലു പേര്‍ മറ്റു ജോലി ലഭിച്ചതിനാല്‍ വിട്ടുപോയി. കാസര്‍കോട് മുതല്‍ പാലക്കാട് വരെയുള്ള ജില്ലയിലുള്ളവരാണ് വനിതാ പ്ലാറ്റൂണില്‍ പരിശീലനം നേടുന്നത്. ഇതില്‍ 23 പേരും വിവാഹിതരാണെന്ന പ്രത്യേകതയുമുണ്ട്. മിക്കവരും അമ്മമാരുമാണ്. വീടിനും ബന്ധങ്ങള്‍ക്കും താത്കാലിക അവധി നല്‍കിയാണ് ഇവര്‍ പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്നത്. സീക്കയില്‍ തന്നെ താമസിച്ചാണ് പരിശീലനം. കഠിനമായ കായിക ക്ഷമതാ ഉള്‍പ്പെടെയുള്ള പരിശീലന കടമ്പകള്‍ നേരിടാനാകാതെ പലരും കൊഴിഞ്ഞു പോയേക്കുമോ എന്ന ആശങ്ക ആദ്യഘട്ടത്തില്‍ ഉണ്ടായിരുന്നു.
എന്നാല്‍ എല്ലാ ആശങ്കകള്‍ക്കും വിരമാമിട്ട് മുഴുവന്‍ പേരും കര്‍മമേഖലയിലേക്ക് കടക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ്. പാസിംഗ് ഔട്ടിന് ശേഷം ഇവരെ കണ്ണൂര്‍, വിയ്യൂര്‍ ജയിലുകളിലേക്കായിരിക്കും നിയോഗിക്കുക. വനിതകള്‍ക്കൊപ്പം 44 പുരുഷ കേഡറ്റുകളും പരിശീലനം നല്‍കുന്നുണ്ട്.

---- facebook comment plugin here -----

Latest