Connect with us

Kerala

ഹജ്ജ് നറുക്കെടുപ്പ് ഈ മാസം 26ന്

Published

|

Last Updated

hajjകോഴിക്കോട്:സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് പോകുന്ന ഹാജിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ഈ മാസം 26ന് നടന്നേക്കും. മുസ്‌ലിം ജനസംഖ്യാനുപാത പ്രകാരം ഓരോ സംസ്ഥാനത്തിനും കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തില്‍ നിന്ന് ക്വാട്ട അനുവദിച്ചു കിട്ടേണ്ടതുണ്ട്. ഇത് നേരത്തെ ലഭ്യമായാല്‍ അന്ന് തന്നെയായിരിക്കും നറുക്കെടുപ്പെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍ അറിയിച്ചു. ഹജ്ജ് അപേക്ഷകര്‍ കുറവുള്ള മണിപ്പൂര്‍. പുതുച്ചേരി, ഹിമാചല്‍ പ്രദേശ്, ഗോവ എന്നിവിടങ്ങളിലെ അപേക്ഷകളില്‍ പതിനെട്ടിനാണ് നറുക്കെടുപ്പ്. മറ്റ് സംസ്ഥാനങ്ങളിലെ നറുക്കെടുപ്പിന് ശേഷം ഏറ്റവും ഒടുവിലാണ് കേരളത്തില്‍ നിന്നുള്ളവരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ്.
അപേക്ഷകരേറെയുള്ള ഗുജറാത്ത്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ 24നും മഹാരാഷ്ട്രയില്‍ 25നുമാണ് നറുക്കെടുപ്പ്. ഓരോ സംസ്ഥാനത്തെയും ഹജ്ജ് അപേക്ഷപ്രകാരമുള്ള ഡാറ്റാ എന്‍ട്രി ജോലികള്‍ പുരോഗമിക്കുകയാണ്. ഇത് പ്രകാരം കേരളത്തിലും ഗുജറാത്തിലുമാണ് ഏറ്റവും കൂടുതല്‍ അപേക്ഷകരുള്ളത്. 44,000. മഹാരാഷ്ട്രയില്‍ നിന്ന് 41,000 അപേക്ഷകരും ഉത്തര്‍പ്രദേശില്‍ നിന്ന് 35,000 അപേക്ഷകരുമാണുള്ളത്.
പശ്ചിമ ബംഗാളില്‍ നിന്ന് ഇത്തവണ 11,000 അപേക്ഷകര്‍ മാത്രമേ ഉള്ളൂ. മറ്റ് സംസ്ഥാനങ്ങളില്‍ അപേക്ഷകരുടെ എണ്ണം കുറയുന്നത് അപേക്ഷകര്‍ കൂടുതലുള്ള കേരളത്തിന് ഗുണം ചെയ്യും.
ഒരു തവണ ഹജ്ജ് ചെയ്തവര്‍ക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിക്കുന്നതിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ നിര്‍ദേശ പ്രകാരം മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് അപേക്ഷകരുടെ എണ്ണം ഇത്തവണ വളരെ കുറഞ്ഞതായാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ കണക്കുകള്‍ നല്‍കുന്ന സൂചന. ക്വാട്ട ലഭ്യമായാല്‍ മാത്രമേ ഓരോ സംസ്ഥാനത്തിനുമുള്ള റിസര്‍വ് വിഭാഗത്തിലുള്‍പ്പെടെയുള്ള എണ്ണം സംബന്ധിച്ച് കൃത്യമായ വിവരം ലഭിക്കുകയുള്ളൂ.
ഈ വര്‍ഷത്തെ ഹജ്ജിനുള്ള ഒരുക്കങ്ങളുടെ ഭാഗമായി മാസ്റ്റര്‍ ട്രെയിനര്‍മാര്‍ക്കുള്ള പരിശീലനം കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്നു. വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ള 46ഓളം പേര്‍ രണ്ട് ദിവസത്തെ ക്യാമ്പില്‍ പങ്കെടുത്തു. ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. എസ് സാക്കിര്‍ ഹുസൈന്‍, ജിദ്ദയിലെ കോണ്‍സുല്‍ ജനറല്‍ ഫാഇസ് അഹ്മദ് കിദ്വായി എന്നിവര്‍ക്ക് പുറമെ എമിഗ്രേഷന്‍ വിഭാഗത്തിലെയും എയര്‍ലൈനുകളിലെയും ബേങ്കുകളിലെയും ഉദ്യോഗസ്ഥര്‍ ക്യാമ്പില്‍ സംബന്ധിച്ചു. മാസ്റ്റര്‍ ട്രെയിനര്‍മാര്‍ അവര്‍ക്ക് ലഭ്യമായ വിവരങ്ങള്‍ ഫീല്‍ഡ് ട്രെയിനര്‍മാര്‍ക്ക് കൈമാറും. ഹജ്ജ് യാത്രക്ക് മുമ്പായി ഇത്തവണ കുറഞ്ഞത് മൂന്ന് ട്രെയിനിംഗ് ക്യാമ്പുകളെങ്കിലും ഹാജിമാര്‍ക്ക് സംഘടിപ്പിക്കാനാണ് നീക്കം.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്