Connect with us

Gulf

സലാല ഖരീഫില്‍ ഈ വര്‍ഷം സഞ്ചാരികള്‍ വര്‍ധിക്കും

Published

|

Last Updated

സലാല: ഒമാന്റെ ഹരിതഭൂമിയായ സലാല ഈ വര്‍ഷം കൂടുതല്‍ വിനോദ സഞ്ചാരികളെ കാത്തിരിക്കുന്നു. ഖരീഫ് സീസണില്‍ മുന്‍ വര്‍ഷങ്ങളെക്കാള്‍ വിദേശികള്‍ ഈ വര്‍ഷമുണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. ഖരീഫ് സീസണ്‍ ലക്ഷ്യമിട്ട് കൂടുതല്‍ വിമാന കമ്പനികള്‍ നേരിട്ടുള്ള സര്‍വീസ് ആരംഭിക്കുന്നതാണ് സഞ്ചാരികളുടെ വര്‍ധനവിനു വഴിയൊരുക്കുന്നത്.

ദേശീയ വിമാന കമ്പനിയായ ഒമാന്‍ എയര്‍ ഖരീഫ് സീസണില്‍ കൂടുതല്‍ സര്‍വീസുകള്‍ നടത്തുമെന്നറിയിച്ചിട്ടുണ്ട്. പുതുതായി ഖത്തര്‍ എയര്‍വെയ്‌സ് ദോഹയില്‍നിന്നും ആഴ്ചയില്‍ മൂന്നു സര്‍വീസുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫ്‌ളൈ ദുബൈയുടെ നേരിട്ടുള്ള സര്‍വീസും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു. ദുബൈയില്‍നിന്നും ആഴ്ചയില്‍ മൂന്നു സര്‍വീസുകളാണുണ്ടാവുക.

അതിനിടെ സലാല പുതിയ എയര്‍ പോര്‍ട്ടിന്റെ നിര്‍മാണം പകുതിലധികം പൂര്‍ത്തിയായതായി പബ്ലിക് അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അധികൃതര്‍ അറിയിച്ചു. 20 ലക്ഷം പേര്‍ക്ക് പുതിയ എയര്‍പോര്‍ട്ടു വഴി യാത്ര ചെയ്യാന്‍ സൗകര്യമുണ്ടാകും. എയര്‍പോര്‍ട്ടു വികസനം അടുത്ത വര്‍ഷം പൂര്‍ത്തിയാകുമെന്നാണ് അറിയിച്ചിരിക്കുന്നത്.

വര്‍ഷം മുഴുവനും സഞ്ചാരികളെത്തുന്ന പ്രധാന ടൂറിസം മേഖലയായി സലാല മാറിക്കൊണ്ടിരിക്കുകയാണ്. സ്വദേശികളും അറബ് ലോകത്ത് നിന്നുമുള്ള സഞ്ചാരികള്‍ കൂടുതലെത്തുന്നത് ഖരീഫ് സീസണിലാണ്. 351,195 സഞ്ചാരികള്‍ കഴിഞ്ഞ ഖരീഫ് സീസണില്‍ സലാല സന്ദര്‍ശിച്ചു. ജൂണ്‍ 21 മുതല്‍ സെപ്തംബര്‍ 21 വരെയുളള കാലത്താണ് ഇത്രയും സഞ്ചാരികള്‍ എത്തിയത്. 2011 ല്‍ സലാല സന്ദര്‍ശിച്ച സഞ്ചാരികളുടെ എണ്ണം 339,500 ആണ്. കഴിഞ്ഞ വര്‍ഷത്തെ 351,195 സഞ്ചാരികളില്‍ 92631 പേര്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുളളവരാണ്. 2011ല്‍ ആകെ 76,800 സഞ്ചാരികള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും സലാലയിലെത്തി. അറബ് രാജ്യങ്ങളില്‍ നിന്നുളള സഞ്ചാരികള്‍ വര്‍ധിച്ചതോടെ പല എയര്‍ലൈനുകളും സലാലയിലേക്ക് നേരിട്ട് സര്‍വീസ് നടത്താന്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്ന് ടൂറിസം മന്ത്രാലയം വക്താവ് പറഞ്ഞു.
2012 ല്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 98 ശതമാനം വര്‍ധന രേഖപ്പെടുത്തിയ ബഹ്‌റൈനില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പേര്‍ സലാല സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം 2865 സന്ദര്‍ശകര്‍ ബഹ്‌റൈനില്‍ നിന്നുമെത്തി. 2011ല്‍ ഇത് 1449 ആയിരുന്നു. സന്ദര്‍ശകരുടെ എണ്ണത്തില്‍ 56 ശതമാനം വര്‍ധന രേഖപ്പെടുത്തിയ കുവൈത്തിനാണ് രണ്ടാം സ്ഥാനം. അതേ സമയം ഖത്തറില്‍ നിന്നുളള സഞ്ചാരികളുടെ എണ്ണത്തില്‍ 20 ശതമാനം വര്‍ധനയുണ്ടായി. യു എ ഇയില്‍ നിന്നും സഊ#േദിയില്‍ നിന്നുമുളള സന്ദര്‍ശകരുടെ എണ്ണത്തില്‍ യഥാക്രമം 22ഉം രണ്ടും ശതമാനമാണ് വര്‍ധന രേഖപ്പെടുത്തിയത്.

മെയ് 21 മുതലാണ് “ഫ്‌ളൈ ദുബൈ” ചൊവ്വ വ്യാഴം ശനി ദിവസങ്ങളില്‍ സര്‍വീസ് നടത്തുക. പുതിയ എയര്‍പോര്‍ട്ട് പ്രവര്‍ത്തനക്ഷമമാകുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ സലാലയുടെ വിസ്മയ തീരത്തേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ സലാല യാത്രക്ക് മസ്‌കത്ത് വിമാനത്താവളത്തെ ആശ്രയ്ക്കുന്ന സാഹചര്യം കുറയുകയും സമയ നഷ്ടമുള്‍പ്പെടെ യാത്രക്കാര്‍ നിലവില്‍ നേരിടുന്ന അസൗകര്യങ്ങള്‍ക്ക് അറുതിയാവുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.

Latest