Connect with us

National

കടമൊഴിവാക്കാന്‍ കര്‍ഷകരുടെ വൃക്ക വില്‍പ്പന

Published

|

Last Updated

ന്യൂഡല്‍ഹി: കാര്‍ഷിക ആവശ്യങ്ങള്‍ക്കെടുത്ത വായ്പ തിരിച്ചടക്കാന്‍ കഴിയാതെ കര്‍ഷകര്‍ വൃക്ക വല്‍ക്കുന്നു. കാര്‍ഷിക വായ്പ എഴുതിത്തള്ളുന്നതിനായി ഒന്നാം യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന 52,000 കോടി പദ്ധതിയുടെ ഭൂരിഭാഗവും ലഭിച്ച ആന്ധ്രാപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളിലാണ് അവയവങ്ങള്‍ വിറ്റ് കടക്കെണിയില്‍ നിന്ന്‌ കര കയറാന്‍ കര്‍ഷകരുടെ ശ്രമം. പദ്ധതി തുകയുടെ 57 ശതമാനം തുകയും അനുവദിച്ചത് ഈ മൂന്ന് സംസ്ഥാങ്ങള്‍ക്കാണ്. ആന്ധ്രാപ്രദേശിന് 11,000 കോടി രൂപയും യു പിക്ക് 9,095 കോടിയും മഹാരാഷ്ട്രക്ക് 8,900 കോടി രൂപയുമാണ് നീക്കിവെച്ചത്.

പദ്ധതിക്ക് കീഴില്‍ വന്ന കര്‍ഷകരാണ് കോണ്‍ഗ്രസിന്റെ പ്രധാന വോട്ട് ബേങ്ക്. 2009ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മൂന്ന് സംസ്ഥാനങ്ങളിലും ഈ പ്രദേശങ്ങളില്‍ കോണ്‍ഗ്രസ് വന്‍ ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. 31 സീറ്റാണ് ആന്ധ്രയില്‍ കോണ്‍ഗ്രസ് നേടിയത്. യു പിയില്‍ 22ഉം മഹാരാഷ്ട്രയില്‍ 16ഉം സീറ്റ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്വന്തമാക്കിയിട്ടുണ്ട്. 77 ലക്ഷം കര്‍ഷകരാണ് ആന്ധ്രയിലുള്ളത്. പദ്ധതി വിഹിതത്തിന്റെ 21 ശതമാനവും ഇവിടെ ചെലവഴിച്ചുവെന്നാണ് പറയുന്നത്. പദ്ധതിയില്‍ വന്‍ ക്രമക്കേട് നടന്നുവെന്നാണ് കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ (സി എ ജി) കഴിഞ്ഞ ദിവസം പാര്‍ലിമെന്റില്‍ വെച്ച റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. പദ്ധതി തുകയുടെ ഭൂരിഭാഗവും അനര്‍ഹരുടെ കൈകളിലാണ് എത്തിയതെന്ന് സി എ ജിയുടെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

Latest