Business
സ്വര്‍ണ ഉപഭോഗം: വര്‍ഷാവസാനം 41 ശതമാനം വളര്‍ച്ച

കൊച്ചി: 2012 കലണ്ടര്‍ വര്‍ഷം ഇന്ത്യയിലെ സ്വര്‍ണ ഉപഭോഗത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ 12 ശതമാനം കുറവനുഭവപ്പെട്ടെങ്കിലും വര്‍ഷാവസാനം ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസക്കാലത്ത് 41 % വളര്‍ച്ചയുണ്ടായി. ഈ മൂന്ന് മാസക്കാലത്ത് 261. 98 ടണ്‍ സ്വര്‍ണമാണ് വിറ്റത്. സ്വര്‍ണാഭരണങ്ങളുടെ കാര്യത്തില്‍ മാത്രമല്ല, നിക്ഷേപത്തിനായി വാങ്ങുന്ന സ്വര്‍ണ നാണയങ്ങളുടെയും മറ്റും വില്‍പ്പനയിലും ഉണ്ടായ വര്‍ധന മുന്‍ ആറ് ക്വാര്‍ട്ടറുകളേക്കാള്‍ കൂടുതലായിരുന്നു. സ്വര്‍ണാഭരണങ്ങളുടെ ഡിമാന്‍ഡ് 35 ശതമാനം വര്‍ധിച്ച് 153 ടണ്ണും നിക്ഷേപങ്ങളുടേത് 108. 9 ടണ്ണുമായി. സ്വര്‍ണത്തിന് 2013 ജനുവരിയില്‍ നികുതി വര്‍ധിപ്പിക്കാന്‍ പോകുന്നു എന്ന് മുന്‍കൂട്ടി കണ്ടറിഞ്ഞതിന്റെ അടിസ്ഥാനത്തില്‍ 2012 വര്‍ഷാവസാനം തന്നെ വാങ്ങിക്കൂട്ടിയതാകും ഒക്‌ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ ഡിമാന്‍ഡ് വന്‍ തോതില്‍ വര്‍ധിക്കാന്‍ കാരണമായതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ അവലോകന റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യക്ക് പുറമെ സ്വര്‍ണത്തിന്റെ മുഖ്യ വിപണികളിലൊന്നായ ചൈനയില്‍ സാമ്പത്തിക മാന്ദ്യം കാരണം ഉപഭോഗം കുറഞ്ഞു. പക്ഷെ 2012ന്റെ അവസാന ത്രൈമാസത്തില്‍ മുന്‍ വര്‍ഷത്തേതിനേക്കാള്‍ ഒരു ശതമാനം വളര്‍ച്ചയുണ്ടായി. അവിടെ സാമ്പത്തിക മാന്ദ്യം അധിക കാലം നീണ്ടുനില്‍ക്കില്ലെന്നതിന്റെ സൂചനയാകാം ഇതെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ വിലയിരുത്തുന്നു.സാമ്പത്തിക രംഗത്തെ താളപ്പിഴകള്‍ മൂലം ഡിമാന്‍ഡില്‍ ഏറ്റക്കുറച്ചില്‍ കാണാമെങ്കിലും ഇന്ത്യയും ചൈനയും സ്വര്‍ണത്തിന്റെ സുപ്രധാന വിപണികളായിത്തുടരുമെന്ന് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ മാനേജിംഗ് ഡയരക്റ്റര്‍ (ഇന്‍വെസ്റ്റ്‌മെന്റ്‌സ്) മര്‍ക്കസ് ഗ്രബ് പറഞ്ഞു. ഇന്ത്യയിലും ചൈനയിലും കഴിഞ്ഞ ദശകത്തെ അപേക്ഷിച്ച് ഈ ദശകത്തില്‍ സ്വര്‍ണ ഡിമാന്‍ഡിലുണ്ടായ വളര്‍ച്ച 30 ശതമാനമാണ്. ഇന്ത്യയില്‍ സ്വര്‍ണ ഉപഭോഗം കുറക്കാന്‍ ഔദ്യോഗിക തലത്തില്‍ നടപടിയുണ്ടായെങ്കിലും വിപണിയെ തളര്‍ത്താന്‍ അവ പര്യാപ്തമായിരുന്നില്ല. വികസ്വര സമ്പദ്ഘടനയാണ് ഇന്ത്യയിലേതെന്നിരിക്കെ രാജ്യത്ത് സ്വര്‍ണത്തിന്റെ ഉപഭോഗം തുടര്‍ന്നും വര്‍ധിക്കുമെന്ന് ഗ്രബ് അഭിപ്രായപ്പെട്ടു. 2012 കലണ്ടര്‍ വര്‍ഷം ഇന്ത്യയിലും ചൈനയിലും വില്‍പന കുറഞ്ഞുവെങ്കിലും ആഗോളതലത്തില്‍ ഡിമാന്‍ഡ് വര്‍ധിക്കുകയാണുണ്ടായത്. 23,640 കോടി ഡോളറിന്റെ സ്വര്‍ണമാണ് ആഗോളതലത്തില്‍ വില്‍പ്പനയായത്. ഇതൊരു സര്‍വകാല റെക്കാഡാണ്. നാലാം ക്വാര്‍ട്ടറിലെ ആഗോള വില്‍പ്പന 6620 കോടി ഡോളറിന്റെതാണ് – മുന്‍ വര്‍ഷത്തേതിനേക്കാള്‍ 6 ശതമാനം വളര്‍ച്ച. കേന്ദ്ര ബേങ്കുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയത് ആഗോള ഡിമാന്‍ഡിന് ആക്കം കൂട്ടി. 534. 6 ടണ്‍ സ്വര്‍ണമാണ് വിവിധ കേന്ദ്ര ബേങ്കുകള്‍ വാങ്ങിയത്. 1964 ന് ശേഷം ഇത്രയധികം സ്വര്‍ണം കേന്ദ്ര ബേങ്കുകള്‍ വാങ്ങുന്നത് ഇതാദ്യമാണ്. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 17 ശതമാനം കൂടുതലുമാണിത്. നാലാം ത്രൈമാസത്തില്‍ 145 ടണ്ണാണ് കേന്ദ്ര ബേങ്കുകള്‍ വാങ്ങിയത്. മുന്‍ വര്‍ഷത്തേതിനേക്കാള്‍ 29 ശതമാനം കൂടുതലാണിത്. 2012 ല്‍ ഇ ടിഎഫ് നിക്ഷേപത്തിലും കുതിച്ചു കയറ്റമുണ്ടായി – 51 ശതമാനമായിരുന്നു വളര്‍ച്ച. പക്ഷെ നാലാം ക്വാര്‍ട്ടറില്‍ 16 ശതമാനം കുറഞ്ഞ് 88 ടണ്ണായി.