Articles
പെഗാസസ്: ഭയമാണ് മൗനത്തിന് പിന്നില്‍

പെഗാസസ് വിവാദങ്ങളില്‍ ഉത്തരം മുട്ടിയ ബി ജെ പി സര്‍ക്കാര്‍ പാര്‍ലിമെന്റിലേക്ക് പോലും ക്രിമിനലുകളെ കടത്തിവിട്ട് രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ വെല്ലുവിളിക്കുകയാണ്. വനിതാ എം പിമാര്‍ക്ക് നേരേ വരെ അക്രമണമഴിച്ചുവിട്ടുകൊണ്ട് ഇന്ത്യയെ സര്‍വയലന്‍സ് സ്‌റ്റേറ്റാക്കി മാറ്റുകയാണവര്‍. ചാരപ്രവര്‍ത്തനങ്ങളിലൂടെയും ഉപജാപക വൃന്ദങ്ങളിലൂടെയുമാണല്ലോ ഫാസിസ്റ്റുകള്‍ അധികാരം പിടിക്കുന്നതും നിലനിര്‍ത്തി പോരുന്നതും. ജനാധിപത്യത്തെയും പാര്‍ലിമെന്റിനെയും പരിഹാസ്യമാക്കുന്ന കലാപരിപാടിയാണല്ലോ ഫാസിസ്റ്റ് രാഷ്ട്രീയമെന്നതു തന്നെ. പെഗാസസില്‍ ഉയരുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരമില്ലാത്തത് സ്വന്തം പങ്ക് മറച്ചുവെക്കാനാകാത്ത വിധം അനാവരണം ചെയ്യപ്പെട്ടത് കൊണ്ടാണല്ലോ.
പെഗാസസ് വിഷയത്തില്‍ മോദി-ഷാ-ഡോവല്‍ ഉപജാപക സംഘത്തിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തി ഇന്ത്യയാകെ നിരീക്ഷണ വലയത്തിലാക്കി അധികാരത്തില്‍ കടിച്ചുതൂങ്ങാമെന്നാണ് ഇന്ത്യന്‍ ഫാസിസ്റ്റുകള്‍ വ്യാമോഹിക്കുന്നത്. ഇസ്‌റാഈല്‍ സംഘടനയായ എന്‍ എസ് ഒ വികസിപ്പിച്ചെടുത്ത പെഗാസസിനെ സംബന്ധിച്ച എല്ലാ ചോദ്യങ്ങളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒഴിഞ്ഞു മാറുകയാണ്. പെഗാസസ് എന്ന ചാര സോഫ്റ്റ് വെയറിനെ കുറിച്ചുള്ള ചോദ്യങ്ങളെയും ചര്‍ച്ചകളെയും എന്തുകൊണ്ടാണ് സര്‍ക്കാര്‍ ഭയപ്പെടുന്നത്? ജനാധിപത്യത്തിന്റെ സ്വഭാവവിശേഷവും സത്തയുമായിട്ടുള്ള വിയോജിപ്പിനെയും വിമര്‍ശത്തെയും ഫാസിസ്റ്റുകള്‍ക്ക് ഉള്‍ക്കൊള്ളാനാകില്ലെന്നറിയാം. എന്നാലും ഇന്ത്യയെന്ന രാജ്യത്തിന്റെ ജനാധിപത്യ സംവിധാനങ്ങളെ ധിക്കരിച്ചും അപ്രസക്തമാക്കിയും ഇനിയുമെത്ര കാലം ഫാസിസ്റ്റുകള്‍ക്ക് ദേശീയാധികാരത്തില്‍ തുടരാനാകുമെന്ന ചോദ്യം ജനാധിപത്യവാദികള്‍ ചോദിച്ചു കൊണ്ടേയിരിക്കേണ്ടതുണ്ട്.
ചോദ്യവും ചര്‍ച്ചയും കേന്ദ്ര സര്‍ക്കാറിനെ പെഗാസസ് വിഷയത്തില്‍ പ്രതിസ്ഥാനത്ത് നിര്‍ത്തുമെന്ന ഭയമാകാം പാര്‍ലിമെന്റിലെ പ്രതിപക്ഷ നീക്കങ്ങളെ തടയാനുള്ള ഗുണ്ടാ നടപടികളിലേക്ക് സര്‍ക്കാറിനെ നയിച്ചതെന്ന കാര്യത്തില്‍ സംശയമില്ല. പാര്‍ലിമെന്റിനെ ഫാസിസ്റ്റ് ബലപ്രയോഗങ്ങളുടെ വേദിയാക്കുകയാണ് മോദിയും അമിത് ഷായും ചെയ്തിരിക്കുന്നത്. സുരക്ഷക്ക് നിയോഗിതരായ മാര്‍ഷലുമാരുടെ വേഷത്തില്‍ പുറത്തു നിന്നുള്ള ക്രിമിനലുകളെ പാര്‍ലിമെന്റിലേക്ക് കടത്തിക്കൊണ്ടു വന്ന് എം പിമാരെ ആക്രമിക്കുന്നതടക്കമുള്ള സംഭവങ്ങള്‍ക്കാണ് കഴിഞ്ഞ ദിവസം രാജ്യസഭ സാക്ഷ്യം വഹിച്ചത്. ഇന്ത്യന്‍ പാര്‍ലിമെന്റിന്റെ മാത്രമല്ല ലോകത്തിന്റെ പാര്‍ലിമെന്ററി ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത വിധത്തിലുള്ള ഗുണ്ടാവിളയാട്ടമാണ് രാജ്യസഭയില്‍ നടന്നത്. എന്നിട്ട് എം പിമാര്‍ക്കെതിരെ മാര്‍ഷലുമാരെ കൊണ്ട് വ്യാജ പരാതി കൊടുപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. ജര്‍മന്‍ പാര്‍ലിമെന്റായ റീസ്റ്റാഗിന് തീ കൊടുത്ത് കമ്മ്യൂണിസ്റ്റുകാരാണ് പാര്‍ലിമെന്റിന് തീയിട്ടതെന്ന് കള്ളക്കേസുണ്ടാക്കിയ നാസികളുടെ ഇന്ത്യന്‍ അനുചരന്മാര്‍ രാജ്യം ഭരിക്കുമ്പോള്‍ ഇതൊക്കെ സംഭവിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ.
പെഗാസസ് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ എം പിമാരെ തല്ലിച്ചതക്കുന്നവര്‍ പാര്‍ലിമെന്ററി ജനാധിപത്യത്തിന് അപമാനവും ദേശസുരക്ഷയെയും പൗരന്മാരുടെ സ്വകാര്യതയെയും അപകടപ്പെടുത്തുന്ന രാജ്യദ്രോഹികളുമാണ്. ഒരു വിദേശ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് സ്വന്തം പൗരന്മാരുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്നവരെയും സ്വന്തം മന്ത്രിസഭയിലെ അംഗങ്ങളുടെ ഫോണ്‍ ചോര്‍ത്തുന്നവരെയും രാജ്യദ്രോഹികളെന്നല്ലാതെ മറ്റെന്താണ് വിളിക്കുക. രാജ്യത്തെ പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍ എന്നിവരുടെ ഫോണുകള്‍ ചോര്‍ത്തുകയും തങ്ങള്‍ക്കെതിരെ ചിന്തിക്കുകയും നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ബുദ്ധിജീവികളുടെയും ആക്ടിവിസ്റ്റുകളുടെയും ഫോണുകളിലേക്ക് ഈ മാല്‍വെയര്‍ ഉപയോഗിച്ച് വ്യാജരേഖകള്‍ കടത്തി കള്ളക്കേസുകളില്‍പ്പെടുത്തി വേട്ടയാടുകയും ചെയ്യുന്നവരെ ഒരാധുനിക ജനാധിപത്യ സമൂഹത്തിന് കുറ്റവാളികളായ ഉപജാപകരായിട്ടല്ലാതെ കാണാനാകുമോ.
എന്തുകൊണ്ടാണ് പെഗാസസ് ചാരവൃത്തി അന്വേഷിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ധൈര്യം കാണിക്കാത്തത് എന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുള്ളൂ. അനിഷേധ്യവും കുറ്റകരവുമായ തങ്ങളുടെ പങ്ക് പുറത്തുവരുമെന്ന ഭയം. പെഗാസസിന്റെ മാരകമായ ചാരവൃത്തിയെ ഒരു സാധാരണ രഹസ്യാന്വേഷണ പ്രവര്‍ത്തനം മാത്രമാക്കി ലഘൂകരിച്ച് അവതരിപ്പിക്കുകയാണ് ബി ജെ പി നേതാക്കള്‍. ഐ ടി ആക്ടും ടെലിഗ്രാം ആക്ടുമെല്ലാം സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് പൗരന്മാരെ നിരീക്ഷിക്കാന്‍ അനുമതി നല്‍കുന്നുണ്ടെന്നൊക്കെ ചാനലില്‍ ചര്‍ച്ചകളില്‍ ബി ജെ പി വക്താക്കള്‍ വാദിക്കുന്നുണ്ട്. പെഗാസസ് ഉപയോഗിച്ചുള്ള ചാരപ്രവര്‍ത്തനത്തെ രഹസ്യാന്വേഷണ പ്രവര്‍ത്തനമാണെന്ന ലളിത യുക്തിയില്‍ ന്യായീകരിക്കുകയാണവര്‍. പെഗാസസ് സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ചാരപ്രവര്‍ത്തനത്തെ അന്താരാഷ്ട്ര കുറ്റമായിട്ട് തന്നെയാണ് ആംനസ്റ്റി ഇന്റര്‍നാഷനല്‍ അടക്കമുള്ള മനുഷ്യാവകാശ സംഘടനകള്‍ കാണുന്നത്. നിയമവിരുദ്ധ പ്രവര്‍ത്തനമായത് കൊണ്ടാണല്ലോ ഇസ്‌റാഈല്‍ സര്‍ക്കാര്‍ പോലും പെഗാസസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ടെല്‍അവീവിലെ എന്‍ എസ് ഒ ഓഫീസില്‍ റെയ്ഡ് വരെ നടന്നു. ഫ്രാന്‍സ് സര്‍ക്കാറും ജര്‍മന്‍ സര്‍ക്കാറും ഹംഗറി സര്‍ക്കാറും അത്യന്തം ഗുരുതരമായ ഒന്നായികണ്ടാണ് പെഗാസസ് ഫോണ്‍ ചോര്‍ത്തലിനെ കുറിച്ച് അന്വേഷണമാരംഭിച്ചത്. ഈയൊരു അന്താരാഷ്ട്ര സാഹചര്യത്തിലാണ് ഇന്ത്യന്‍ സര്‍ക്കാറിന്റെ അന്വേഷണമില്ലായെന്ന നിലപാട് ലോക സമൂഹവും ഇന്ത്യയിലെ ജനാധിപത്യ ശക്തികളും സംശയത്തോടെ കാണുന്നത്.
എന്തുകൊണ്ട് ഇന്ത്യന്‍ സര്‍ക്കാര്‍ അന്വേഷണത്തിന് മടിക്കുന്നു. ഒരാളുടെ ഫോണ്‍ ചോര്‍ത്താന്‍ ആറ് കോടിയിലേറെ രൂപ ചെലവ് വരുന്ന പെഗാസസ് എന്ന സ്‌പൈവെയര്‍ മോദി സര്‍ക്കാറല്ലാതെ ഇന്ത്യയില്‍ മറ്റാരാണ് ഇത്രയും കൂടിയ വില കൊടുത്തു വാങ്ങാന്‍ തയ്യാറാകുക. എന്‍ എസ് ഒ തന്നെ വ്യക്തമാക്കിയിട്ടുള്ളത് സര്‍ക്കാറുകള്‍ക്കല്ലാതെ തങ്ങള്‍ മറ്റാര്‍ക്കും സോഫ്റ്റ് വെയര്‍ വിറ്റിട്ടില്ലായെന്നാണ്. അപ്പോള്‍ കാര്യം വ്യക്തമാണ്. പാര്‍ലിമെന്റിലെ ചര്‍ച്ചയും അന്വേഷണവുമെല്ലാം തങ്ങള്‍ക്ക് നേരേയാണ് നീങ്ങുകയെന്ന ഭയമാണ് കേന്ദ്ര സര്‍ക്കാറിനുള്ളത്. അതുകൊണ്ട് എല്ലാ അന്വേഷണങ്ങളില്‍ നിന്നും അവര്‍ക്ക് ഒഴിഞ്ഞു മാറേണ്ടി വരുന്നു.
രാജ്യവിരുദ്ധ ചാരശൃംഖലകളും വംശീയ കൂട്ടുകെട്ടുകളും വഴി ഇന്ത്യയെ കോര്‍പറേറ്റ് ഹിന്ദുത്വ രാഷ്ട്രമാക്കാനുള്ള അപരാധപൂര്‍ണമായ രാഷ്ട്രീയ അജന്‍ഡയിലാണ് പെഗാസസ് ചാരപ്രവര്‍ത്തനം ഉണ്ടായത്. എവിടെ നിന്നാവാം പെഗാസസിനായി പണം പമ്പ് ചെയ്തിട്ടുണ്ടാകുക എന്ന അന്വേഷണം അജിത് ഡോവലിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസിലേക്കാണ് നീളുക. 2016-17ല്‍ 33 കോടി രൂപ മാത്രമായിരുന്നു ബജറ്റില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ ഓഫീസിനായി വകയിരുത്തിയതെങ്കില്‍ പെഗാസസ് ചാരവൃത്തിയുടെ ഗതിയില്‍, 2017-18ല്‍ അത് 333 കോടിയായി വര്‍ധിച്ചു. 2018-19ല്‍ 800 കോടിയായും വര്‍ധിച്ചു.
പെഗാസസ് ചര്‍ച്ച ചെയ്യാനും നടപടി ആവശ്യപ്പെടാനുമുള്ള ഐ ടി പാര്‍ലിമെന്ററി സമിതിയുടെ നടപടികളെ ബി ജെ പി. എം പിമാര്‍ അലങ്കോലപ്പെടുത്തി പാര്‍ലിമെന്ററി സമിതികളെ പ്രഹസനമാക്കി മാറ്റുകയാണുണ്ടായത്. പാര്‍ലിമെന്ററി സമിതിയുടെ ജൂലൈ 28ന് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത 10 ബി ജെ പി. എം പിമാര്‍ ഹാജര്‍ ബുക്കില്‍ ഒപ്പിടാന്‍ തയ്യാറായില്ല. ക്വാറം തികയാതെ തീരുമാനമെടുക്കാന്‍ യോഗത്തിന് പറ്റാത്ത വിഷമസ്ഥിതി സൃഷ്ടിച്ച് പാര്‍ലിമെന്ററി സമിതിയെ അവഹേളിച്ചു. പെഗാസസ് ചാരവൃത്തിയുമായി ബന്ധപ്പെട്ട വിശദീകരണത്തിന് സമിതി വിളിച്ച് വരുത്താന്‍ നോട്ടീസ് അയച്ച മൂന്ന് മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥന്മാര്‍ സര്‍ക്കാര്‍ നിര്‍ദേശമനുസരിച്ച് ഹാജരായില്ല. ദേശസുരക്ഷയുമായും പൗരന്മാരുടെ സ്വകാര്യതാ സംരക്ഷണവുമായും ബന്ധപ്പെട്ട വിഷയങ്ങളില്‍ വിശദീകരണം നല്‍കാനുള്ള ഭരണഘടനാപരവും ധാര്‍മികവുമായ ബാധ്യതകളില്‍ നിന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിര്‍ബന്ധപൂര്‍വം പിന്തിരിപ്പിച്ചു.
പെഗാസസില്‍ തങ്ങളുടെ കുറ്റകരമായ പങ്കിനെ കുറിച്ച് വിചാരണ ചെയ്യപ്പെടുമോയെന്ന ഭയം കേന്ദ്ര സര്‍ക്കാറിനെ പ്രകോപനത്തിലേക്കും സ്വേച്ഛാധിപത്യ നടപടികളിലേക്കും എത്തിക്കുകയാണ്. അതാണ് രാജ്യസഭയിലെ സംഭവങ്ങളും ചര്‍ച്ചയും അന്വേഷണമില്ല എന്ന വാശിയും വെളിവാക്കുന്നത്.