Connect with us

Articles

അടഞ്ഞുകിടക്കുന്ന സ്‌കൂളുകള്‍ തുറക്കാതെ വയ്യ

Published

|

Last Updated

വിലപ്പെട്ട ഒന്നര വര്‍ഷക്കാലത്തെ അധ്യയനം നഷ്ടപ്പെട്ടു കഴിഞ്ഞു. ക്ലാസ്സ്മുറിയും പാരസ്പര്യവും ഒരുമയും നല്‍കുന്ന ആത്മവിശ്വാസം നഷ്ടപ്പെട്ടതിന്റെ ആഴം എത്രയെന്ന് അളന്നു തിട്ടപ്പെടുത്താന്‍ കഴിയില്ല. കുട്ടികള്‍ കനത്ത മാനസിക സമ്മര്‍ദത്തിലാണ്. വിഷാദത്തിലാണ്. ഒറ്റപ്പെടല്‍ കുട്ടികളില്‍ ഇതിനകം സൃഷ്ടിച്ച മാനസികാഘാതങ്ങളെക്കുറിച്ച് മനഃശാസ്ത്ര വിദഗ്ധരുടെ അടിയന്തര ശ്രദ്ധ പതിയേണ്ടതുണ്ട്. പരിഹാരം സ്‌കൂള്‍ തുറക്കലാണെന്ന് വിദ്യാഭ്യാസ ലോകം ഉറക്കെ വിളിച്ചു പറഞ്ഞു തുടങ്ങിയിരിക്കുന്നു.

കൊവിഡ് മഹാമാരി മനുഷ്യ സമൂഹത്തിന് മേല്‍ ഏല്‍പ്പിച്ച വലിയ നഷ്ടങ്ങളില്‍ ഒന്നാണ് അടഞ്ഞു കിടക്കുന്ന സ്‌കൂള്‍. കൊവിഡ് രോഗ ബാധയില്‍ നിന്ന് സമൂഹത്തെ രക്ഷിക്കാന്‍ മറ്റ് പോംവഴികളില്ലാതിരുന്ന ആദ്യ നാളുകളില്‍ സമ്പൂര്‍ണ ലോക്ക്ഡൗണിന്റെ കൂടെ വിദ്യാലയ വാതിലുകള്‍ കൂടി അടച്ചിട്ടു. വിദൂര വിദ്യാഭ്യാസമോ ഡിജിറ്റല്‍ മോഡിലുള്ള പഠനമോ പകരമേര്‍പ്പെടുത്തി. എന്നാല്‍, യഥാര്‍ഥ സ്‌കൂള്‍ വിദ്യാഭ്യാസം ഒരു ജൈവ പ്രക്രിയയാണ്. അധ്യാപകരും വിദ്യാര്‍ഥികളും സ്‌കൂള്‍ മുറ്റവും കളിക്കളവും എല്ലാം സമ്മേളിക്കുന്ന സമ്മോഹനമായ ഒരു പൊതുയിടമാണത്. സാമൂഹികവത്കരണം പിച്ചവെക്കുന്നത് ആ സ്‌കൂള്‍ അങ്കണങ്ങളിലാണ്. അവിടം കുട്ടികള്‍ക്ക് തിരികെ കൊടുക്കാതെ സമൂഹ നിര്‍മിതി അസാധ്യമായിരിക്കും.
ഡിജിറ്റല്‍ – ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ കയറി വിദ്യാഭ്യാസം നടത്താന്‍ ബദല്‍ സംവിധാനം പരീക്ഷിച്ചു നോക്കിയല്ലോ. എന്നിട്ടെന്തായി? മഹാ ഭൂരിപക്ഷത്തിനും അതിനുള്ള ഡിജിറ്റല്‍ സൗകര്യം ഇല്ലായെന്ന യാഥാര്‍ഥ്യം സമൂഹം തിരിച്ചറിഞ്ഞു. സ്വന്തമായി കമ്പ്യൂട്ടറോ മൊബൈല്‍ ഫോണോ ഇല്ലാത്ത ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ ഈ കേരളത്തില്‍ ഉണ്ട്. മൊബൈല്‍ ഫോണ്‍ ലഭ്യമായവര്‍ പോലും ഇന്റര്‍നെറ്റ് ഇല്ലാതെ കളരിക്ക് പുറത്താണ്.

ഇനി, ഇതെല്ലാം ലഭ്യമായ ചെറിയ ന്യൂനപക്ഷത്തിന് വിദ്യാഭ്യാസം നേടാനായോ എന്ന ചോദ്യവും പ്രധാനമാണ്. ടി വിയില്‍ ടീച്ചറുടെ ക്ലാസ്സ് എത്രയൊക്കെ കളറില്‍ കാട്ടിയാലും അതൊരു ടി വി പെര്‍ഫോമന്‍സ് മാത്രമേ ആകുന്നുള്ളൂ. അതിനെ ക്ലാസ്സ്മുറിയിലെ അധ്യാപനവുമായി തുലനം ചെയ്യാനാകില്ല. അതുകൊണ്ടാകണം ഡിജിറ്റല്‍ ക്ലാസ്സിലെ കുട്ടികള്‍ ക്രമേണ ഗൗരവം നഷ്ടപ്പെട്ടവരായി മാറുന്നതാണ് കണ്ടത്.

ഇളം പ്രായത്തില്‍ മൊബൈല്‍ ഫോണിന്റെ അടിമകളായി മാറിയതോടെ പലരും അപകടകരമായ ചതിക്കുഴികളില്‍ ചെന്ന് ചാടുന്നുവെന്നാണ് കണ്ടെത്തല്‍. ആത്മഹത്യാ പ്രവണത പോലും കുട്ടികളില്‍ കണ്ട് തുടങ്ങിയിരിക്കുന്നു. ചിലരെങ്കിലും, ഓണ്‍ലൈന്‍ ക്ലാസ്സുകളേക്കാള്‍ മൊബൈല്‍ ഗെയിമിംഗില്‍ വൈദഗ്ധ്യം നേടി അവയെ ആരാധിക്കുന്നവരായി മാറി. അത്തരം ഗെയിം അവരെ എവിടെ എത്തിക്കുമെന്ന് പറയേണ്ടതില്ലല്ലോ.
ദരിദ്ര പശ്ചാത്തലത്തില്‍ നിന്ന് വരുന്ന ലക്ഷക്കണക്കിന് വിദ്യാര്‍ഥികളെ സംബന്ധിച്ചിടത്തോളം അവര്‍ക്ക് മേല്‍പ്പറഞ്ഞ സാങ്കേതിക വിദ്യകളൊന്നും കാണാന്‍ പോലും അവസരം ലഭിച്ചവരല്ല. ഒന്നാം ക്ലാസ്സുകാരന്‍ ഇപ്പോഴും സ്‌കൂള്‍ എന്തെന്ന് അറിയാതെ കഴിയുകയാണ്.

നേരിയ പ്രതീക്ഷകള്‍
കൊവിഡ് വ്യാപന തോത് കുറയുന്ന മുറക്ക് സ്‌കൂളുകള്‍ പുനരാരംഭിക്കാമെന്ന പ്രതീക്ഷകള്‍ക്ക് ഇപ്പോള്‍ ജീവന്‍ വെച്ചു തുടങ്ങിയിട്ടുണ്ട്. തമിഴ്‌നാട്, കര്‍ണാടക, ഝാര്‍ഖണ്ഡ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളൊക്കെ സ്‌കൂള്‍ തുറക്കാനുള്ള നീക്കങ്ങളിലാണ്. ചില വികസിത വിദേശ രാജ്യങ്ങളില്‍ പ്രീ പ്രൈമറി, പ്രൈമറി ക്ലാസ്സുകള്‍ കൊവിഡ് പാരമ്യത്തിലും തുറന്നു പ്രവര്‍ത്തിച്ചിരുന്നു. അതിന് കാരണം, ചെറിയ കുട്ടികളെ കൊവിഡ് ബാധിക്കാനുള്ള സാധ്യത വളരെ കുറവാണെന്നതാണ്. ബാധിച്ചാലും അപകട സ്ഥിതി വരില്ല. താഴ്ന്ന ക്ലാസ്സിലെ കുട്ടികള്‍ക്ക് തന്നെയാണ് വിദ്യാഭ്യാസത്തില്‍ പ്രഥമ പരിഗണന നല്‍കേണ്ടത്.

കേരളത്തിലാകട്ടെ, സെക്കന്‍ഡറി, ഹയര്‍ സെക്കന്‍ഡറി ക്ലാസ്സുകളാണ് ആദ്യ ഘട്ടത്തില്‍ ഭാഗികമായി ആരംഭിക്കുന്നതിനെ കുറിച്ച് ചിന്തിക്കുന്നത്. പക്ഷേ, അതിന് വാക്സീന്‍ ഒരു മുന്നുപാധിയാണ്. വാക്സീന്റെ കാര്യത്തില്‍ മുന്‍ഗണന വിദ്യാര്‍ഥികള്‍ക്ക് നല്‍കണം. അങ്ങനെയെങ്കില്‍ വൈകാതെ മുതിര്‍ന്ന ക്ലാസ്സുകള്‍ തുടങ്ങാനാകും. എന്നാല്‍, പ്രാഥമിക വിദ്യാലയങ്ങള്‍ അതിന് മുമ്പ് തുറക്കാന്‍ കഴിയുമോയെന്ന് ആരോഗ്യ വകുപ്പിലെ വിദഗ്ധര്‍ ചിന്തിക്കണം. ലോകത്തെ അനുഭവങ്ങള്‍ മുന്നിലുണ്ടല്ലോ.

അലംഭാവം നല്ലതല്ല. മുന്‍ കരുതല്‍ വേണം. അതിനര്‍ഥം, കൊവിഡ് ഭീതി പരത്തണമെന്നല്ല. ഭരണകൂടങ്ങള്‍ കൊവിഡ് ഭീതി നിലനിര്‍ത്താന്‍ ശ്രമിക്കുകയാണ്. അതിന്റെ മറയില്‍ പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കാന്‍ ശ്രമിക്കുന്നു. ഔപചാരിക വിദ്യാഭ്യാസത്തെ അവഗണിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, സാധാരണ വിദ്യാലയങ്ങള്‍ തുറക്കുന്നത് വൈകിപ്പിക്കും. സമ്പന്നരോ അതിസമ്പന്നരോ മറ്റ് വഴികളിലൂടെ വിദ്യാഭ്യാസം നേടിയേക്കാം. നഷ്ടം സാധാരണക്കാരുടെ കുട്ടികള്‍ക്കാണ്. അതുകൊണ്ട് മുന്‍ഗണന തീരുമാനിക്കണം. വാക്സീന്‍ ക്ഷാമം ഒരു പ്രശ്‌നമായി അവതരിപ്പിക്കുന്ന ഭരണാധികാരികള്‍ വാക്സീന്‍ മറ്റ് രാജ്യങ്ങളില്‍ നിന്ന് വില കൊടുത്തു വാങ്ങിയാണെങ്കിലും ജനങ്ങളുടെ പ്രതിരോധ ശേഷി വളര്‍ത്താന്‍ യഥാസമയം നടപടികള്‍ കൈക്കൊള്ളാതെ തരമില്ല.

കേരളം സുരക്ഷിത മേഖലയാകണമെങ്കില്‍ 70 ശതമാനം പേര്‍ക്കെങ്കിലും വാക്സീനേഷന്‍ പൂര്‍ത്തിയാക്കണം. വാക്സീന്‍ മഹാ യജ്ഞമായി നടത്തുകയും മുന്‍ഗണന വിദ്യാര്‍ഥികള്‍ക്ക് നല്‍കുകയും ചെയ്താല്‍ വൈകാതെ സ്‌കൂളും കോളജും തുറക്കാന്‍ നമുക്ക് കഴിയും.

കുട്ടികള്‍ നേരിടുന്ന മാനസിക പ്രതിസന്ധികള്‍ക്ക് ഏതെങ്കിലും അളവില്‍ പരിഹാരം കണ്ടെത്താന്‍ സ്‌കൂളുകള്‍ക്ക് കഴിയും. സൗഹൃദങ്ങള്‍ വീണ്ടെടുക്കാന്‍ കഴിയുന്നത് തന്നെ വിദ്യാര്‍ഥികളെ സംബന്ധിച്ച് ആശ്വാസത്തിന്റെ ഒരു തുരുത്തായിരിക്കും സമ്മാനിക്കുക. അപ്പോള്‍, പ്രശ്‌ന പരിഹാര നിര്‍ദേശങ്ങളെ ക്രോഡീകരിക്കാം. എത്രയും വേഗം വിദ്യാലയങ്ങള്‍ തുറക്കാനാവശ്യമായ ഭൗതിക പശ്ചാത്തലം ഒരുക്കിയെടുക്കണം. സ്‌കൂളുകളെ വാക്സീനേഷന്‍ കേന്ദ്രങ്ങളാക്കി മാറ്റണം. കഴിയുന്നത്ര വേഗത്തില്‍ വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും വാക്സീന്‍ നല്‍കാനുള്ള മുന്‍ഗണനാക്രമം നിശ്ചയിക്കുകയും വേണം. പഴയ പഠന ദിനങ്ങളിലേക്ക് നമുക്ക് മടങ്ങാം. ഔപചാരിക സ്‌കൂള്‍ വിദ്യാഭ്യാസത്തിലൂടെ, സാമൂഹികവത്കരണമെന്ന ദൗത്യം നേടിയെടുക്കാം.

Latest