Connect with us

Editors Pick

ജനസംഖ്യാ നിയന്ത്രണം: ആദിവാസി സമൂഹം വംശഹത്യയുടെ വക്കില്‍

Published

|

Last Updated

പത്തനംതിട്ട ജില്ലയിലെ മലമ്പണ്ടാര വിഭാഗത്തിലെ യുവതി ശബരിമല പാതയ്ക്ക് സമീപം ളാഹ മഞ്ഞത്തോട്ടില്‍ ജൂണ്‍ ഏഴിന് വനത്തിനുള്ളില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കിയപ്പോള്‍

പത്തനംതിട്ട | ഇന്ന് ലോക ആദിവാസി ദിനം. എല്ലാ വര്‍ഷവും ആഗസ്റ്റ് ഒമ്പതാം തീയതി ലോക ആദിവാസി ദിനമായി ആചരിക്കപ്പെടുന്നു.(International Day of the World”s Indigenous Peoples). ആദിവാസികളുടെ തനത് സംസ്‌കാരം സംരക്ഷിക്കുന്നതിനും പൗരാവകാശത്തെപ്പറ്റി ആദിവാസികളെ ബോധവാന്മാരാക്കുന്നതിനും വേണ്ടിയാണ് ഐക്യരാഷ്ട്രസഭ ദിനാചരണം സംഘടിപ്പിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലി 1994ലെ പ്രഖ്യാപനത്തോടെയാണ് ലോക ആദിവാസി ദിനം നിലവില്‍ വന്നത്.  ആദിവാസി ജനങ്ങളെ മനസ്സിലാക്കാനും അവരുടെ പ്രശനങ്ങളെ അറിയാനും ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നതടക്കമുള്ള പ്രചരണ പരിപാടികള്‍ ഈ ദിനത്തോടനുബന്ധിച്ച് നടത്തപ്പെടുന്നു. മനുഷ്യനായിട്ട് ജീവിക്കുവാനുള്ള അവസരം നിരന്തരം നിഷേധിക്കപ്പെടുന്നവരാണ് കേരളത്തിലെയും ആദിവാസി വിഭാഗം. അതുകൊണ്ടു ജനസംഖ്യാ വര്‍ധന ആവശ്യപ്പെടാന്‍ അര്‍ഹതയുള്ള ഏക വിഭാഗം ആദിവാസി സമൂഹമാണ്. ഇന്ന് കേരളത്തിലെ ആദിവാസി സമൂഹം ഇപ്പോള്‍ വംശഹത്യയുടെ വക്കിലാണ്. ഒരു കാലത്ത് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകര്‍ ഇടപ്പെട്ട് ആദിവാസി സമൂഹത്തിനിടയില്‍ വന്ധ്യകരണം നടത്തിയിട്ടുണ്ട്. പ്രസവം അവസാനിപ്പിക്കുവാനായി അവര്‍ക്ക് ഇന്‍സെന്റീവ്‌സും കൊടുത്തിരുന്നു.

സ്വന്തമായി പാര്‍പ്പിടമില്ലാത്ത ആദിവാസികളുടെ പ്രശ്‌നം പരിഹരിക്കാന്‍ നടത്തിയ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന പദ്ധതികള്‍ വേണ്ടവിധത്തില്‍ പ്രയോജനം കണ്ടില്ലെന്ന് ചൂണ്ടിക്കാട്ടുന്നതാണ് ഇവരുടെ ജീവിതം. ആദിവാസി ക്ഷേമത്തിനായി കോടികള്‍ ചെലവഴിക്കുമ്പോഴും സര്‍ക്കാര്‍ കണക്കുപ്രകാരം ഇരുപതിനായിരത്തില്‍ അധികം ആദിവാസികള്‍ ഇപ്പോഴും വീടില്ലാത്തവരാണ്. ആദിവാസി കുടുംബങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ പട്ടികവര്‍ഗ വികസന വകുപ്പ് ആവിഷ്‌കരിച്ച ഭവന പദ്ധതികളില്‍ ഏറെയും പാഴാവുകയും ചെയ്തു. ഭവനരഹിതരായ മുഴുവന്‍ ആദിവാസികള്‍ക്കും വീട് നല്‍കുകയെന്ന ലക്ഷ്യത്തോടെ ആവിഷ്‌കരിച്ച ആശിക്കും ഭൂമി ആദിവാസിക്ക് പദ്ധതി പൂര്‍ത്തീകരിക്കേണ്ട സമയം കഴിഞ്ഞിട്ടും ഇരുപതിനായിരത്തിലധികം പേര്‍ ഭവനരഹിതരാണെന്ന കണ്ടെത്തലാണ് സര്‍ക്കാര്‍ തലത്തില്‍ വീണ്ടും ചര്‍ച്ചയായത്. പട്ടികവര്‍ഗ വികസന വകുപ്പ് മുഖേനയുള്ള ജനറല്‍ ഹൗസിങ് സ്‌കീം, ഹഡ്‌കോ ഭവന നിര്‍മാണ പദ്ധതി, എ ടി എസ് പി ഭവനനിര്‍മാണ പദ്ധതി, ഗ്രാമവികസന വകുപ്പിന്റെ ഇന്ദിരാ ആവാസ് യോജന പദ്ധതി എന്നിവയെല്ലാം മുഖാന്തരമാണ് സംസ്ഥാനത്തെ ആദിവാസികള്‍ക്ക് പാര്‍പ്പിട നിര്‍മാണത്തിനുള്ള സഹായം ലഭ്യമാക്കിയിരുന്നത്.

ലോകത്ത് ഏകദേശം 476 ദശലക്ഷം ആദിവാസികളുണ്ടെന്നാണ് കണക്ക്. 90 രാജ്യങ്ങളിലായി ജീവിക്കുന്ന ഇവര്‍ ലോക ജനസഖ്യയുടെ 6.2 ശതമാനത്തോളം വരും. എണ്ണത്തില്‍ ആഫ്രിക്കയാണ് മുന്നില്‍. അടുത്ത സ്ഥാനം ഇന്ത്യക്കാണ്. അവസാനം നടത്തിയ സെന്‍സസ് പ്രകാരം ഇന്ത്യില്‍ 10.42 കോടിയോളം ആദിവാസികളുണ്ട്. കേരളത്തിലെ ആദിവാസി വിഭാഗങ്ങള്‍ ഏകദേശം നാലര ലക്ഷം പേര്‍ വരും. അതായത് കേരളത്തിലെ ജനസംഖ്യയുടെ ഏകദേശം 1.5 ശതമാനം. ഇവരില്‍ ഇനിയും മേല്‍വിലാസമില്ലാതെ വനത്തിനുള്ളില്‍ നാടോടികളായി കഴിയുന്നവരാണ് പത്തനംതിട്ട ജില്ലയിലെ വനവാസികളായ മലമ്പണ്ടാരങ്ങള്‍. 97 കുടുംബങ്ങളിലായി 345 പേരോളം വരും ശബരിമല കാടുകളില്‍ അലഞ്ഞുതിരിഞ്ഞു ജീവിക്കുന്ന ഇവരുടെ ജനസഖ്യ. തനതായ സംസ്‌കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും ഭാഷകളുടെയും വിജ്ഞാന സമ്പ്രദായങ്ങളുടെയും വൈവിധ്യമാര്‍ന്ന ഉടമകളാണ് ആദിവാസികള്‍.

Latest